Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 2:07 PM IST Updated On
date_range 22 Aug 2017 2:07 PM ISTഉത്തരവാദിത്ത ടൂറിസം എല്ലാ ജില്ലയിലേക്കും; ആദ്യഘട്ടത്തിൽ 4.5 കോടിയുടെ പ്രവർത്തനം
text_fieldsbookmark_border
കൊച്ചി: ഉത്തരവാദിത്ത ടൂറിസം പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കുന്നു. നടപ്പുസാമ്പത്തികവർഷം ഇതിെൻറ പ്രവർത്തനങ്ങൾക്കായി സർക്കാർ 4.5 കോടി രൂപ അനുവദിച്ചു. 'ദൈവത്തിെൻറ സ്വന്തം നാട്, ജനങ്ങളുടെ സ്വന്തം ടൂറിസം' എന്നപേരിൽ ആവിഷ്കരിക്കുന്ന വിപുല പരിപാടികൾക്ക് ഉത്തരവാദിത്ത ടൂറിസം മിഷനാണ് ചുക്കാൻപിടിക്കുന്നത്. വിനോദസഞ്ചാര പദ്ധതികൾ സൃഷ്ടിക്കുന്ന പരിസ്ഥിതി, സാമൂഹിക, സാമ്പത്തിക ആഘാതങ്ങൾ പരമാവധി കുറക്കാനും തദ്ദേശീയർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യവും സഞ്ചാരികൾക്ക് മികച്ച സാധ്യതകളും ഒരുക്കാനും ലക്ഷ്യമിട്ട് 2008ലാണ് ഉത്തരവാദിത്ത ടൂറിസത്തിന് തുടക്കമിട്ടത്. നിലവിൽ കുമരകം, തേക്കടി, വൈത്തിരി, കോവളം, കുമ്പളങ്ങി, അമ്പലവയൽ, ബേക്കൽ, മുസ്രിസ് എന്നിവിടങ്ങളാണ് ഉത്തവാദിത്ത ടൂറിസത്തിെൻറ പരിധിയിലുള്ളത്. പദ്ധതിയുടെ രാജ്യത്തെ ഏറ്റവും മികച്ച മാതൃകയായി കുമരകത്തെ കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തിരുന്നു. പദ്ധതി വിപുലീകരിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ മാസം ടൂറിസം ഡയറക്ടറുടെ കീഴിൽ ഉത്തരവാദിത്ത ടൂറിസം മിഷന് രൂപം നൽകി. പദ്ധതിപ്രദേശത്തെ ഹോട്ടലുകളിൽ ഉൾപ്പെടെ ഭക്ഷ്യോൽപന്നങ്ങളടക്കം പ്രാദേശിക വിഭവങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിനാവശ്യമായ പച്ചക്കറി ഉൽപാദിപ്പിക്കുന്നത് പഞ്ചായത്തും കുടുംബശ്രീയും ചേർന്നാണ്. ടൂറിസവുമായി ബന്ധപ്പെട്ട പ്രാഥമിക ഉൽപന്നങ്ങൾ തദ്ദേശീയ കർഷകരിൽനിന്നുതന്നെ സമാഹരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ വിജയമാണെന്ന് കണ്ടതോടെയാണ് വിവിധ ജില്ലകളിലായി 112 കേന്ദ്രങ്ങളിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കുന്നതെന്ന് ടൂറിസം ഡയറക്ടർ പി. ബാലകിരൺ 'മാധ്യമ'ത്തോട് പറഞ്ഞു. 2021ന് മുമ്പ് എല്ലാ ടൂറിസം മേഖലയെയും പദ്ധതിയിൽ കൊണ്ടുവരുകയാണ് ലക്ഷ്യം. രണ്ടു മാസത്തിനകം എല്ലാ ജില്ലയിലും ഉത്തരവാദിത്ത ടൂറിസം മിഷൻ ഒാഫിസ് തുറക്കും. പദ്ധതി വ്യാപനത്തിന് നടപ്പുസാമ്പത്തിക വർഷം നടപ്പാക്കേണ്ട 4.5 കോടിയുടെ പദ്ധതികൾക്ക് സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. തദ്ദേശസ്ഥാപന പ്രതിനിധികൾക്ക് ശിൽപശാലകൾ, പരിശീലനക്ലാസുകൾ, വെബ്സൈറ്റ് രൂപകൽപന, പരമ്പരാഗത ഭക്ഷ്യമേളകൾ, 'നാട്ടിൻ പുറങ്ങളിൽ ഒാണമുണ്ണാം; ഒാണ സമ്മാനങ്ങൾ വാങ്ങാം' പരിപാടി, ഗ്രാമജീവിതം അടുത്തറിയാൻ ടൂറിസം പാക്കേജുകൾ, മാലിന്യമുക്ത അഷ്ടമുടി പദ്ധതി, കലാ-സാംസ്കാരിക മേളകൾ, രാജ്യാന്തര സമ്മേളനങ്ങൾ, മന്ത്രിതല ഉച്ചകോടികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. -- പി.പി. കബീർ--
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story