Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2016 4:29 PM IST Updated On
date_range 27 March 2016 4:29 PM ISTപൈപ്പ് പൊട്ടല്‍: കീഴ്മാട് പഞ്ചായത്തില്‍ കുടിവെള്ളം മുടങ്ങിയിട്ട് മൂന്നുദിവസം
text_fieldsbookmark_border
ആലുവ: കീഴ്മാട് പഞ്ചായത്തിലേക്കുള്ള കുടിവെള്ളം മുടങ്ങിയിട്ട് മൂന്നുദിവസമായി. പൈപ്പ് പൊട്ടല്‍ തന്നെയാണ് ഇത്തവണയും വില്ലനായത്. എന്നാല്‍, അധികൃതര്‍ സ്ഥിരമായി കാണിക്കുന്ന അലംഭാവംമൂലം വേനല്‍ചൂടില്‍ ജനം വലയുകയാണ്. വെള്ളം ലഭിക്കാതെ കഷ്ടപ്പെടുന്ന നാട്ടുകാര്‍ പൊട്ടിത്തെറിയുടെ വക്കിലത്തെിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിട്ടുപോലും ജനപ്രതിനിധികളോ രാഷ്ട്രീയ നേതാക്കളോ ജനങ്ങളുടെ അടിസ്ഥാന പ്രശ്നത്തില്‍ ഇടപെടുന്നില്ളെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ആലുവ മൂന്നാര്‍ റോഡില്‍ തോട്ടുമുഖം ആലുവ ഈസ്റ്റ് കവലക്ക് സമീപമാണ് വ്യാഴാഴ്ച പൈപ്പ് പൊട്ടിയത്. ഇക്കാര്യം അപ്പോള്‍തന്നെ നാട്ടുകാര്‍ അധികൃതരെ അറിയിച്ചെങ്കിലും നടപടിയില്ല. ശനിയാഴ്ച രാവിലെയാണ് വാട്ടര്‍ അതോറിറ്റി കരാറുകാര്‍ പൈപ്പ് നന്നാക്കല്‍ ആരംഭിച്ചത്. ഇത്രയും ദിവസം ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായി. കീഴ്മാട് പഞ്ചായത്തിലേക്കുള്ള പൈപ്പുകള്‍ കാലപ്പഴക്കംകൊണ്ട് നിരന്തരം തകരാറിലാകുകയാണ്. തോട്ടുമുഖം, കീഴ്മാട്, തടിയിട്ടപറമ്പ് റോഡ്, ആലുവക്കും തോട്ടുമുഖത്തിനും ഇടയിലുള്ള റോഡിലെ വിവിധ ഭാഗങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പതിവായി പൈപ്പ് പൊട്ടുന്നത്. എം.എല്‍.എയടക്കമുള്ളവരോട് പലതവണ ആവശ്യപ്പെട്ടിട്ടും പൈപ്പുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യത്തിന് ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. ആലുവ നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമപഞ്ചായത്തായ കീഴ്മാടിന്‍െറ വടക്കേ അതിര്‍ത്തി പൂര്‍ണമായും പെരിയാറാണ്. അതിനാല്‍തന്നെ ഇവിടെ ജലലഭ്യത കൂടുതല്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍, പഞ്ചായത്തിന്‍െറ തീരമേഖല കടുത്ത ജലക്ഷാമമാണ് വേനലിന്‍െറ തുടക്കത്തില്‍ പോലും അനുഭവിക്കുന്നത്. പെരിയാറിലെ മണലൂറ്റാണ് ഇതിന് കാരണം. പരിധിവിട്ട ഖനനംമൂലം പുഴയിലെ ജലനിരപ്പ് കിണറുകളേക്കാള്‍ വളരെ താഴ്ന്ന നിലയിലാണ്. ഇതുമൂലം കിണറുകളില്‍ വെള്ളം നില്‍ക്കാത്ത അവസ്ഥയാണ്. കിണറുകള്‍ ആഴം കൂട്ടുമ്പോള്‍ ചളിയുടെ അളവ് കൂടുന്നതിനാല്‍ വെള്ളം കിട്ടിയാലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തീരപ്രദേശത്തിന്‍െറ അവസ്ഥ ഇതാണെങ്കില്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ വേനല്‍ തുടങ്ങുംമുമ്പേ കിണറുകള്‍ വറ്റുന്ന സ്ഥിതിയാണ്. ചാലക്കല്‍, മോസ്കോ, എടയപ്പുറം, കുട്ടമശ്ശേരി, അമ്പലപ്പറമ്പ്, സൂര്യ നഗര്‍, കീരംകുന്ന്, മലയന്‍കാട് തുടങ്ങിയ ഭാഗങ്ങളിലാണ് ഭൂഗര്‍ഭ ജലലഭ്യത തീരെ കുറവുള്ളത്. അതിനാല്‍തന്നെ പൈപ്പ്വെള്ളമാണ് ഭൂരിഭാഗം പ്രദേശങ്ങളുടെയും ഏക ആശ്രയം. എന്നാല്‍, ജനസാന്ദ്രത ഏറിയതും ജലലഭ്യത കുറഞ്ഞതുമായ പഞ്ചായത്തിലേക്ക് പൈപ്പിലൂടെ കുടിവെള്ളം എത്തിക്കുന്നതില്‍ അധികൃതര്‍ അവഗണന കാണിക്കുന്നതായി ആരോപണമുണ്ട്. പലപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിലാണ് പല ഭാഗങ്ങളിലും വെള്ളം ലഭിക്കുന്നത്. ഈ ഇടവേള പലപ്പോഴും ദിവസങ്ങള്‍ നീളാറുണ്ട്. ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് വെള്ളമത്തെിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലത്രേ. പഴയ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് കീഴ്മാട് ഭാഗത്തേക്കുള്ള വെള്ളം പമ്പ് ചെയ്യുന്നതും വിതരണം ചെയ്യുന്നതും. ഇത്തരം പ്രശ്നങ്ങള്‍ക്ക് പുറമെയാണ് അടിക്കടിയുള്ള പൈപ്പ് പൊട്ടല്‍. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആഴ്ചയില്‍ ഒരിക്കലാണ് വെള്ളം ലഭിക്കുന്നത്. അതാകട്ടെ നൂലുപോലെയും. പ്രഷര്‍ കൂട്ടിവിട്ടാലേ ഉയര്‍ന്ന പ്രദേശങ്ങളില്‍ കൃത്യമായി വെള്ളം ലഭിക്കൂ. എന്നാല്‍, ഇത്തരത്തില്‍ പ്രഷര്‍ കൂട്ടിയാല്‍ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ പൊട്ടുകയും ചെയ്യും. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ളെങ്കില്‍ ബഹുജന പ്രക്ഷോഭത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story