Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 3:14 PM IST Updated On
date_range 31 July 2017 3:14 PM ISTആലപ്പുഴ ലൈവ് ടൂറിസം മേഖലക്ക് കനത്ത തിരിച്ചടി
text_fieldsbookmark_border
ചരക്ക് സേവന നികുതിമൂലം ഏറ്റവും കൂടുതൽ പ്രത്യാഘാതം ടൂറിസം മേഖലയിലാണ്. ഹോം സ്റ്റേ, റിസോർട്ടുകൾ, ടൂറിസം ഹെറിറ്റേജ് സെൻററുകൾ, ഹൗസ്ബോട്ടുകൾ എന്നിങ്ങനെ നീളുന്നു ടൂറിസം മേഖലയിലെ തൊഴിൽ സംരംഭങ്ങൾ. ഹോട്ടൽ ഭക്ഷണത്തിെൻറ വില കൂടിയതോടെ ഹോംസ്റ്റേകളുടെ നടത്തിപ്പ് ചെലവേറി. പല ഹോം സ്റ്റേകൾക്കും ഇതോടെ താഴുവീണു. അതേസമയം, വൻകിട ഹോട്ടലുകളെ ജി.എസ്.ടി കാര്യമായി ബാധിച്ചിട്ടില്ല. ആലപ്പുഴ നഗരത്തിലെ ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകളിൽ ഇപ്പോഴും വൻ തിരക്കാണ്. ചില സമയങ്ങളിൽ മുറികൾ കിട്ടാത്ത സ്ഥിതിയുണ്ട്. ജി.എസ്.ടിയുടെ മറവിൽ പല കള്ളത്തരങ്ങളും ഇവിടെ നടക്കുന്നുണ്ട്. ചരക്ക് സേവന നികുതി എന്താണെന്ന് അറിയാത്ത വിദേശ ടൂറിസ്റ്റുകളെ ഉയർന്ന വാടക ഈടാക്കി പിഴിയുന്നത് പതിവായിട്ടുണ്ട്. സ്വദേശികളും ഇത്തരം ചൂഷണത്തിന് ഇരയാകുന്നുണ്ട്. ജി.എസ്.ടി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഹൗസ്ബോട്ട് മേഖലയെ ആണ്. കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന ഹൗസ്ബോട്ട് രംഗം പ്രതാപകാലത്തേക്ക് തിരിച്ചുവരവ് കൊതിക്കുന്നതിനിെടയാണ് ചരക്ക് സേവന നികുതിയുടെ വരവ്. ആലപ്പുഴയുടെ വികസനത്തിൽ വാണിജ്യ-വ്യവസായ മേഖലകളെപോലെതന്നെ ഒരിക്കലും മാറ്റിനിർത്താൻ കഴിയാത്ത ഒന്നാണ് ടൂറിസം. ഇടനിലക്കാരുടെ കടുത്ത കിടമത്സരം, കറൻസി പിൻവലിക്കൽ, പകർച്ചപ്പനി, പക്ഷിപ്പനി തുടങ്ങിയ കാരണത്താൽ വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതിനിെടയാണ് പുതിയ വെല്ലുവിളി. ടൂറിസത്തിെൻറ നട്ടെല്ലായി വർത്തിക്കുന്ന ഹൗസ്ബോട്ട് വ്യവസായം മാന്ദ്യാവസ്ഥയിലാണ്. 10 ശതമാനംപോലും ലാഭമില്ലാത്ത മേഖലയായി കായൽ ടൂറിസം മാറിക്കഴിഞ്ഞു. മാറി മാറി ടൂറിസം സീസണുകൾ കടന്നുവെന്നങ്കിലും നിലക്ക് മാറ്റമില്ല. നിലവിൽ ചരക്ക് സേവന നികുതി പട്ടികയിൽ ഹൗസ്ബോട്ടുകൾ ഇടംപിടിച്ചിട്ടില്ല. എന്നിട്ടും ജി.എസ്.ടി പശ്ചാത്തലത്തിൽ നികുതി 18 ശതമാനത്തിലേക്ക് ഉയർന്ന അവസ്ഥയെ ആശങ്കയോടെയാണ് ഹൗസ് ബോട്ട് ടൂറിസം രംഗം നോക്കിക്കാണുന്നത്. ഇത് ഹൗസ്ബോട്ട് ടൂറിസത്തെ മുച്ചൂടും തകർക്കുമെന്നാണ് കരുതുന്നത്. നികുതി കൂടിയാൽ നിരക്കും കുത്തനെ ഉയർത്താൻ ഉടമകൾ നിർബന്ധിതരാകുമെന്ന് കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ജോസുകുട്ടി ജോസഫ് പറഞ്ഞു. ജില്ലയിൽ 1500 ഹൗസ്ബോട്ടും 300 ശിക്കാരി വള്ളങ്ങളുമാണുള്ളത്. ജി.എസ്.ടിയിൽ മുന്തിയ ഹോട്ടലുകളിലെ നികുതി 14 ശതമാനത്തിൽനിന്ന് 18 ശതമാനത്തിലേക്കും എ.