Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണാഘോഷം അന്നും ഇന്നും

ഓണാഘോഷം അന്നും ഇന്നും

text_fields
bookmark_border
ഓണം എന്നത് പരിപാവനമായ സങ്കൽപമാണ്‌. പുരാണകഥയുമായി ബന്ധമുണ്ടെങ്കിലും അതിലുപരി വസന്തകാലത്തി​െൻറ ആഘോഷവും സമത്വത്തി​െൻറയും സാഹോദര്യത്തി​െൻറയും ഭാവവുമാണ് ഇതിൽ പ്രകടമാകുന്നത്. മൂന്നുനാല് ദശാബ്ദക്കാലം മുമ്പുവരെ പ്രൗഢിയോടും ആഡംബരത്തോടും കൂടിയാണ്‌ ഓണം ആഘോഷിക്കപ്പെട്ടിരുന്നത്‌. പൊന്നിൻ ചിങ്ങമാസത്തിലെ അത്തംനാളില്‍ വീടി​െൻറ മുറ്റത്ത് ബഹുവര്‍ണ പുഷ്‌പങ്ങളാല്‍ പൂക്കളം തീർക്കും. പിന്നീടുള്ള 10 ദിവസം ആഘോഷങ്ങളുടേതായി മാറും. കൂട്ടുകുടുംബങ്ങളിലും തറവാടുകളിലും വല്യകാരണവരും മുത്തച്ഛനും മുത്തശ്ശിയും കാര്യങ്ങൾ നിയന്ത്രിക്കുന്നതും ഓണക്കോടികള്‍ നല്‍കുന്നതും ആനന്ദദായകമായ അനുഭവമാണ് പഴയതലമുറക്ക് സമ്മാനിച്ചിരുന്നത്. എന്നാൽ, ന്യൂജൻ കാലമായതോടെ ഇതെല്ലാം നഷ്ട സ്വപ്നങ്ങളായി. ഇൻസ്റ്റൻറ് ഓണമെന്ന പേരിൽ ആഘോഷിക്കാനാണ് അവരുടെ വിധി. ഓണസദ്യ മുതൽ പൂക്കളം വരെ റെഡിമെയ്ഡായിക്കഴിഞ്ഞു. പണം കൊടുത്താൽ മെനക്കെടാതെ ഏതൊരു ആഘോഷവും ഭംഗിയാക്കാമെന്ന സ്ഥിതിയാണ്. നാടൻ ഗ്രാമീണഭംഗി ആസ്വദിക്കാനും തുമ്പിതുള്ളൽപോലുള്ള ഓണക്കളികളിൽ ഏർപ്പെടാനും ഇന്നത്തെ തലമുറക്ക് കഴിയുന്നില്ല. പുതുവസ്ത്രങ്ങൾ അണിഞ്ഞ് വീട്ടുകാർ ഒരുമിച്ചുകൂടി സദ്യവട്ടങ്ങൾ ഒരുക്കി ഒരുമിച്ച് ആഘോഷിച്ചിരുന്ന ഓണം സങ്കൽപങ്ങൾ മറഞ്ഞുകഴിഞ്ഞു. ഇതോടൊപ്പം മതസാഹോദര്യത്തി​െൻറ ഉത്തമ ഉദാഹരണമായി പഴമക്കാർ ചൂണ്ടിക്കാണിച്ചിരുന്ന ഓണാഘോഷത്തി​െൻറ പ്രൗഢിയും ഇല്ലാതായി. സാമ്പത്തിക പ്രാരബ്ധം അനുഭവിക്കുന്നവര്‍ 'കാണം' (കൈയിലുള്ള എന്തെങ്കിലും) വിറ്റായാലും ഓണം ആഘോഷിക്കുമെന്ന സ്ഥിതി വന്നു. ആഘോഷം ഏതായാലും മദ്യത്തി​െൻറ അകമ്പടി വേണമെന്നുമായി. ഓണത്തി​െൻറ മുന്നൊരുക്കങ്ങളിൽ പ്രധാനപ്പെട്ടതാണ് പുത്തരിയുണ്ണൽ. നിറഞ്ഞുനിന്നിരുന്ന പാടങ്ങളും കൊയ്ത്തുകാലവും പുള്ളുവൻ പാട്ടുകളും പുതുതലമുറക്ക് ഓർമ മാത്രമായി. ഇതോടെ എങ്ങോ കൈവിട്ടുപോയ ഗതകാല സ്മരണകളുടെ ആഘോഷമായി ഓണം മാറി. ഓണം എന്നത് കൊയ്ത്തുത്സവമായി കണ്ടിരുന്ന തലമുറ ഉണ്ടായിരുന്നു. ഓണംനാളുകളിൽ ചോദിക്കുന്ന ചോദ്യം പുത്തരിയുണ്ടോ എന്നാണ്. നല്ല പുന്നെല്ല് കുത്തി അരിയാക്കി ചോറാക്കി ഉണ്ണാതെ മലയാളിക്ക് ഓണമില്ല. നാട്ടിൻപുറങ്ങളിൽ സമൃദ്ധമായിരുന്ന കരകൃഷിയിൽ നിന്നാണ് പഴമക്കാർ ഓണത്തിന് വേണ്ട പുത്തരി ഉണ്ടാക്കിയിരുന്നത്. സ്വന്തമായി പറമ്പില്ലാത്തവര്‍പോലും ജന്മികളില്‍നിന്ന് പാട്ടമെടുത്ത പറമ്പുകള്‍ വൃത്തിയാക്കി നിലമൊരുക്കി വിത്തിടും. നെല്ല് മാത്രമല്ല, പറമ്പോരങ്ങളില്‍ ആവശ്യമുള്ള പച്ചക്കറി വിത്തുകളും. പുനം, പൂത്താട എന്നിങ്ങനെയാണ് ഈ കൃഷി രീതി അറിയപ്പെടുന്നത്. മേടമാസത്തോടെ വിത്തിറക്കി ഓണത്തിന് ദിവസങ്ങള്‍ക്കുമുമ്പ് വിളവെടുക്കും. കരകൃഷി നാട്ടിന്‍പുറത്തുകാര്‍ക്ക് ആഘോഷമായിരുന്നു. വിത്തിറക്കി കതിരുകള്‍ മൂത്തുവരുമ്പോള്‍ ചിലത് പറിച്ച് കാഞ്ഞിരത്തി​െൻറ ഇലയില്‍ കെട്ടി വീടി​െൻറ മച്ചിലെറിയും. നിറപൊലി എന്ന പാട്ടി​െൻറ അകമ്പടിയോടെ നടത്തുന്ന ചടങ്ങ് വിളവെടുപ്പ് സമൃദ്ധമാവട്ടെയെന്ന ആഹ്വാനം കൂടിയാണ്. സമീപവാസികള്‍ വ്യത്യസ്ത ദിവസങ്ങളിലാണ് വിളവെടുക്കുകയെങ്കിലും പുത്തരിയുണ്ണുന്നത് ഒരേ ദിവസമായിരിക്കും. നെല്ല് ഇല്ലാത്തവന് പുത്തരിയുണ്ണാന്‍ ഉള്ളവന്‍ വായ്പ കൊടുക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. അങ്ങനെ സ്വന്തമായുണ്ടാക്കിയ അരിയും പച്ചക്കറിയും കൂട്ടിയൊരു സമൃദ്ധമായ ഓണസദ്യ. -ആർ.ബി.സി
Show Full Article
TAGS:LOCAL NEWS 
Next Story