Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:44 PM IST Updated On
date_range 5 Aug 2017 3:44 PM ISTമൂവാറ്റുപുഴയിലെ ടൂറിസം പദ്ധതികള്‍ക്ക് ജീവൻവെക്കുന്നു
text_fieldsbookmark_border
മൂവാറ്റുപുഴ: പാതി വഴിയിൽ നിലച്ചതുൾപ്പെടെ മൂവാറ്റുപുഴ മണ്ഡലത്തിലെ വിവിധ ടൂറിസം പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുന്നു. നേരേത്ത നടപ്പാക്കാൻ തീരുമാനിച്ച ശേഷം ചിത്രത്തിൽനിന്നും അപ്രത്യക്ഷമായതും, പാതിവഴിയിൽ നിലച്ചതുമായ വിവിധ പദ്ധതികളാണ് പൊടി തട്ടിയെടുക്കുന്നത്. ഇതിൽ പായിപ്ര പഞ്ചായത്തിലെ പോയാലിമല ടൂറിസം പദ്ധതിയുമുൾപ്പെടും. മൂവാറ്റുപുഴ നഗരസഭയിലെ പുഴയോരം ടൂറിസം പദ്ധതി, മാറാടി ഗ്രാമപഞ്ചായത്തിലെ അരുവിക്കല്‍ കാവ് ടൂറിസം പദ്ധതി, ശൂലം വെള്ളച്ചാട്ടവും, ആരക്കുഴ പഞ്ചായത്തിലെ കൊടികുത്തിപാറ ഇക്കോ ടൂറിസം പദ്ധതി, മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ പൈനാപ്പിള്‍ സിറ്റി ടൂറിസം പദ്ധതി, കല്ലൂര്‍ക്കാട് പഞ്ചായത്തിലെ ചെമ്പന്‍ മല ടൂറിസം പദ്ധതി എന്നിവ അടക്കമുള്ളവയാണ് വീണ്ടും സജീവമായി പരിഗണിക്കുന്നത്. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ടൂറിസം ജോയൻറ് ഡയറക്ടര്‍ പി.ജി. ശിവന്‍, ടൂറിസം വകുപ്പ് ആര്‍ക്കിടെക് പി.സി. റഷീദ്, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം സുലോചന എന്നിവരുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശത്തെ ജനപ്രതിനിധികളുമായി ടൂറിസം പദ്ധതികളെ കുറിച്ച് വിലയിരുത്തി. ഈ മാസം ഒമ്പതിന് ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. തുടര്‍ന്ന് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് സമര്‍പ്പിക്കും. മൂന്നാര്‍, വാഗമണ്‍ ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്ക് മൂവാറ്റുപുഴയില്‍ ഇടത്താവളമൊരുക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയില്‍ നടപ്പാക്കിയ പുഴയോരം ടൂറിസം പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി കച്ചേരിത്താഴം പാലം വരെയുള്ള വാക്ക് വേ, തൂക്കുപാലം എന്നിവയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. പായിപ്ര പഞ്ചായത്തിലെ പോയാലിമല ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആരക്കുഴ പഞ്ചായത്തിലെ കൊടികുത്തി പാറ ഇക്കോ ടൂറിസത്തിന് ഒന്നരക്കോടിയുടെ പദ്ധതിയാണ് നേരേത്ത തയാറാക്കിയത്. എന്നാല്‍, ഇത് നടപ്പായില്ല. ഇതോടൊപ്പം മണ്ഡലത്തിലെ വിവിധ പാര്‍ക്കുകളും ഉപയോഗപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കും. യോഗത്തില്‍ ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, പഞ്ചായത്ത് പ്രസിഡൻറുമാരായ വള്ളമറ്റം കുഞ്ഞ്, ലത ശിവന്‍, ആനീസ് ക്ലീറ്റസ്, ആലീസ്.കെ.ഏലിയാസ്, വൈസ് പ്രസിഡൻറ്മാരായ എം.പി. ഇബ്രാഹിം, രാജശ്രീ അനില്‍, കെ.യു. ബേബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.എം. സീതി, ഉമാമത്ത് സലീം, മുരളി ശശി, സെലിന്‍ ജോര്‍ജ്, കെ.ബി. ബിനീഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story