Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 2:07 PM IST Updated On
date_range 22 Aug 2017 2:07 PM ISTഹജ്ജ് സേവനം ജീവിതവ്രതമാക്കിയ കുഞ്ഞിബാവ 76ാം വയസ്സിലും സജീവം
text_fieldsbookmark_border
നെടുമ്പാശ്ശേരി: ഹാജിമാർക്ക് വേണ്ടിയുള്ള സേവനം ജീവിതത്തിെൻറ ഭാഗമാക്കിയ കുഞ്ഞിബാവ 76ാം വയസ്സിലും ഹജ്ജ് ക്യാമ്പിൽ സജീവം. പൊന്നാനി സദേശിയായ ഇദ്ദേഹം നാല് പതിറ്റാണ്ടിലേറെയായി ഹജ്ജ് സേവനരംഗത്തുണ്ട്. 1974ൽ ഹജ്ജ് കമ്മിറ്റി വളൻറിയറായി പുണ്യഭൂമിയിലേക്ക് പോകാൻ അവസരം ലഭിച്ചത് മുതൽ പിന്നീടിങ്ങോട്ട് ഹാജിമാർക്ക് വേണ്ടിയുള്ള സേവനം ജീവിതത്തിെൻറ ഭാഗമായി മാറ്റുകയായിരുന്നു. 1992ൽ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് ശിരസ്തദാറായി വിരമിച്ച ഇദ്ദേഹം മൂന്ന് വർഷം റെയിൽവെ മജിസ്ട്രേറ്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സർവിസ് കാലയളവിൽ ഡെപ്യൂട്ടേഷനിലും അല്ലാതെയും ഹജ്ജ് ക്യാമ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി എത്തിയിട്ടുണ്ട്. അപേക്ഷ പൂരിപ്പിക്കുന്നത് മുതൽ ഓരോ ഘട്ടത്തിലും ഇദ്ദേഹം ഹാജിമാരുടെ സേവനത്തിനെത്തും. ഹാജിമാർ മടങ്ങിയെത്തുന്നതോടെയാണ് ഇതവസാനിക്കുക. സർവിസ് കാലയളവിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറിയായും മൂന്ന് വർഷം സേവനമനുഷ്ഠിച്ചു. ഈ കാലയളവിലാണ് കരിപ്പൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഹജ്ജ് കമ്മിറ്റി സെക്രട്ടറിയായി സേവനമനുഷ്ഠിച്ച മൂന്ന് വർഷത്തെ ശമ്പളം ഉപയോഗപ്പെടുത്തി ഹജ്ജ് ഹൗസിനായി 14 സെൻറ് സ്ഥലം വാങ്ങി സംഭാവന ചെയ്താണ് ഈ സ്ഥാനത്തുനിന്ന് ഇദ്ദേഹം വിടവാങ്ങിയത്. 1974ഉം 1992ലും സർക്കാർ വഴിയുള്ള തീർഥാടകരെ നയിച്ച് പുണ്യഭൂമിയിലെത്തിയ ഇദ്ദേഹം ഇതിനുശേഷം വിവിധ സ്വകാര്യ ഗ്രൂപ്പുകളെ നയിച്ച് ആറ് തവണ കൂടി ഹജ്ജിനായി മക്കയിലെത്തിയിട്ടുണ്ട്. '92ലും '94ലും സർക്കാർ വളൻറിയറായപ്പോൾ കപ്പലിലായിരുന്നു യാത്ര. ട്രെയിൻ മാർഗം മുംബൈയിലെത്തി ആറുദിവസം അവിടെ താമസിച്ച ശേഷമാണ് കപ്പലിൽ യാത്ര തിരിക്കുന്നത്. 10 ദിവസത്തെ യാത്രക്ക് ശേഷമാണ് കപ്പൽ ജിദ്ദ തുറമുഖത്തെത്തുന്നത്. അന്നത്തെ ദുരിതയാത്രയുടെ ഓർമകൾ കുഞ്ഞി ബാവയുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. രണ്ടാമത്തെ യാത്രയിൽ കേരളത്തിൽനിന്ന് ഇദ്ദേഹത്തോടൊപ്പം പുറപ്പെട്ട മൂന്ന് ഹാജിമാർ കപ്പലിൽ െവച്ച് മരിച്ചു. ഇവരുടെ മൃതദേഹം പെട്ടിയിലാക്കി കടലിൽ താഴ്ത്തിയ കാഴ്ച ഹൃദയഭേദകമായിരുന്നെന്ന് കുഞ്ഞിബാവ അനുസ്മരിച്ചു. യാത്രക്കിടെ കപ്പലിൽവെച്ച് മരിച്ചാൽ 24 മണിക്കൂറിനകം കപ്പൽ തീരത്തടുക്കുന്നില്ലെങ്കിൽ മൃതദേഹം കടലിൽ താഴ്ത്തണമെന്നാണ് നിയമം. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ഹാജിമാർക്ക് സേവനം ചെയ്യണമെന്നാണ് കുഞ്ഞിബാവയുടെ ആഗ്രഹം. പടം ekg2 Hujj കുഞ്ഞിബാവ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story