Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2016 5:34 PM IST Updated On
date_range 29 Nov 2016 5:34 PM ISTപതിവുതെറ്റാതെ ഒരു ഹര്‍ത്താല്‍ കൂടി
text_fieldsbookmark_border
കൊച്ചി: നോട്ടു നിരോധത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ മേഖല പ്രതിസന്ധിയിലായതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തിയ ഹര്‍ത്താലില്‍ കൊച്ചി നഗരജീവിതം പൂര്‍ണമായി സ്തംഭിച്ചു. നേരത്തേ പ്രഖ്യാപിച്ചതിനാല്‍ നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങള്‍ ഒന്നും തന്നെ പ്രവര്‍ത്തിച്ചില്ല. റോഡുകളും കച്ചവട സ്ഥാപനങ്ങളും വിജനമായി. നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളായ എം.ജി റോഡ്, ബ്രോഡ്വേ, റെയില്‍വേ സ്റ്റേഷനുകള്‍, മാര്‍ക്കറ്റ്, കെ.എസ്.ആര്‍.ടി.സി ബസ് സ്്റ്റാന്‍ഡ് എന്നിവിടങ്ങള്‍ നിശ്ചലമായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്ന് പൊലീസ് അറിയിച്ചു. ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ബാങ്കുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നു. ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ജീവനക്കാരും ഉപഭോക്താക്കളും കുറവായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തിരക്ക് കാരണം വീര്‍പ്പുമുട്ടിയ ബാങ്കുകള്‍ ഇന്ന് സമാധാനപരമായാണ് പ്രവര്‍ത്തിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ നോട്ടുക്ഷാമം കാരണം ജനം വലഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ മിക്ക എ.ടി.എം കൗണ്ടറുകളും കാലിയായിരുന്നു. പ്രവര്‍ത്തിച്ചവയിലാകട്ടെ 2000 രൂപ നോട്ടുകള്‍ മാത്രമാണ് ലഭ്യമായിരുന്നത്. അത്യാവശ്യക്കാര്‍ക്ക് ഹര്‍ത്താല്‍ ദിനത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിച്ചത് ആശ്വാസമായി. എ.ടി.എമ്മുകളില്‍ പണം നിറക്കുന്ന പ്രവൃത്തിയും നടന്നു. എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്ന് ശബരിമല സര്‍വിസുകള്‍ ഒഴികെ ബസ് സര്‍വിസ് നടത്തിയില്ല. ജീവനക്കാരുടെയും യാത്രക്കാരുടെയും കുറവ് കാരണമാണ് സര്‍വിസ് നടത്താത്തതെന്ന് അധികൃതര്‍ അറിയിച്ചു. ഇരുപത് ശതമാനത്തില്‍ താഴെ മാത്രം ജീവനക്കാരാണ് തിങ്കളാഴ്ച കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്കത്തെിയത്. റെയില്‍വേ സ്റ്റേഷനുകളിലും തിരക്കനുഭവപ്പെട്ടില്ല. കേരളത്തില്‍ സര്‍വിസ് നടത്തുന്ന മിക്ക ട്രെയിനുകളിലും ഹര്‍ത്താല്‍ ദിനത്തില്‍ യാത്രക്കാര്‍ നന്നേ കുറവായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഇതര സംസ്ഥാനത്ത് നിന്നടക്കമത്തെുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ആര്‍.ടി.ഒ ഒരുക്കിയ സ്പെഷല്‍ യാത്രാ സംവിധാനം തുണയായി. പുറമെ, റെയില്‍വേ സ്റ്റേഷനുകളില്‍ കെ.എസ്.ആര്‍.ടി.സി സ്പെഷല്‍ പമ്പ സര്‍വിസുകളും തീര്‍ഥാടകര്‍ക്ക് തുണയായി. ആര്‍.