Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:51 AM GMT Updated On
date_range 5 July 2017 8:51 AM GMTനിയമ ലംഘനം: 1376 ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
text_fieldsbookmark_border
കാക്കനാട്: അഞ്ചിലധികം തവണ ഗതാഗത നിയമലംഘനം നടത്തിയവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പില്‍ തീരുമാനം. നിയമ ലംഘനം നടത്തിയ 1376 പേര്‍ക്കെതിരെയാണ് നടപടി വരുന്നതെന്ന് എറണാകുളം ആർ.ടി.ഒ. റെജി പി. വര്‍ഗീസ് പറഞ്ഞു. ഇതിെൻറ ഭാഗമായി നിയമം ലംഘിച്ചവര്‍ക്ക് നോട്ടീസ് അയച്ചുതുടങ്ങി. അഞ്ചോ അതില്‍ കൂടുതല്‍ തവണയോ ഗതാഗത നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ഗതാഗത കമീഷണര്‍ ആര്.ടി.ഒക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ചത് ഉള്‍പ്പെടെ 1376 പേരുടെ പട്ടികയാണ് ആര്.ടി. ഓഫിസില്‍ തയാറാക്കിയത്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ ഇവര്‍ നടത്തിയ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി. ഗതാഗത നിയമം ലംഘിച്ചവര്‍ക്ക് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയിട്ടും മുങ്ങിയവരുടെ പട്ടികയും വാഹന വകുപ്പ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊടിതട്ടിയെടുത്തിട്ടുണ്ട്. വാഹന വകുപ്പിെൻറ സി.സി.ടി.വി കാമറകളില്‍ കുടുങ്ങിയവരാണ് പിഴ ഒടുക്കാതെ മുങ്ങിയവരില്‍ ഭൂരിപക്ഷവും. നിയമ ലംഘകര്‍ക്ക് നോട്ടീസ് നല്കി വിളിച്ച് വരുത്തി വിശദീകരണം ചോദിച്ച ശേഷമായിരിക്കും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുക. ചെയ്ത കുറ്റകൃത്യത്തിെൻറ ഗൗരവം പരിഗണിച്ച് മൂന്നുമാസം മുതല്‍ ഒരു വര്‍ഷത്തേക്കായിരിക്കും സസ്പെന്ഷന്. ഇക്കാലയളവില്‍ വാഹനം ഉപയോഗിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. 'സസ്പെന്‍ഡഡ് ലൈസന്‍സ്' എന്ന് ലൈസന്‍സില്‍ ആജീവനാന്തം രേഖപ്പെടുത്തും. അമിതവേഗത്തില്‍ വാഹനമോടിച്ചവരാണ് ഇവരിലേറെയും. രാജ്യത്ത് വാഹന അപകടങ്ങള്‍ കൂടിയ സാഹചര്യത്തില്‍, കഴിഞ്ഞ ഒക്ടോബറില്‍ ഗതാഗത നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് ഉടനടി സസ്പെന്‍ഡ് ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സുപ്രീകോടതി നിര്‍ദേശം സംസ്ഥാനത്ത് കര്‍ശനമാക്കിയിരുന്നില്ല. ഉത്തരവ് പൂര്‍ണമായും നടപ്പാക്കണമെന്ന് കോടതി വീണ്ടും നിര്‍ദേശിച്ച സാഹചര്യത്തിലാണ് ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്ന എല്ലാവരുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിക്കുന്നത്.
Next Story