Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുത്തൻ 'കുപ്പായം'...

പുത്തൻ 'കുപ്പായം' സമ്മാനിച്ച പെരുന്നാൾ രാവുകൾ

text_fields
bookmark_border
എ.എം. ആരിഫ് എം.എൽ.എ പെരുന്നാൾ കാലത്തി​െൻറ സ്നേഹവും ഒത്തൊരുമയും ചുരത്തുന്ന ഒരുപാട് നല്ല ഓർമകൾ ഇന്നും മനസ്സിൽ മായാതെയുണ്ട്. ജന്മനാടായ ആലപ്പുഴയിലെ പഴയ വീട്ടിലേക്കാണ് പെരുന്നാൾ ഓർമകൾ കൂട്ടിക്കൊണ്ടുപോകുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ പിതാവ് അബ്ദുൽ മജീദും മാതാവ് നബീസയും സഹോദരങ്ങളായ അൻവാസും അൻസാരിയും ഉള്ള വീട്ടിലേക്ക്. പ്രയാസങ്ങളും കൊച്ചു ദുരിതങ്ങളും അലട്ടിയിരുന്ന കാലത്തേക്ക്. പെരുന്നാൾപിറ കണ്ടാൽ പിന്നെ സന്തോഷത്തിന് അതിരില്ലായിരുന്നു. പെരുന്നാൾ രാവുകൾ കൂടുതലും ചെലവഴിച്ചത് സക്കരിയബസാറിലെ തെരുവോരങ്ങളിലും. രാത്രി വൈകുംവരെ കൂട്ടുകാരുമൊത്ത് ആഘോഷമായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം പെരുന്നാളിന് കിട്ടുന്ന പുത്തൻ കുപ്പായത്തിൽ അത്തറും പൂശി വാപ്പയുടെ കൂടെയുള്ള പെരുന്നാൾ നമസ്കാരത്തി​െൻറ ഓർമകൾ മനസ്സിൽ ഇന്നും മിന്നുന്നുണ്ട്. വീടിന് അടുത്തുള്ള ജമാഅത്ത് പള്ളിയിലായിരുന്നു നമസ്കാരങ്ങൾ. വർഷത്തിൽ ഒരു പാൻറ്സും ഷർട്ടും ഉറപ്പായിരുന്നു. ഇന്നിപ്പോൾ എല്ലാം എപ്പോഴും പുത്തനാണ്. എന്നാൽ, പഴമയുടെ കാമ്പറിയാത്ത പുതുതലമുറക്ക് പവിത്രതയുടെ ആഴങ്ങളെ സ്പർശിക്കാനാകുമോ എന്ന് സംശയം. ചെറുപ്പത്തിലെ ഓരോ പെരുന്നാളും ആറ്റുനോറ്റാണ് വരവേറ്റിരുന്നത്. കുടുംബക്കാരും കൂട്ടുകാരുമൊത്ത് നുണയുന്ന സ്നേഹനിമിഷങ്ങൾ. ബലിപെരുന്നാൾ നമസ്കാരശേഷം വീട്ടിൽ എത്തിയാൽ വറുത്തുപൊടിച്ച പത്തിരിപ്പൊടി തിളച്ചവെള്ളത്തിൽ കുഴച്ച് മയംവരുത്തി കടലാസ് കനത്തിൽ ചുട്ടെടുത്ത ഉമ്മയുടെ പത്തിരിയും മട്ടൻ കറിയും എത്ര കഴിച്ചാലും മതിയാവില്ലായിരുന്നു. ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന 'നൈസ് പത്തിരി' ഉമ്മയുണ്ടാക്കിയിരുന്ന പത്തിരിയുടെ അത്രയും നൈസല്ലെന്നാണ് എനിക്ക് തോന്നുന്നത്. കറികാച്ചിയതും പായസങ്ങളും എണ്ണപ്പലഹാരങ്ങളും അകമ്പടിയായുണ്ടാകും. ശേഷം, വാപ്പ തയാറാക്കിത്തന്ന പട്ടിക പ്രകാരം ബലിമാംസം നൽകാൻ സൈക്കിളിൽ നേരേയൊരു പോക്കായിരുന്നു വീടുകളിലേക്ക്. കൂട്ടായി സഹോദരങ്ങളും കൂട്ടുകാരും. കുടുംബങ്ങൾ ഒത്തുകൂടുന്നത് ഉച്ചക്കാണ്. പാട്ടുകൾ പാടിയും വിശേഷങ്ങൾ പറഞ്ഞും മണിക്കൂറുകൾ ഉത്സവമാക്കിയിരുന്ന നിമിഷങ്ങൾ. 'പെരുന്നാൾ പടി' മാത്രമായിരുന്നു അന്നത്തെ ഏക വരുമാനം. ആവശ്യമുള്ളത് ചെലവഴിച്ചശേഷം ബാക്കി കുടുക്കയിൽ സൂക്ഷിച്ചുവെക്കും. മുടി നീട്ടിവളർത്തൽ അക്കാലത്ത് വലിയ ഫാഷനായിരുന്നു. എനിക്കും അങ്ങനെയൊക്കെ നടക്കണമെന്ന് വലിയ ആഗ്രഹവും ഉണ്ടായിരുന്നു. എന്നാൽ, വാപ്പക്ക് തീരെ ഇഷ്ടമല്ലാത്തതും അതായിരുന്നു. പെരുന്നാൾ തലേന്ന് മുടി പറ്റെ വെട്ടുന്നതാണ് ഏറെ സങ്കടം. കുടുംബ ബന്ധങ്ങൾ കാത്തുസൂക്ഷിക്കൽ വാപ്പാക്ക് നിർബന്ധമായിരുന്നു. ഇന്നത്തെ പെരുന്നാളിനെക്കാളും പൊലിമയും ഭംഗിയും കുട്ടിക്കാലത്തെ ഈദിന് ആയിരുന്നു. ഇത്തവണ പെരുന്നാൾ ആഘോഷം ഭാര്യ ഡോ. ഷഹനാസ് ബീഗത്തോടും മക്കളായ സൽമാനും റിസ്‌വാനക്കും ഒപ്പം തിരുവമ്പാടിയിലെ 'ആരുണ്യം' വീട്ടിലാണ്. രാവിലെ മകനുമൊത്ത് മസ്താൻ പള്ളിയിലാണ് ഈദ് നമസ്കാരം. ശേഷം ഉമ്മയുടെ അടുത്തുപോയി ഭക്ഷണം കഴിച്ച ശേഷമാണ് വീട്ടിലേക്കുള്ള മടക്കം. എൽഎൽ.ബി പഠനം ആരംഭിച്ച ശേഷമാണ് വാപ്പ മരിക്കുന്നത്. താൻ അഭിഭാഷകൻ ആയതും മൂന്നുതവണ അരൂർ മണ്ഡലത്തിൽനിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് എം.എൽ.എ ആയതും കാണാൻ വാപ്പ ഇല്ലാതിരുന്നത് വലിയൊരു സങ്കടമായി ഇന്നും ഉള്ളിലുണ്ട്. എന്നാലും മക്കൾ നല്ലൊരു നിലയിൽ എത്തുമെന്ന കാര്യത്തിൽ വാപ്പാക്ക് ഒട്ടും ആശങ്ക ഇല്ലായിരുന്നു. കുടുംബമൊത്ത് എല്ലാ തവണെത്തപ്പോലെ കഴിഞ്ഞ നോമ്പും അനുഷ്ഠിക്കാൻ സാധിച്ചു. കുടുംബക്കാരെ വിളിച്ച് നോമ്പ് തുറകളും നടത്തിയിരുന്നു. ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനിടെ ഭാര്യയുടെയും മക്കളുടെയും പരിഭവങ്ങൾ കേൾക്കാനും കുടുംബബന്ധങ്ങൾ പവിത്രമായി നിലനിർത്താനും നന്നായി ശ്രമിക്കുന്നുണ്ട്. തയാറാക്കിയത്: തൗഫീഖ് അസ്‌ലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story