Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:59 PM IST Updated On
date_range 4 Aug 2017 3:59 PM ISTഎം.ജി സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.െഎക്ക് ഉജ്ജ്വല ജയം
text_fieldsbookmark_border
കോട്ടയം: എം.ജി സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.െഎക്ക് ഉജ്ജ്വല വിജയം. ചെയർമാൻ, ജനറൽ സെക്രട്ടറി, വൈസ് ചെയർമാന്മാർ, ജോയൻറ് സെക്രട്ടറിമാർ, അക്കൗണ്ട്സ് കമ്മിറ്റി അടക്കം എസ്.എഫ്.ഐ പൂർണ ആധിപത്യം നേടി. ചെയർമാനായി കെ.എം. അരുണും (എം.ജി സർവകലാശാല എം.എ ഗാന്ധിയൻ സ്റ്റഡീസ് ഒന്നാം വർഷം) ജനറൽ സെക്രട്ടറിയായി എസ്. ശിൽപയും (ഭാരത മാത കോളജ് തൃക്കാക്കര, ബി.എ ഇംഗ്ലീഷ് സാഹിത്യം രണ്ടാം വർഷം) വിജയിച്ചു. അമൽ കൃഷ്ണ (ന്യൂമാൻ കോളജ് തൊടുപുഴ, ബി.എ മലയാളം രണ്ടാം വർഷം), അജിത് കെ. പദ്മകുമാർ (ഗുരുദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പുതുപ്പള്ളി, ഇലക്േട്രാണിക്സ് ആൻഡ് കമ്യൂണിക്കേഷൻ രണ്ടാം വർഷം), പ്രിയ എം. പ്രസാദ് (മർത്തോമ കോളജ് തിരുവല്ല, ബി.എ പൊളിറ്റിക്കൽ സയൻസ്) എന്നിവരാണ് വൈസ് ചെയർമാന്മാർ. അർജു രവി ( ഗവ. കോളജ് മൂന്നാർ, ബി.എസ്സി മാത്സ് രണ്ടാം വർഷം), ദയ സാബു (ഗവ. കോളജ് കോട്ടയം, ബി.എ ഇംഗ്ലീഷ് സാഹിത്യം രണ്ടാം വർഷം) എന്നിവർ ജോയൻറ് സെക്രട്ടറിമാരായും വിജയിച്ചു. 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ 13പേരും എസ്.എഫ്.െഎക്കാരാണ്. കെ.എസ്.യു പാനലിൽ മത്സരിച്ച എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി നിഖിൽ സാജു (ഒന്നാം വർഷ ബി.ഫാം വിദ്യാർഥി, എസ്.എം.ഇ പുതുപ്പള്ളി), ബിനു ജോൺ (ബി.എ എക്കോണമിക്സ് ഭാവനാത്മ കോളജ് ഇടുക്കി) എന്നിവർ വിജയിച്ചു. എസ്.എഫ്.ഐ കോട്ടയം ജില്ല പ്രസിഡൻറായ കെ.എം. അരുൺ വൈക്കം കൊച്ചാലുങ്കൽ കെ.ജി് മധു--സിന്ധു ദമ്പതികളുടെ മകനാണ്. എസ്.എഫ്.െഎ എറണാകുളം ജില്ല ജോയൻറ് സെക്രട്ടറിയായ എസ്. ശിൽപ കളമശ്ശേരി ഇ.എം.എസ് റോഡിൽ കുണ്ടൂരക്കാട് ടി. സുരേന്ദ്രൻ-അല്ലി സുരേന്ദ്രൻ ദമ്പതികളുടെ മകളാണ്. സർവകലാശാല അസ്ലംബി ഹാളിൽ വ്യാഴാഴ്ചയായിരുന്നു വോട്ടെടുപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കോളജുകളിൽനിന്നായി ആകെയുള്ള 290 കൗൺസിലർമാരിൽ 239 പേർ വോട്ട് രേഖപ്പെടുത്തി. ചെയർമാൻ, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ഇരുനൂറിൽ പരം വോട്ടുനേടിയാണ് എസ്.എഫ്.െഎ സ്ഥാനാർഥികളുടെ വിജയം. എസ്.എഫ്.െഎ പ്രവർത്തകർ സർവകാലശാല കാമ്പസിൽ ആഹ്ലാദപ്രകടനം നടത്തി. സംസ്ഥാന പ്രസിഡൻറ് ജെയ്ക് സി. തോമസ്, സസ്ഥാന ജോയൻറ് സെക്രട്ടറി ടി.എസ്. ശരത്, സെക്രേട്ടറിയറ്റ് അംഗം സജിത് പി. ആനന്ദ്, കോട്ടയം ജില്ല സെക്രട്ടറി റിജേഷ് കെ. ബാബു, എറണാകുളം ജില്ല സെക്രട്ടറി ജുനൈദ്, ഇടുക്കി ജില്ല സെക്രട്ടറി എം.എസ്. ശരത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story