Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2016 10:43 AM GMT Updated On
date_range 2016-09-04T16:13:53+05:30സ്കൂളുകള്‍ക്കു സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍ കര്‍ശനമാക്കും
text_fieldsകൊച്ചി: ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് സമീപം മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിക്കണമെന്ന നിയമം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാസമിതി യോഗം തീരുമാനിച്ചു. മുന്നറിയിപ്പു ബോര്‍ഡുകളും സീബ്രാലൈനുകളും ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാലയ അധികൃതരും കുട്ടികളും സമിതിക്ക് നിവേദനം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനും ദേശീയപാതാ അധികൃതര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. സ്കൂളിന് 50 മീറ്ററെങ്കിലും അകലെ ഇരുവശങ്ങളിലുമായി ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇതു സംബന്ധിച്ച നിയമമുണ്ടെങ്കിലും ഇപ്പോള്‍ പല സ്കൂളുകള്‍ക്കു സമീപങ്ങളിലും ബോര്‍ഡുകള്‍ ഇല്ലാത്ത സ്ഥിതിയാണ്. ഇന്‍ഫോപാര്‍ക്കിനു സമീപം സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിന് കെല്‍ട്രോണ്‍ സമര്‍പ്പിച്ച നിര്‍ദേശം യോഗം അംഗീകരിച്ചു. കാക്കനാട് മാര്‍ അത്തനേഷ്യസ് സ്കൂളിനു മുന്നില്‍ ലൈസന്‍സില്ലാതെ അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിന് മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെടാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇന്‍ഫോപാര്‍ക്കിനു മുന്നില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് സ്പീഡ് ടൈമര്‍ ഏര്‍പ്പെടുത്തും. കൊച്ചി നഗരത്തില്‍ സുഭാഷ് ചന്ദ്രബോസ് റോഡില്‍ അനാവശ്യമായ ഹബുകള്‍ നീക്കം ചെയ്യുന്നത് ആലോചിക്കാന്‍ നഗരസഭയോടും പൊതുമരാമത്തു വകുപ്പിനോടും യോഗം ആവശ്യ.െപ്പട്ടു. വിവിധയിടങ്ങളില്‍ ഇപ്പോഴുള്ള ബസ്സ്റ്റോപ്പുകള്‍ പുനരവലോകനം ചെയ്യും. നഗരത്തിലെ പ്രധാന ജങ്ഷനുകളില്‍ ബസുകള്‍ നിര്‍ത്തുന്നത് ഗതാഗത തടസ്സത്തിന് കാരണമാക്കുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ജങ്ഷനുകളില്‍നിന്ന് കുറഞ്ഞത് 50 മീറ്ററെങ്കിലും മുന്നിലോ പിന്നിലോ ആയി സ്റ്റോപ്പുകളും ബസ്ബേകളും ക്രമീകരിക്കുന്നതിനെക്കുറിച്ച് നഗരസഭയുമായി ആലോചിച്ച് തീരുമാനമെടുക്കും. യോഗത്തില്‍ സമിതിയംഗങ്ങളും പൊതുമരാമത്ത് നിരത്ത്, ദേശീയപാതാ അതോറിറ്റി പ്രതിനിധികളും മറ്റ് അനുബന്ധ വകുപ്പു പ്രതിനിധികളും പങ്കെടുത്തു.
Next Story