Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 4:54 PM IST Updated On
date_range 26 July 2017 4:54 PM ISTനോക്കുകൂലി ചോദിച്ച് വീടുകയറി മർദനം; തൊഴിൽ വകുപ്പും അന്വേഷണം ആരംഭിച്ചു
text_fieldsbookmark_border
ആലപ്പുഴ: നോക്കുകൂലി ചോദിച്ചെത്തിയ തൊഴിലാളികൾ വീട്ടിൽ കയറി സഹോദരങ്ങളെ മർദിച്ച സംഭവത്തിൽ തൊഴിൽ വകുപ്പും അന്വേഷണം ആരംഭിച്ചു. മർദനമേറ്റവർ ചൊവ്വാഴ്ച ലേബർ ഓഫിസിൽ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ഒരു ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് ജില്ല ലേബർ ഓഫിസർ ഹരികുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. അന്വേഷണ ഭാഗമായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽനിന്ന് വ്യക്തമായിട്ടുണ്ട്. തത്തംപള്ളി ഗ്രേസ് ഭവനത്തിൽ ശെൽവ സിങ്, സഹോദരൻ ക്രിസ്റ്റഫർ ദേവസിങ് എന്നിവരെയാണ് തിങ്കളാഴ്ച നോക്കുകൂലിയുടെ പേരിൽ ചുമട്ടുതൊഴിലാളികൾ കൈയേറ്റം ചെയ്തത്. ഡി.ജി.പിയുടെ നിർേദശത്തെ തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസും അന്വേഷണം ആരംഭിച്ചിരുന്നു. ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചുമട്ടുതൊഴിലാളി നിയമം പാലിക്കാതെയാണ് ജില്ലയിലെ മിക്ക തൊഴിലാളി യൂനിയനും പ്രവർത്തിക്കുന്നതെന്ന് തൊഴിൽവകുപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ നോക്കുകൂലിയുടെ പേരിലാണ് കൂടുതലും നിയമ ലംഘനങ്ങൾ നടക്കുന്നത്. ഒരുഭാഗത്ത് സർക്കാറും ജനങ്ങളും എതിർക്കുന്ന നോക്കുകൂലി സമ്പ്രദായം മാറ്റാൻ കഴിയില്ലെന്നാണ് ചുമട്ടുതൊഴിലാളി യൂനിയനുകളുടെ നിലപാട്. നോക്കുകൂലി നിർബന്ധമാണെന്ന ചുമട്ടുതൊഴിലാളികളുടെ നയത്തിനെതിരെ മന്ത്രി ജി. സുധാകരൻപോലും ആക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. നോക്കുകൂലി അളിഞ്ഞ സംസ്കാരമാണെന്ന് പരിഹസിക്കുകയും ആദ്യം മാധ്യമങ്ങളെ അത് റിപ്പോർട്ട് ചെയ്തതിന് ശ്ലാഘിക്കുകയും ചെയ്ത അദ്ദേഹം, പിറ്റേന്ന് മാധ്യമങ്ങളെ പരസ്യമായി വിമർശിക്കുകയും ചെയ്തു. നിലവിൽ ആലപ്പുഴ ജില്ലയിൽ മാത്രമാണ് നോക്കുകൂലിപ്രശ്നം രൂക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story