Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2016 11:41 AM GMT Updated On
date_range 22 Nov 2016 11:41 AM GMTനോട്ട് ദുരിതം; ആലുവയില്‍ വ്യാപാരമേഖല പ്രതിസന്ധിയില്‍
text_fieldsbookmark_border
ആലുവ: നോട്ട് ക്ഷാമം മൂലമുള്ള ദുരിതം ആലുവയിലെ വ്യാപാരമേഖലയെയും പ്രതികൂലമായി ബാധിച്ചു. മാര്‍ക്കറ്റടക്കമുള്ള വ്യാപാര മേഖല തകര്‍ച്ചയിലാണ്. പല പ്രശ്നങ്ങളാല്‍ നഗരത്തിലെ വ്യാപാരികള്‍ പ്രതിസന്ധി നേരിടുന്നുണ്ടായിരുന്നു. അതിനിടയില്‍ നോട്ട് പ്രശ്നം കൂടി വന്നതോടെ വിപണി പൂര്‍ണമായി തകര്‍ന്നു. പണത്തിന്‍െറ ക്രയവിക്രയം തടസ്സപ്പെട്ടതിനാല്‍ വ്യാപാരികള്‍ക്ക് ചരക്കുകള്‍ കൃത്യമായി എടുക്കാന്‍ കഴിയുന്നില്ല. ജനങ്ങളുടെ കൈയില്‍ പണമില്ലാത്തത് വില്‍പനയെയും കാര്യമായി ബാധിച്ചു. തുടക്കത്തില്‍ പഴയ 1000, 500 നോട്ടുകള്‍ ഇവിടെ പലരും സ്വീകരിച്ചിരുന്നു. കച്ചവടം നടക്കാനാണ് വ്യാപാരികള്‍ ഈ തീരുമാനം എടുത്തത്. എന്നാല്‍, ഇതുമൂലം പരിശോധനകള്‍ ശക്തമായി. അതോടെ മാര്‍ക്കറ്റിലും പഴയ നോട്ടുകള്‍ എടുക്കാതായി. ഇതോടെ വിപണി ഏറക്കുറെ നിശ്ചലമാണ്. പച്ചക്കറി, മത്സ്യ, മാംസ മാര്‍ക്കറ്റുകളാണ് പ്രതിസന്ധി കൂടുതല്‍ നേരിടുന്നത്. കച്ചവടം കുറഞ്ഞതിനാല്‍ ചരക്കെടുക്കല്‍ കുറച്ചിരിക്കുകയാണ് . അതിനാല്‍ പല വസ്തുക്കള്‍ക്കും വില കൂടുതലുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക്, പാര്‍ക്കിങ് പ്രശ്നങ്ങള്‍ തുടങ്ങിയവ മൂലം സമീപ നാളുകളായി നഗരത്തില്‍ വ്യാപാരമേഖല തിരിച്ചടി നേരിടുകയാണ്. വ്യാപാരികള്‍ ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുകയാണ്. പല സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്. ചില സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് മാറിമാറി തൊഴില്‍ നല്‍കിയാണ് പ്രതിസന്ധിയെ നേരിടുന്നത്. നിത്യേന വന്‍ തുക വാടക നല്‍കി വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ കുടിശ്ശിക പെരുകി കച്ചവടം നിര്‍ത്തുന്ന ദുരവസ്ഥയിലാണ്. വസ്ത്രവ്യാപാര മേഖലയാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. പ്രമുഖ വ്യാപാരസ്ഥാപനങ്ങള്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്ന മെഷിനുകള്‍ കിട്ടാന്‍ കാലതാമസം പിടിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.
Next Story