Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹാരാജാസ് കോളജിൽ...

മഹാരാജാസ് കോളജിൽ വിദ്യാർഥി സംഘർഷം; പൊലീസ് ലാത്തിവീശി

text_fields
bookmark_border
കൊച്ചി: മഹാരാജാസ് കോളജിൽ വിദ്യാർഥികൾ ഏറ്റുമുട്ടി. സംഘർഷം ഒഴിവാക്കുന്നതിനിടെ വിദ്യാർഥികളുടെ ആക്രമണം ഉണ്ടായതിനെത്തുടർന്ന് പൊലീസ് ലാത്തി വീശി. പ്രവേശനം നേടി ആദ്യമായി കോളജിലെത്തിയ വിദ്യാർഥികൾ ഉൾപ്പെടെ ചിതറിയോടിയതോടെ കോളജ് കലാപഭൂമിയായി. ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്കും പ്രത്യാക്രമണത്തിൽ അസിസ്റ്റൻറ് കമീഷണർ ഉൾപ്പെടെ എട്ട് പൊലീസുകാർക്കും പരിക്കേറ്റു. സംഭവത്തിൽ 15 വിദ്യാർഥികളെ അറസ്റ്റ്ചെയ്തു. അതേസമയം, പ്രിൻസിപ്പലി​െൻറ അനുമതിയില്ലാതെ കോളജിൽ പ്രവേശിച്ച പൊലീസ് ക്ലാസുകളിൽ കയറി പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ മർദിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. വെള്ളിയാഴ്ച മൂന്നരയോടെയാണ് സംഘർഷത്തിന് തുടക്കം. ഒന്നാം വർഷ വിദ്യാർഥികളെ സ്വാഗതംചെയ്ത് കെ.എസ്.യുവി​െൻറ പരിപാടി ഓഡിറ്റോറിയത്തിൽ നടക്കുകയായിരുന്നു. ഇതിനിടെ കാമ്പസിലെ യൂനിയൻ ഓഫിസിനു സമീപമുള്ള റോയൽ കോർണറിൽ മദ്യപിച്ചെത്തിയ വിദ്യാർഥികൾ ബിരുദവിദ്യാർഥിനിയെ റാഗ്ചെയ്യാൻ ശ്രമിച്ചെന്നും ഇത് മറ്റൊരു വിഭാഗം വിദ്യാർഥികൾ തടഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയതെന്നുമാണ് പ്രാഥമിക വിവരം. ഈ സമയം കോളജ് ഗേറ്റിന് സമീപമുണ്ടായിരുന്ന പൊലീസ് സംഘം കാമ്പസിലെത്തി വിദ്യാർഥികളെ നിയന്ത്രിക്കാൻ ശ്രമിച്ചു. അസി. കമീഷണർ ലാൽജിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മദ്യപിച്ചെത്തിയ വിദ്യാർഥികൾ ആക്രമിച്ചു. പുറത്തിറങ്ങിയ പൊലീസ് കൂടുതൽ സന്നാഹങ്ങളുമായി അകത്തുകടന്നു. പൊലീസ് വീണ്ടും എത്തുന്നതുകണ്ട് പിന്നിലേക്ക് വലിഞ്ഞ വിദ്യാർഥികൾ തിരിച്ചെത്തി ഇഷ്ടികയും കല്ലും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. കല്ലേറ് ശക്തമായതോടെ പൊലീസ് ലാത്തി വീശി. ഇതോടെ കോളജിലുണ്ടായിരുന്ന വിദ്യാർഥികൾ നാലുപാടും ചിതറിയോടി. ശൗചാലയത്തിൽ അഭയം തേടാൻ ശ്രമിച്ച വിദ്യാർഥിനികളെയും പൊലിസ് വിരട്ടിയോടിച്ചു. ഇതിനിടെ പ്രശ്നം ഉണ്ടാക്കിയ വിദ്യാർഥികൾ രക്ഷപ്പെട്ടു. അതേസമയം, വിദ്യാര്‍ഥിനിയെ റാഗ് ചെയ്യുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായതെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ബിരുദ വിദ്യാര്‍ഥികളായ മുഹമ്മദ് അമീര്‍ (22), രാകേഷ് (20), ജിഷ്ണു കെ.ഹര്‍ഷന്‍ (20), ജോസ് മാത്യു (20), ശബരീഷ് (21), കെ.ജി.ആനന്ദ് (20), രാഹുല്‍ (19), മുഹമ്മദ് ആരിഫ് (20), ആല്‍ഷിഫ് സജി (18), അനേഖ് (22), അര്‍ഷാന്‍ (20), മുഹമ്മദ് റാഫിഖ് (19), അതുല്‍ സുരേന്ദ്രന്‍ (18), അതുല്‍ ഒ.വി (20), അനന്തപത്മനാഭന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. സംഘർഷത്തിന് കാരണക്കായ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. എ.സി.പി കെ. ലാല്‍ജി, സെന്‍ട്രല്‍ സി.ഐ അനന്തലാല്‍, എസ്‌.ഐ ജോസഫ് സാജന്‍, പ്രബേഷന്‍ എസ്‌.ഐ ജോബി, പൊലീസുകാരായ ഷമീര്‍, അനില്‍, ശ്യാംരാജ്, ശ്യാംകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story