ടി.ഒ വകുപ്പ് പ്രത്യേക ട്രാവലര്‍ സംവിധാനമാണ് റെയില്‍വേ സ്റ്റേഷനുകളില്‍നിന്നൊരുക്കിയത്. ഹര്‍ത്താല്‍ ദിനത്തില്‍ കൂടുതല്‍ സര്‍വിസ് നടത്തിയെന്ന് ആര്‍.ടി.ഒ കൗണ്ടറിലെ ജീവനക്കാര്‍ പറഞ്ഞു. ഓട്ടോ-ടാക്സി വൈകുന്നേരമായതോടെ ചെറിയ തോതില്‍ സര്‍വിസ് നടത്തി. ഹര്‍ത്താലിന് പിന്തുണയുമായി ശിവസേന ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് പ്രകടനം നടത്തി. എറണാകുളം രാജേന്ദ്രമൈതാനത്തുനിന്നും ആരംഭിച്ച പ്രകടനം ഹൈക്കോടതി ജങ്ഷനില്‍ സമാപിച്ചു. ധര്‍ണ ജില്ലാ പ്രസിഡന്‍റ് ടി.ആര്‍. ദേവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി.ആര്‍. ലെനിന്‍, ജില്ലാ പ്രസിഡന്‍റ് കെ.വൈ. കുഞ്ഞുമോന്‍, സാം വര്‍ഗീസ്, പി.കെ. സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു. കളമശ്ശേരി: ഹര്‍ത്താല്‍ കളമശ്ശേരി, ഏലൂര്‍ വ്യവസായ മേഖലയില്‍ പൂര്‍ണം. സ്വകാര്യവാഹനങ്ങള്‍ ഒഴികെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കമ്പനികളിലും മറ്റു സ്വകാര്യസ്ഥാപനങ്ങളിലും ഹാജര്‍ കുറവായിരുന്നു. ഹര്‍ത്താലിന്‍െറ ഭാഗമായി രാവിലെ പ്രതിഷേധ മാര്‍ച്ച് നടത്തി. പി. രാജീവ്, പി.വി.നാരായണന്‍, അബ്ദുല്‍ കരീം, നിയാസ്, എ.എം. യൂസുഫ്, ഹെന്നി ബേബി, പി.വി.ഷാജി, കെ.പി. കരീം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മട്ടാഞ്ചേരി: ഇടതുപക്ഷം ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പശ്ചിമകൊച്ചി മേഖലയില്‍ ഏതാണ്ട് പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളും ചില സ്വകാര്യ കാറുകളും മാത്രമാണ് നിരത്തിലിറങ്ങിയത്. വല്ലാര്‍പാടം ടെര്‍മിനലിലും കൊച്ചി തുറമുഖത്തും ചരക്കുനീക്കം നിലച്ചു. മട്ടാഞ്ചേരി ബസാറിലും കടകള്‍ അടഞ്ഞുകിടന്നു. അതേസമയം, ജൂത ടൗണിലെ കടകള്‍ വിദേശികള്‍ക്കായി തുറന്ന് പ്രവര്‍ത്തിച്ചത് വിദേശസഞ്ചാരികള്‍ക്ക് ആശ്വാസമായി. ജര്‍മന്‍ ആഡംബര കപ്പലായ ഐഡാ ബെല്ലയിലത്തെിയ സഞ്ചാരികളെ കൂടി കണക്കിലെടുത്തായിരുന്നു ജൂത ടൗണിലെ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചത്. തുറമുഖത്തുനിന്നും സഞ്ചാരികള്‍ക്കായി കാറുകളും സര്‍വിസ് നടത്തി. വൈറ്റില: ഹര്‍ത്താലിന് അനുഭാവം രേഖപ്പെടുത്തിക്കൊണ്ട് വൈറ്റിലയില്‍ പ്രകടനവും പൊതുയോഗവും നടന്നു. നൂറുകണക്കിന് പേര്‍ പങ്കെടുത്ത പ്രകടനത്തിനു ശേഷം വൈറ്റില ജങ്ഷനില്‍ പൊതുയോഗവും നടന്നു. സി.പി.എം ജില്ല സെക്രട്ടറി പി.രാജീവ് ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.വി. വര്‍ഗീസ്, എ.പി. ഷാജി, മനോജ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ക്യൂബന്‍ വിപ്ളവ നേതാവ് ഫിദല്‍ കാസ്ട്രോയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അഡ്വ. എ.എന്‍. സന്തോഷ് അനുശോചനപ്രമേയം അവതരിപ്പിച്ചു. അഡ്വ. എന്‍. സതീഷ് സ്വാഗതവും എം.എസ്. ഹരിഹരന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story