Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 2:55 PM IST Updated On
date_range 22 July 2017 2:55 PM ISTനോക്കുകൂലി അളിഞ്ഞ സംസ്കാരം ^മന്ത്രി ജി.സുധാകരൻ
text_fieldsbookmark_border
നോക്കുകൂലി അളിഞ്ഞ സംസ്കാരം -മന്ത്രി ജി.സുധാകരൻ ആലപ്പുഴ: നോക്കുകൂലിയുടെ പേരിൽ ആലപ്പുഴയിൽ റോഡ് പണി തടഞ്ഞ സംഭവത്തിൽ പൊട്ടിത്തെറിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. എ.െഎ.ടി.യു.സി നേതൃത്വം നൽകുന്ന യൂനിയൻ നോക്ക് കൂലി ആവശ്യപ്പെട്ട് രംഗത്ത് വന്നതിനെ തുടർന്ന് എസ്.ഡി കോളജിന് മുന്നിലെ നടപ്പാതയിൽ തറയോട് വിരിക്കുന്ന പണി നിർത്തി വെച്ചിരുന്നു. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. വികസന പ്രവർത്തനങ്ങൾ തടഞ്ഞാൽ പൊതുമരാമത്ത് വകുപ്പ് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കും. ജില്ല പഞ്ചായത്തിൽ നടന്ന കൃഷിയന്ത്രങ്ങളുടെ വിതരണച്ചടങ്ങിൽ സംസാരിക്കവെ ജി.സുധാകരൻ പറഞ്ഞു. കൂടെ നിന്നിട്ട് കുത്തുന്ന നടപടി ശരിയല്ല. ശരിയല്ലയെന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് പറയുന്നത്. നോക്കുകൂലിയുടെ പേരിൽ റോഡ് പണി തടഞ്ഞത് സംബന്ധിച്ച് നഗരസഭയും ജില്ല പഞ്ചായത്തും എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും മന്ത്രി ചോദിച്ചു. പാർട്ടി നേതൃത്വം അറിയാതെ മൂന്ന് നാലുപേർ കാണിക്കുന്ന നോക്കുകൂലി പ്രശ്നം ആ പാർട്ടിക്ക് തന്നെ നാണക്കേടാണ്. ആർക്കും വേണ്ടാത്ത റോഡുപണി അവിടെ കിടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നോക്കുകൂലി അളിഞ്ഞ സംസ്കാരമാണ്. ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലാണ് ഈ രീതി കൂടുതലായുള്ളത്. നോക്കുകൂലി നിയന്ത്രിക്കാൻ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ഉണർന്ന് പ്രവർത്തിക്കണമെന്ന് പിന്നീട് ടൗൺ ഹാളിൽ മാലിന്യ സംസ്കരണ യഞ്ജത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. ഇതിനെതിരെ താൻ മാത്രം പ്രതികരിച്ചിട്ട് കാര്യമില്ല. പരസ്യമായി എതിർത്തില്ലെങ്കിലും നേതാക്കൾ നോക്കുകൂലിക്കാരെ രഹസ്യമായെങ്കിലും എതിർക്കണം. സി.പി.െഎ ജില്ല സെക്രട്ടറി ടി.ജെ ആഞ്ചലോസ് നോക്കുകൂലിയുടെ കാര്യത്തിൽ പരാതി ലഭിച്ചില്ലെന്ന് പറയുമ്പോൾ ട്രേഡ് യൂനിയൻ സെക്രട്ടറി പരാതി കിട്ടിയെന്നാണ് പറയുന്നത്. നാട്ടിലുണ്ടാകുന്ന നല്ല വികസനങ്ങളും, ജനങ്ങൾക്ക് നല്ലരീതിയിലുള്ള സഞ്ചാരസ്വാതന്ത്ര്യവുമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. മാധ്യമങ്ങൾ ഇത്തരം സംഭവങ്ങൾ പുറത്ത് കൊണ്ടുവന്നത് പ്രശംസനീയമാണെന്നും അതിൽ നന്ദിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, കാര്യങ്ങൾ മനസ്സിലാക്കാതെയാണ് മന്ത്രിയുടെ പ്രതികരണമെന്നും മന്ത്രി പദവി എന്തും പറയാനുള്ള ലൈസൻസ് അല്ലെന്നും പൊതുമരാമത്ത് ലാൻഡിങ് ആൻഡ് ലോഡിങ്ങ് തൊഴിലാളി യൂനിയൻ(എ.െഎ.ടി.യു.സി) പത്രക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story