Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2017 2:55 PM GMT Updated On
date_range 28 April 2017 2:55 PM GMTപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊർജിതം: പായിപ്രയിൽ അഞ്ചുപേര്‍ക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കുമ്പോഴും അഞ്ചുപേര്‍ക്കുകൂടി ഡെങ്കിപ്പനി കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ നാൽപതോളം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. നാലാം വാര്‍ഡില്‍ രണ്ടുപേര്‍ക്കും അഞ്ചാം വാര്‍ഡില്‍ രണ്ടുപേര്‍ക്കും 16ാം വാര്‍ഡില്‍ ഒരാള്‍ക്കുമാണ് പനി സ്ഥിരീകരിച്ചത്. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ വീടുകളിലാണ് വീണ്ടും പനി കണ്ടെത്തിയിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവിഭാഗം ഊർജിതമാക്കുമ്പോഴും വീണ്ടും പനി കണ്ടെത്തിയത് ആശങ്ക ഉണര്‍ത്തുന്നുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞദിവസം എല്‍ദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തില്‍ ആരോഗ്യവിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടന്നിരുന്നു. ഇതിനുപുറമെ പഞ്ചായത്തില്‍ ഡ്രൈഡേ ആചരിക്കുകയും ചെയ്തു. ഡെങ്കിപ്പനിയുടെ ഉറവിടം കണ്ടെത്തുന്നതിന് ജില്ല വെക്ടര്‍ കണ്ട്രോള് യൂനിറ്റിലെ അംഗങ്ങള്‍ വ്യാഴാഴ്ച പഞ്ചായത്തില്‍ പരിശോധന നടത്തി. ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ വീടുകളിലും സമീപപ്രദേശങ്ങളിലുമാണ് സംഘം പരിശോധന നടത്തിയത്. വേനല്‍ കനത്തതോടെ ടാങ്കുകളിലും വീടുകളിലെ പാത്രങ്ങളിലും വെള്ളം സംഭരിച്ചിരിക്കുന്നതില് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് സംഘം കണ്ടെത്തി . വെള്ളം സംഭരിച്ചുവെക്കുന്നത് അടച്ചുറപ്പുള്ള പാത്രത്തിലാകണമെന്ന നിർദേശം സംഘം പ്രദേശവാസികള്‍ക്ക് നല്കി. ആറ് വീടുകളില്‍ റഫ്രിജറേറ്ററിെൻറ മാലിന്യട്രേയിൽ കൊതുക് മുട്ടയിട്ട് പെരുകാന്‍ കാരണമായതായി സംഘം കണ്ടെത്തി. ചിലവീടുകളില്‍ വീട്ടുമുറ്റത്തും സമീപത്തും വലിച്ചുകെട്ടിയ ടാർപോളിൻ മടക്കുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലും കൊതുക് മുട്ടയിട്ട് പെരുകുന്നത് കണ്ടെത്തി. വെക്ടർ യൂനിറ്റിെൻറ സേവനം ആവശ്യപ്പെട്ട് പഞ്ചായത്ത് ആരോഗ്യവിഭാഗം വീണ്ടും ഡി.എം.ഒക്ക് കത്ത് നല്‍കിയിട്ടുണ്ട്. പഞ്ചായത്തിലെ അഞ്ച്, 16- വാര്‍ഡുകളില്‍ പായിപ്ര ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ.എം. സീനമോളുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസും പ്രതിരോധമരുന്ന് വിതരണവും നടന്നു. മെഡിക്കല്‍ ക്യാമ്പിെൻറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് നൂര്ജഹാന് നാസര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.എ. അനില്‍, സീനത്ത് അസീസ്, സൈനബ കൊച്ചക്കോന് എന്നിവര്‍ സംസാരിച്ചു. അഞ്ചാം വാര്‍ഡില്‍ നടന്ന ബോധവത്കരണ ക്ലാസിന് കോട്ടപ്പടി പഞ്ചായത്തിലെ ഹോമിയോ ഡോക്ടര്‍ സുനീഫ് പി.ഹനീഫയും 16ാം വാര്‍ഡില്‍ നടന്ന ബോധവത്കരണ ക്ലാസിന് ഡോ.എം.സീനമോളും നേതൃത്വം നല്കി. 29ന് പേഴക്കാപ്പിള്ളി ഷമ്മ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡെങ്കിപ്പനിക്കെതിരെയുള്ള ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്യുമെന്ന് ഡോ.എം. സീനമോള് അറിയിച്ചു. ഇതിനിടെ, പഞ്ചായത്തിൽ മഞ്ഞപ്പിത്തവും ചിക്കൻപോക്സും പടരുകയാണ്.
Next Story