Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎക്സിറ്റ് പോള്‍:...

എക്സിറ്റ് പോള്‍: നെഞ്ചിടിച്ച് മുന്നണി സ്ഥാനാര്‍ഥികള്‍

text_fields
bookmark_border
കോട്ടയം: എക്സിറ്റ് പോള്‍ ഫലപ്രവചനത്തില്‍ നെഞ്ചിടിച്ച് കോട്ടയത്തെ മുന്നണി സ്ഥാനാര്‍ഥികള്‍. യു.ഡി.എഫിന്‍െറ നായകരില്‍ പ്രമുഖനും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ.എം. മാണി പാലായില്‍ പരാജയപ്പെടുമെന്നും പാര്‍ട്ടി ഇത്തവണ മൂന്ന് സീറ്റില്‍ ഒതുങ്ങുമെന്നുമുള്ള എക്സിറ്റ് പോള്‍ ഫലപ്രവചനമാണ് ആശങ്കയിലാക്കുന്നത്. ഇടതുമുന്നണി തികഞ്ഞ വിജയപ്രതീക്ഷ പുലര്‍ത്തുന്ന ഏറ്റുമാനൂരില്‍ കെ. സുരേഷ്കുറുപ്പും ഇടതു പിന്തുണയോടെ പൂഞ്ഞാറില്‍ മത്സരിക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍െറ അഡ്വ. പി.സി. ജോസഫും പരാജയപ്പെടുമെന്ന എക്സിറ്റ് പോള്‍ ഫലപ്രവചനം ഇടതുമുന്നണിയെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍, എക്സിറ്റ് പോള്‍ പൂര്‍ണമായി തള്ളിയ മാണി പാലായിലും കേരളത്തിലും യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും അതിനായി 19വരെ കാത്തിരിക്കാനും വെല്ലുവിളിച്ചു. ഫലപ്രവചനത്തില്‍ വിശ്വാസമില്ളെന്ന് തുറന്നടിച്ച മാണി പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് പരാജയപ്പെടുമെന്നും അവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മാണി പാലായില്‍ 10,000 വോട്ടിന് തോല്‍ക്കുമെന്നും പൂഞ്ഞാറില്‍ താന്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും പി.സി. ജോര്‍ജ് തിരിച്ചടിച്ചു. ഏറ്റുമാനൂരില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി എ.ജി. തങ്കപ്പന്‍ കൂടുതല്‍ വോട്ട് പിടിക്കുമെന്നും ഇത് ഇടതുമുന്നണിക്ക് തിരിച്ചടിയാകുമെന്നുമാണ് എക്സിറ്റ് പോളില്‍ പറയുന്നത്. ജില്ലയില്‍ യു.ഡി.എഫിന് ഒന്നിലേറെ സീറ്റുകള്‍ നഷ്ടമാകുമെന്നാണ് പ്രവചനം. ഇത് യു.ഡി.എഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ ഒമ്പത് സീറ്റില്‍ ഏഴിടത്തായിരുന്നു യു.ഡി.എഫിന് വിജയം. ഇത്തവണ അതുണ്ടാവില്ളെന്ന നിരീക്ഷണമാണ് യു.ഡി.എഫ് നേതൃത്വത്തെ ഒന്നടങ്കം വെട്ടിലാക്കുന്നത്. യു.ഡി.എഫിന് പരാജയം സംഭവിച്ചാല്‍ അതിന് പിന്നില്‍ ബാര്‍ കോഴ ആരോപണങ്ങളും വിലയിടിവില്‍ നട്ടം തിരിയുന്ന മലയോര കര്‍ഷകരുടെ പ്രതിഷേധവുമായിരിക്കുമെന്നാണ് പൊതുവിലയിരുത്തല്‍. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പും പരാജയ കാരണമാണ്. മലയോര മേഖലയില്‍ യു.ഡി.എഫ് വിരുദ്ധ വികാരം ശക്തമായിരുന്നു. പ്രത്യേകിച്ച് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍. റബര്‍, ഏലം, നാളികേര കര്‍ഷകരെല്ലാം യു.ഡി.