Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 9:15 AM GMT Updated On
date_range 25 July 2017 9:15 AM GMTമൃതദേഹം നാട്ടിലെത്തിക്കാൻ 48 മണിക്കൂർ മുമ്പ് അറിയിക്കണമെന്ന സർക്കുലറിന് സ്റ്റേ
text_fieldsbookmark_border
കൊച്ചി: പ്രവാസികളുടെ മൃതദേഹം വിമാനത്താവളങ്ങൾ വഴി നാട്ടിലെത്തിക്കാൻ 48 മണിക്കൂർ മുേമ്പ രേഖകൾ നൽകി അനുമതി തേടണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ സര്‍ക്കുലര്‍ ഹൈകോടതി സ്‌റ്റേ ചെയ്തു. ഗൾഫ് രാജ്യങ്ങളിൽനിന്ന് മൃതദേഹവും ചിതാഭസ്മവും കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അബൂദബിയിലെ യൂനിവേഴ്‌സല്‍ ആശുപത്രി മാനേജര്‍ ഹനില്‍ സജ്ജാദ് സമര്‍പ്പിച്ച ഹരജിയിലാണ് സ്റ്റേ. നിബന്ധനകൾ അടങ്ങുന്ന വിജ്ഞാപനം വിദേശത്ത് മരിച്ച ഇന്ത്യൻ പൗരനെ ഒരു അപകട വസ്തുവായാണ് കണക്കാക്കുന്നതെന്നും ഇത് ബന്ധുമിത്രാദികളെ വേദനിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. കോഴിക്കോട് വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കുന്നതിന് രണ്ടുദിവസം മുമ്പ് മരണസർട്ടിഫിക്കറ്റ് ഉൾപ്പെടെ നാലു സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന് കരിപ്പൂരിലെ ഹെൽത്ത് ഇൻസ്പെക്ടർ പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നു. എംബാമിങ് സർട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയിൽനിന്നുള്ള നിരാക്ഷേപ പത്രം (എൻ.ഒ.സി), റദ്ദാക്കിയ പാസ്പോർട്ടിെൻറ പകർപ്പ് എന്നിവയാണ് ഹാജരാക്കേണ്ട മറ്റുരേഖകൾ. മൃതദേഹം കൊണ്ടുവരുേമ്പാഴും കൂടെയുള്ളവർ ഇവ ഹാജരാക്കണം. മരിച്ച പൗരനെ അന്തസ്സോടെ സംസ്കരിക്കുകയെന്ന ഭരണഘടനാപരമായ അവകാശം ഹനിക്കുന്നതാണ് നിർദേശമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 1954ലെ എയര്‍പോര്‍ട്ട് (പബ്ലിക് ഹെല്‍ത്ത്) 43ാം ചട്ടത്തിന് അനുസൃതമായാണ് പുതിയ സര്‍ക്കുലറെന്നും കോടതി ഇടപെടരുതെന്നുമായിരുന്നു കേന്ദ്ര സർക്കാറിെൻറ വാദം. മൃതദേഹം നാട്ടില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പുതിയനിയമം കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. കരട് നിയമപ്രകാരം മൃതദേഹം കൊണ്ടുവരുന്ന കാര്യം 12 മണിക്കൂര്‍ മുമ്പ് അറിയിച്ചാല്‍ മതിയാവുമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പക്ഷെ, നിയമം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്ന് നിരീക്ഷിച്ച േകാടതി, 48 മണിക്കൂര്‍ മുമ്പ് അറിയിക്കണമെന്ന സര്‍ക്കുലറിലെ ഭാഗം സ്റ്റേ ചെയ്യുകയായിരുന്നു. മൃതദേഹം കൊണ്ടുവരുന്നത് 12 മണിക്കൂര്‍ മുമ്പ് അറിയിച്ചാല്‍ മതിയെന്ന് കരട് നിയമത്തിൽ വ്യവസ്ഥയുണ്ട്. കേസ് തീര്‍പ്പാക്കുന്നത് വരെ ഇൗ വ്യവസ്ഥ നടപ്പാക്കാം. കേന്ദ്ര ആരോഗ്യമന്ത്രാലയം, കോഴിക്കോട് വിമാനത്താവളം ഹെല്‍ത്ത് ഓഫിസർ, ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസ് എന്നീ എതിർകക്ഷികളോട് കോടതി വിശദീകരണവും തേടി.
Next Story