Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 2:53 PM IST Updated On
date_range 22 July 2017 2:53 PM ISTനോക്കുകൂലി പ്രശ്നം; ബസ്ബേ നിർമാണപ്രവർത്തനം പുനരാരംഭിച്ചു
text_fieldsbookmark_border
ആലപ്പുഴ: നോക്കുകൂലി തർക്കത്തെ തുടർന്ന് മുടങ്ങിയ ചങ്ങനാശ്ശേരി മുക്കിലെ ബസ്ബേ നിർമാണപ്രവർത്തനങ്ങൾ പൊലീസ് സംരക്ഷണത്തോടെ വെള്ളിയാഴ്ച പുനരാരംഭിച്ചു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരെൻറ പ്രത്യേക താൽപര്യപ്രകാരമായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. ഇതാണ് നോക്കുകൂലിയിൽ കുരുങ്ങിയത്. ജില്ല ലേബർ ഓഫിസർ ഹരികുമാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ആലപ്പുഴ സൗത്ത് സി.ഐയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് പൊലീസ് സംരക്ഷണം ഒരുക്കിയത്. എ.ഐ.ടി.യു.സി ചുമട്ടു തൊഴിലാളികളാണ് നോക്കുകൂലി പ്രശ്നം ഉന്നയിച്ച് ബുധനാഴ്ച നിർമാണപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയത്. ഇതേത്തുടർന്ന് നിർമാണം മുന്നോട്ടുകൊണ്ടുപോകാൻ കരാറുകാരനായ മനോജിന് കഴിഞ്ഞില്ല. ഇതോടെ ആലപ്പുഴ എസ്.ഡി കോളജിന് മുൻവശം, ചങ്ങനാശ്ശേരി മുക്കിന് കിഴക്കുവശം എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരുന്ന തറയോട് പാകൽ തടസ്സപ്പെട്ടു. ടിപ്പറിൽ ഇറക്കുന്ന ഇൻറർലോക് കട്ടകൾക്ക് ലോഡ് ഒന്നിന് നോക്കുകൂലിയായി 2000 രൂപ നൽകണമെന്നായിരുന്നു ചുമട്ടുതൊഴിലാളികൾ കരാറുകാരനോട് ആവശ്യപ്പെട്ടത്. പണം നൽകാത്തതിനെ തുടർന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ സമരക്കാർ ഇടപ്പെട്ട് പ്രവൃത്തികൾ തടസ്സപ്പെടുത്തി. നോക്കുകൂലി നൽകാൻ കരാറുകാരൻ വഴങ്ങാത്തതിനെ തുടർന്ന് ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെ തുടർന്ന് കരാറുകാരൻ ജില്ല ലേബർ ഓഫിസർ ഹരികുമാറിന് പരാതി നൽകി. ഇതേത്തുടർന്നാണ് ലേബർ ഓഫിസർ ഇടപ്പെട്ട് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയത്. അതേസമയം, പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയതോടെ തറയോട് പാകൽ നിർമാണ പ്രവർത്തനങ്ങൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ 'മാധ്യമ'ത്തോട് പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായാണ് തറയോട് പാകൽ പൂർത്തിയാക്കേണ്ടത്. ഒന്നാംഘട്ടം പൂർത്തീകരിച്ചതായും അദ്ദേഹം അറിയിച്ചു. ശബരിമല വിമാനത്താവളം; തീരുമാനം സ്വാഗതാർഹം ആലപ്പുഴ: എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കർ ഭൂമിയിൽ ശബരിമല വിമാനത്താവളം യാഥാർഥ്യമാക്കാനുള്ള ഉദ്യോഗസ്ഥ ഉപസമിതിയുടെ ശിപാർശ അംഗീകരിച്ച സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു. നാഷനലിസ്റ്റ് കേരള കോൺഗ്രസ് ദക്ഷിണ മേഖല സംഘാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. വിജയകുമാരൻ നായർ അധ്യക്ഷത വഹിച്ചു. എം.എൻ. ഗിരി, പി.ടി. എബ്രഹാം, എൻ.എൻ. ഷാജി, ബിജി മണ്ഡപം, ബെന്നി പെരുമ്പള്ളി, നജിം പോരുവഴി, സുധീഷ് നായർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story