Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 8:35 AM GMT Updated On
date_range 9 July 2017 8:35 AM GMTരോഗികളുടെ എണ്ണം വർധിക്കുന്നു; ജനറൽ ആശുപത്രിയിൽ മൂന്ന് ഡോക്ടർമാരെകൂടി നിയമിച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ: രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ മൂന്ന് ഡോക്ടര്‍മാരെ നിയമിച്ചു. ദിനേന നൂറുകണക്കിന് ആളുകളാണ് പനിക്ക് ചികിത്സതേടി ആശുപത്രിയില്‍ എത്തുന്നത്. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍എ ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ല വികസനസമിതി യോഗത്തിലും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് ഡി.എം.ഒ മൂന്ന് ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിച്ചത്. പനി പടരാൻ തുടങ്ങിയതോടെ ആശുപത്രിയില്‍ പനി ക്ലിനിക്കും ആരംഭിച്ചിരുന്നു. എന്നാല്‍, ഡോക്ടര്‍മാരുടെ അഭാവം പലപ്പോഴും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുകയായിരുന്നു. നേരത്തേ നഗരസഭയുടെ ആഭിമുഖ്യത്തില്‍ താല്‍ക്കാലികമായി നഴ്‌സുമാരെയും നിയമിച്ചിരുന്നു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ മാത്രമല്ല, മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രികളിലും വലിയ തിരക്കാണ്. കിടത്തിച്ചികിത്സിക്കാൻ സ്ഥലം ഇല്ലാത്തതിനാല്‍ മരുന്ന് കൊടുത്തതിനുശേഷം വീട്ടില്‍ വിശ്രമിക്കാന്‍ നിർദേശിച്ച് രോഗികളെ പറഞ്ഞയക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്. പകര്‍ച്ചപ്പനി ബാധിച്ച് ജനറല്‍ ആശുപത്രിയിലെത്തിയവരില്‍ നിരവധി പേര്‍ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. മാസങ്ങളായി മൂവാറ്റുപുഴയില്‍ വൈറല്‍ പനി വ്യാപകമായി പടരുകയാണ്. പായിപ്ര പഞ്ചായത്തിലാണ് ആദ്യം പനി പടര്‍ന്നത്. തുടര്‍ന്ന് വാളകം, ആയവന, ആവോലി, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലും മൂവാറ്റുപുഴ നഗരസഭപ്രദേശങ്ങളിലും വ്യാപകമായി. മഴ ശക്തിയായതോടെ പകര്‍ച്ചപ്പനിക്കൊപ്പം മഞ്ഞപ്പിത്തവും വ്യാപകമായി. പായിപ്ര പഞ്ചായത്തിലും നഗരസഭ പ്രദേശങ്ങളിലുമാണ് മഞ്ഞപ്പിത്തം വ്യാപകമായത്.
Next Story