Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 2:41 PM IST Updated On
date_range 16 July 2017 2:41 PM ISTചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഇൗഴവനായ കീഴ്ശാന്തിക്ക് നിയമനം നിഷേധിച്ചത് വിവാദത്തിൽ
text_fieldsbookmark_border
കായംകുളം: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ സംഘ്പരിവാർ സംഘടനകളുടെ സമ്മർദത്തെ തുടർന്ന് ഇൗഴവനായ കീഴ്ശാന്തിക്ക് നിയമനം നിഷേധിച്ചത് വിവാദത്തിലേക്ക്. ചേരാവള്ളി പാലാഴിയിൽ സുധികുമാറിനാണ് (36) ബ്രാഹ്മണനല്ലെന്ന കാരണത്താൽ വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ കായംകുളം പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കീഴ്ശാന്തിയാണ്. പൊതു സ്ഥലംമാറ്റത്തിലാണ് ചെട്ടികുളങ്ങരക്ക് നിയമിച്ചത്. എന്നാൽ, സംഘ്പരിവാർ സംഘടനകൾക്ക് സ്വാധീനമുള്ള ക്ഷേത്രഭരണസമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺെവൻഷൻ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ തൽക്കാലം ചെട്ടികുളങ്ങരക്ക് പോകേണ്ടതില്ലെന്ന് ദേവസ്വം അധികൃതർ അറിയിക്കുകയായിരുന്നു. ഇൗഴവനായ ശാന്തി ചെട്ടികുളങ്ങരയിൽ വേണ്ടെന്ന് ക്ഷേത്രഭരണസമിതി പ്രമേയം പാസാക്കുകയായിരുന്നു. മാവേലിക്കര ദേവസ്വം ഗ്രൂപ്പിലെ ശാന്തി ലാവണത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കഴിഞ്ഞ 14നാണ് മാറ്റി നിയമിച്ച് ഉത്തരവിറങ്ങിയത്. സുധികുമാറിനെക്കൂടാതെ അഞ്ചുപേരെ കൂടി മാറ്റി നിയമിച്ചിരുന്നു. ബ്രാഹ്മണരായ ഇവരെല്ലാം നിശ്ചയിക്കപ്പെട്ട ക്ഷേത്രങ്ങളിൽ ചുമതലയും ഏറ്റെടുത്തു. 16 വർഷം മുമ്പ് കോട്ടയം പുതുമന താന്ത്രിക വിദ്യാലയത്തിൽനിന്നാണ് സുധികുമാർ താന്ത്രിക വിദ്യാഭ്യാസം നേടിയത്. നാലുവർഷം സ്വകാര്യ ക്ഷേത്രങ്ങളിൽ ജോലി ചെയ്ത ശേഷമാണ് ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ നിയമനം ലഭിക്കുന്നത്. ആലുവ പുത്തൂർപള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലായിരുന്നു തുടക്ക നിയമനം. എന്നാൽ, അബ്രാഹ്മണരെ ശാന്തിക്കാരാക്കരുതെന്ന ആവശ്യവുമായി സവർണ സംഘടനകൾ രംഗത്തുവന്നേതാടെ നിയമനത്തിൽനിന്ന് ദേവസ്വം ബോർഡ് പിൻവാങ്ങി. എസ്.എൻ.ഡി.പി യോഗം നടത്തിയ കോടതി ഇടപെടലിലൂടെയാണ് നിയമനം അംഗീകരിക്കപ്പെട്ടത്. ഇൗഴവനായ പറവൂർ ശ്രീധരൻ തന്ത്രി നൂറിലേറെ ക്ഷേത്രങ്ങളിൽ താന്ത്രികാവകാശമുള്ളയാളായിട്ടും മകന് നിയമന നിഷേധമുണ്ടായത് സമുദായത്തിനുള്ളിലും ഏറെ ചർച്ചക്ക് കാരണമായിരുന്നു. പിന്നീട്, ഇൗഴവ സമുദായത്തിൽനിന്നടക്കം നിരവധിപേർ ശാന്തിക്കാരായി വിവിധ സബ്ഗ്രൂപ്പുകളിൽ നിയമനം നേടി. പുതുക്കുളങ്ങര, കണ്ടിയൂർ, ഹരിപ്പാട് കാട്ടുവള്ളി ദുർഗാദേവി ക്ഷേത്രം, നെയ്യാറ്റിൻകര ശിവക്ഷേത്രം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച ശേഷമാണ് സുധികുമാർ പുതിയിടത്ത് എത്തുന്നത്. ഇക്കാലയളവിലൊന്നും ഒരുതരത്തിലുള്ള ദുരനുഭവവും ഉണ്ടായിട്ടില്ലെന്ന് സുധികുമാർ പറഞ്ഞു. പുതിയിടത്ത് ജോലി ചെയ്യാൻ തുടങ്ങിയിട്ട് മൂന്നുവർഷത്തോളമായി. നിയമന നിഷേധത്തിനെതിരെ ക്ഷേത്രത്തിലും പരിസരത്തും പ്രതികരണവേദിയുടെയും ഭക്തമാനസത്തിെൻറയും പേരിൽ വ്യാപക പോസ്റ്റർ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story