എഫിന് ബാലറ്റിലൂടെ തിരിച്ചടി നല്‍കുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് വിലസ്ഥിരതാ ഫണ്ട് പ്രഖ്യാപിച്ചെങ്കിലും റബര്‍ ബോര്‍ഡ് പുന$സംഘടന അനിശ്ചിതമായി നീണ്ടതും റബര്‍ ഇറക്കുമതി തുടര്‍ന്നതും തിരിച്ചടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നു. കര്‍ഷക പ്രശ്നത്തിലുള്ള സര്‍ക്കാര്‍ നടപടിയിലെ അമര്‍ഷം ഇന്‍ഫാം അടക്കമുള്ള സംഘടനകള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയില്‍ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന്‍െറ പ്രതിഫലനവും സഭകളുടെ എതിര്‍പ്പും ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ഏകീകരണവും യു.ഡി.എഫിന് തിരിച്ചടിയായയെന്നും എക്സിറ്റ് പോള്‍ ഫലപ്രവചനം ചൂണ്ടിക്കാട്ടി നേതൃത്വം ഇപ്പോള്‍ രഹസ്യമായി സമ്മതിക്കുന്നു. പുറമെ ജില്ലയിലെ ലക്ഷത്തിലധികം വരുന്ന പുതിയ വോട്ടര്‍മാരുടെ നിലപാടും ചില മണ്ഡലങ്ങളില്‍ ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യം ഉയര്‍ത്തിയ ഭീഷണിയും തിരിച്ചടിയായി. പുതിയ വോട്ടര്‍മാരുടെ മനസ്സ് പിടിക്കാന്‍ ഇത്തവണ ഇരുമുന്നണിക്കും കഴിഞ്ഞില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പോലും ഇരുമുന്നണിയും കാര്യമായ ജാഗ്രത പുലര്‍ത്തിയതുമില്ല. എന്നാല്‍, ചിലമേഖലകളില്‍ ബി.ജെ.പി ഇതിന് മുന്‍കൈയെടുത്തിരുന്നു. ജില്ലയില്‍ വൈക്കം, ഏറ്റുമാനൂര്‍, പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസ്-ബി.ജെ.പി സഖ്യം ഇരുമുന്നണിയെയും ഞെട്ടിക്കുന്ന പ്രചാരണമാണ് കാഴ്ച്ചവെച്ചത്. എങ്കിലും വിജയസാധ്യത ഒരിടത്തും ഇരുമുന്നണിയും പ്രതീക്ഷിക്കുന്നുമില്ല. എന്നാല്‍, പലയിടത്തും വോട്ട് ഭിന്നിപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഇത്തവണ ഏറ്റവുമധികം പോളിങ് നടന്നത് വൈക്കത്താണ് -80.75 ശതമാനം. ഇടതുമുന്നണിയുടെ കുത്തക മണ്ഡലമായ ഇവിടെ ഇത്തവണ ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യം ശക്തമായ വെല്ലുവിളി ഉയര്‍ത്തിയതിനാല്‍ ഇടത് വോട്ടില്‍ വിള്ളല്‍ ഉണ്ടാകുമെന്നായിരുന്നു യു.ഡി.എഫ് പ്രതീക്ഷ. തൊട്ടടുത്ത് ഇടതുമുന്നണിയുടെ കെ. സുരേഷ്കുറുപ്പ് മത്സരിച്ച ഏറ്റുമാനൂരാണ്. ഇവിടെ 79.69 ശതമാനവും പി.സി. ജോര്‍ജ് സ്വതന്ത്രനായി മത്സരിച്ച പൂഞ്ഞാറില്‍ 79.15 ശതമാനവുമാണ് പോളിങ്. ഏറ്റുമാനൂരില്‍ ബി.ജെ.പിയും പൂഞ്ഞാറില്‍ പി.സി. ജോര്‍ജും മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയായി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മത്സരിച്ച കോട്ടയത്ത് 78.07 ശതമാനവും കെ.എം. മാണിയുടെ പാലായില്‍ 77.25 ശതമാനവും പോളിങ് നടന്നു. ഇവിടെയെല്ലാം ബി.ജെ.പി ശക്തമായ പ്രചാരണമാണ് കാഴ്ചവെച്ചത്. യു.ഡി.എഫിന് ഭീഷണിയാകുന്നതും ഇതുതന്നെ. ഒപ്പം കര്‍ഷകരുടെ പ്രതിഷേധവും ഇടതിന് അനുകൂലമായെന്നാണ് കരുതുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story