സി ഹോട്ടലുകളുടെ നികുതി 14.5 ശതമാനത്തിൽനിന്ന് 28 ശതമാനത്തിലേക്കും ഉയർന്നു. അതിെൻറ അടിസ്ഥാനത്തിലാണ് ഹൗസ്ബോട്ട് ടൂറിസത്തിനും നികുതി ഉയർന്നത്. ഇത് ഒരിക്കലും നൽകാൻ കഴിയില്ലെന്നും തങ്ങളെ ടൂർ ഓപറേറ്റർ വിഭാഗത്തിൽപെടുത്തണമെന്ന ആവശ്യമാണ് ഉടമകൾ സർക്കാറിനോട് ഉന്നയിക്കുന്നത്. ടൂർ ഓപറേറ്റർ വിഭാഗങ്ങൾക്ക് അഞ്ചുശതമാനമാണ് ചരക്ക് സേവന നികുതിയായി കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഹൗസ്ബോട്ട് ഉടമകൾ പിടിവള്ളിയായി കാണുന്നത് ഇതാണ്. മഴക്കാല ടൂറിസം സീസൺ ആഗതമായിട്ടും 20 ശതമാനം ഹൗസ്ബോട്ടുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. രജിസ്ട്രേഷൻ, ലൈസൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, മെയിൻറനൻസ് ഇനങ്ങളിൽ ലക്ഷങ്ങളാണ് ഓരോ ഹൗസ്ബോട്ടിനും പ്രതിവർഷം ചെലവാകുന്നത്. ഇതിെൻറയൊപ്പം അമിത നികുതിഭാരവും വഹിക്കേണ്ടിവന്നാൽ വ്യവസായത്തിന് അധികനാൾ ആയുസ്സ് ഉണ്ടാവില്ലെന്നാണ് ഉടമകൾ പറയുന്നത്. വള്ളംകളിക്കാലം ആഗതമായതോടെ തൽക്കാലത്തേക്ക് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നാണ് അസോസിയേഷൻ കണക്കുകൂട്ടുന്നത്. അതേസമയം, ജി.എസ്.ടി പ്രശ്നം വീണ്ടും സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയതായി ജോസുകുട്ടി ജോസഫ് വ്യക്തമാക്കി. ജി.എസ്.ടി നിർവഹണാവസ്ഥയിൽ ആയതിനാൽ മൂന്നുമാസത്തിനകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന ധനമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ അർപ്പിച്ച് കാത്തിരിക്കുകയാണ് ഇൗ മേഖലയിൽ പണം മുടക്കിയവർ. പ്രതിസന്ധി മറികടക്കാനൊരുങ്ങി സ്വർണവ്യാപാര മേഖല നോട്ട് നിരോധന പ്രതിസന്ധിയിൽനിന്ന് കഷ്ടിച്ച് കടന്നുകയറുന്നതിനിടെ ജി.എസ്.ടികൂടി വന്നത് സ്വർണവ്യാപാര രംഗത്തും പ്രതിസന്ധി സൃഷ്ടിച്ചു. തുടക്കത്തിൽ 30 ശതമാനം വരെ ഇടിവുണ്ടായിരുന്ന കച്ചവടം ക്രമേണയായി തിരികെവരുന്നത് പ്രതീക്ഷ നൽകുന്നുണ്ട്. നോട്ടുനിരോധനവും ജി.എസ്.ടിയുടെ ഭാഗമായ നികുതി വർധനയും ചെറുകിട കച്ചവടക്കാരെയാണ് പ്രധാനമായും ബാധിച്ചത്. വൻകിട സ്ഥാപനങ്ങളുടെ കടന്നുവരവിൽ നന്നേ പ്രയാസപ്പെടുകയായിരുന്ന ചെറുകിട സ്ഥാപനങ്ങൾ പുതിയ സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുകയാണ്. ഇടപാടുകൾ പൂർണമായും ബാങ്ക് മുഖാന്തരമായത് കച്ചവടം കുറയുന്നതിന് കാരണമായി. കരുതൽ നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങി സൂക്ഷിച്ചിരുന്നതും ഇല്ലാതാവുകയാണ്. കൂടാതെ, റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ ഇടിവും സ്വർണവ്യാപാര മേഖലയെ ബാധിച്ചു. ഇത്തരം പ്രതിസന്ധികൾക്കിടെയാണ് ജി.എസ്.ടി കടന്നുവന്നത്. നിയമങ്ങളെല്ലാം ചെറുകിട സ്ഥാപനങ്ങളെയാണ് ബാധിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു. എന്നാൽ, ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള ജ്വല്ലേഴ്സ് അസോസിയേഷൻ സംസ്ഥാന കോഒാഡിനേറ്റർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story