Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 3:12 PM IST Updated On
date_range 7 Aug 2017 3:12 PM ISTമഹാത്മാ ഗാന്ധിയുടെ പാദസ്പർശമേറ്റ ആലുവ യു.സി കോളജ്
text_fieldsbookmark_border
ആലുവ: കൊച്ചി മേഖലയില്‍ തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസിെൻറ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം നല്‍കിയിരുന്ന പ്രദേശമാണ് ആലുവ. കൊച്ചി രാജ്യത്തിെൻറ ഭാഗമായിരുന്ന ഈ പ്രദേശം പിന്നീട് തിരുവിതാംകൂറിെൻറ ഭാഗമായി മാറുകയായിരുന്നു. ആലുവ, ആലങ്ങാട് തുടങ്ങിയ പ്രദേശങ്ങള്‍ കൊച്ചി രാജാവ് നൂറ്റാണ്ടുകള്‍ക്കുമുമ്പ് തിരുവിതാംകൂറിന് സമ്മാനമായി നല്‍കുകയായിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് വളക്കൂറുള്ള മണ്ണായിരുന്നു ആലുവയിലെ യു.സി കോളജ്. നിരവധി സമരപോരാട്ടങ്ങളിൽ ഇവിടത്തെ വിദ്യാർഥികൾ പങ്കെടുത്തിരുന്നു. രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ കോളജ് സന്ദർശനമാണ് ഇതിന് കൂടുതൽ പ്രചോദനമായത്. 1925 മാർച്ച് 18നാണ് മഹാത്മാ ഗാന്ധി ആദ്യമായി യു.സി കോളജിലെത്തിയത്. ബ്രിട്ടീഷുകാർക്കെതിരെ ദേശീയ പ്രക്ഷോഭം രാജ്യത്തെമ്പാടും ഉയരവെ വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് കേരളത്തിലെത്തിയപ്പോഴാണ് ഗാന്ധിജി കോളജ് സന്ദർശിച്ചത്. കുടിക്കാൻ ആട്ടിൻപാൽ നൽകിയാണ് മഹാത്മാ ഗാന്ധിയെ സ്വീകരിച്ചത്. മഹാത്മാ ഗാന്ധി യു.സി കോളജിൽ നടത്തിയ പ്രസംഗം കെ. രാമചന്ദ്രൻ നായർ പരിഭാഷപ്പെടുത്തിയത് ഇങ്ങനെ; 'ഈ കോളജ് സന്ദർശിക്കാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പട്ടണങ്ങളിലെ ബഹളങ്ങളിൽ നിന്നും ആൾതിരക്കിൽ നിന്നും വിദൂരമായ ഈ ഒഴിഞ്ഞ കോണിൽ ഈ കലാശാല സ്ഥാപിക്കുന്നതിന് ഭാരവാഹികളെ േപ്രരിപ്പിച്ച മനോവൃത്തിയെ ഞാൻ അഭിനന്ദിക്കുന്നു. മഹാകവി രവീന്ദ്രനാഥ ടാഗോറിെൻറ സന്ദർശനം ഈ കോളജിലെ വിദ്യാർഥികൾക്ക് കവിതയിലുള്ള താൽപര്യം വർധിപ്പിച്ചു കാണുമെന്നാണ് വിചാരിക്കുന്നത്. ജീവിതത്തിലെ കവിതയിരിക്കുന്നത് അധ്വാനത്തിലാണ്'. തുടർന്ന് കോളജിലെ സന്ദർശന ഡയറിയിൽ 'ഡിലൈറ്റ് വിത്ത് ഐഡിയൽ സിറ്റുവേഷൻ' എന്ന് രേഖപ്പെടുത്തി. ഗാന്ധി കോളജിലെത്തിയ ഓർമക്കായി ഒരു മാവ് നടുകയും ചെയ്‌തിരുന്നു. ഈ മാവ് ഇന്നും കോളജ് മുറ്റത്ത് തലയുയർത്തി നിൽക്കുന്നു. 1938ലാണ് ആലുവയില്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കരിച്ചത്. ദേശീയത ആവേശമാക്കിയ ആലുവയിലെ കുറെ ചെറുപ്പക്കാര്‍ ഒത്തുകൂടിയാണ് ആലുവയില്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കരിച്ചത്. ഇടപ്പള്ളി സ്വദേശിയായ എ.വി. ജോസഫായിരുന്നു പ്രസ്‌ഥാനത്തിന് ആലുവയില്‍ നേതൃത്വം നല്‍കിയത്. ചന്തപള്ളിക്ക് സമീപമുള്ള കെ.സി.ജോസഫിെൻറ വീടിെൻറ രണ്ടാംനില സംഘടനയുടെ പ്രവര്‍ത്തനത്തിനായി തുറന്നുകൊടുക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൊവ്വരയില്‍െവച്ചാണ് പലപ്പോഴും യോഗംചേര്‍ന്നത്. ചിലപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗത്തിനുശേഷം പതാകയേന്തി മുദ്രാവാക്യം വിളിച്ച് പെരുമ്പാവൂരിലേക്ക് പോകുകയും അവിടെയുള്ള പ്രവര്‍ത്തകരുമായി ചേര്‍ന്ന് ഗ്രാമങ്ങളിലൂടെയും മറ്റും സന്ദര്‍ശിച്ച് തിരികെ ആലുവയില്‍ എത്തുകയും ചെയ്യുമായിരുന്നു. സര്‍ സി.പിയുടെ രഹസ്യപ്പൊലീസില്‍നിന്ന് ഒഴിഞ്ഞുമാറി ആലുവയിലെ പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നിരുന്നതും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതും കൊച്ചി രാജ്യത്തിെൻറ ഭാഗമായ ഇടപ്പള്ളിയിലും എറണാകുളം ദര്‍ബാര്‍ ഹാളിന് എതിര്‍വശത്തെ സ്‌റ്റേറ്റ് കോണ്‍ഗ്രസ് ഓഫിസിലുമായിരുന്നു. 1938 ആഗസ്‌റ്റ് 26ന് വൈകീട്ട് അഞ്ചിന് നഗരത്തിലെ ഉയര്‍ന്നപ്രദേശമായ ഇന്നത്തെ പമ്പ് കവല ഭാഗത്താണ് നിയമനിഷേധ സമരം നടത്തിയത്. എ.വി ജോസഫിെൻറ നേതൃത്വത്തിലായിരുന്നു സമരം. തിരുവിതാംകൂറില്‍ ആദ്യത്തെ വിദ്യാര്‍ഥികളുടെ ക്ലാസ് ബഹിഷ്‌കരണസമരം നടന്നത് ആലുവ സെൻറ് മേരീസ് സ്‌കൂളിലാണ്. 1946ല്‍ കല്‍ക്കത്തയില്‍ പൊലീസ് വെടിവെപ്പില്‍ നാല് കോളജ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഇതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട യു.സി കോളജിലെ വിദ്യാര്‍ഥികള്‍ അടുത്ത ദിവസം കോളജ് ബഹിഷ്‌കരിച്ചു. 1921 ജൂൺ എട്ടിനാണ് കോളജ് സ്ഥാപിച്ചത്. ഇതിനായി 17 ഏക്കർ ഭൂമിയും തിരുവതാംകൂർ നാട്ടുരാജ്യത്തിെൻറ ഹജൂർ കച്ചേരിയും രാജാവ് സംഭാവനയായി നൽകുകയായിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിനായി പോരാടുന്ന സമയത്ത്, വിദ്യാര്‍ഥികളെ നിയന്ത്രിക്കണമെന്നും അല്ലെങ്കില്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്നും സി.പി. രാമസ്വാമി അയ്യര്‍ കോളജ് അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കറിയാമെന്ന് മറുപടി പറഞ്ഞ് അധ്യാപകർ അവരെ സംരക്ഷിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story