Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2016 12:50 PM GMT Updated On
date_range 2016-06-29T18:20:06+05:30അങ്കമാലി ബൈപാസ്: പോരടിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍
text_fieldsഅങ്കമാലി: അങ്കമാലി ബൈപാസിന്‍െറ പേരില്‍ മുന്നണികള്‍ തമ്മിലെ രാഷ്ട്രീയപോര് രൂക്ഷമാകുന്നു. ഗതാഗതക്കുരുക്കും അപകടങ്ങളും രൂക്ഷമായ ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന അങ്കമാലിയിലെ ബൈപാസ് നിര്‍മാണമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണിയും ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്. കന്നിയങ്കം കുറിച്ച കോണ്‍ഗ്രസിലെ റോജി എം. ജോണ്‍ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടുകയും ഇടതുമുന്നണിക്ക് ഭരണം കിട്ടുകയും ചെയ്ത സാഹചര്യത്തിലാണ് ബൈപാസ് പ്രശ്നം വീണ്ടും അങ്കമാലിയില്‍ സജീവ ചര്‍ച്ചയായത്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ അങ്കമാലിയെ പ്രതിനിധാനം ചെയ്തത് ഇടതുപക്ഷത്തെ ജോസ് തെറ്റയിലായിരുന്നു. രാഷ്ട്രീയ പോരുമൂലം അക്കാലയളവില്‍ ബൈപാസ് യാഥാര്‍ഥ്യമായില്ല. അതിനിടെയാണ് തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ പ്രധാന വാഗ്ദാനമായി ബൈപാസ് ഉയര്‍ത്തിക്കാട്ടിയത്. ഇത്തവണ എന്തെല്ലാം തടസ്സങ്ങള്‍ ഉണ്ടെങ്കിലും അഞ്ച് വര്‍ഷംകൊണ്ട് ബൈപാസ് യാഥാര്‍ഥ്യമാകുമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ഉറപ്പുണ്ട്. ഈ സാഹചര്യത്തിലാണ് ബൈപാസിന്‍െറ പിന്നില്‍ തങ്ങളുടെ പ്രയത്നമാണെന്ന് വരുത്താന്‍ ഇരുമുന്നണിയും ശ്രമം ആരംഭിച്ചത്. ഇന്നസെന്‍റ് എം.പിയുടെ അധ്യക്ഷതയില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ബൈപാസ് നിര്‍മാണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ആലോചനയോഗം ചേര്‍ന്നിരുന്നു. എം.എല്‍.എയെ ഒഴിവാക്കിയ യോഗത്തില്‍നിന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ വിട്ടുനിന്നു. ഒരാഴ്ചക്കകം റോജി എം. ജോണ്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യു.ഡി.എഫ് നേതൃത്വത്തിലും ബൈപാസ് സംബന്ധിച്ച് സര്‍വകക്ഷിയോഗം വിളിച്ചു. ഇടതുമുന്നണി പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച തിരുവനന്തപുരത്തും അങ്കമാലി ബൈപാസ് പ്രശ്നം സജീവചര്‍ച്ചയായി. റോജി എം.ജോണ്‍ നിയമസഭയില്‍ ആദ്യമായി ഉന്നയിച്ച സബ് മിഷന്‍ ബൈപാസിനെ സംബന്ധിച്ചായിരുന്നു. ബൈപാസ് യാഥാര്‍ഥ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ എം.എല്‍.എക്ക് ഉറപ്പുനല്‍കി. 5.97 കിലോമീറ്ററുള്ളതാണ് നിര്‍ദിഷ്ട ബൈപാസെന്നും 45 മീറ്റര്‍ വീതിയുള്ള ബൈപാസിന് 1100 കോടി ചെലവ് പ്രതീക്ഷിക്കുന്നതായും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു. അതിനിടെ, അങ്കമാലി ബൈപാസ് ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നസെന്‍റ് എം.പിയുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് അങ്കമാലി മണ്ഡലം നേതാക്കള്‍ മുഖ്യമന്ത്രി, ധനമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി. അഞ്ചുവര്‍ഷം മുമ്പ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ബൈപാസിന് പദ്ധതി ആവിഷ്കരിച്ച് ഫണ്ടനുവദിച്ചിട്ടും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ പിണറായി സര്‍ക്കാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന് നേതാക്കള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. നേതാക്കളായ ജോസ് തെറ്റയില്‍, പി.ജെ. വര്‍ഗീസ്, കെ.കെ. ഷിബു, ബെന്നി മൂഞ്ഞേലി, സി.ബി. രാജന്‍, ജോണി തോട്ടങ്കര എന്നിവരടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്. അതേസമയം, അങ്കമാലിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ലക്ഷ്യമിടുന്ന ബൈപാസ് അശാസ്ത്രീയവും അധികച്ചെലവ് വരുത്തുന്നതുമാണെന്ന് ബി.ജെ.പി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മേല്‍പാലമാണ് ശാശ്വത പരിഹാരം. മേല്‍പാലം നിര്‍മാണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന് പദ്ധതിയുടെ രൂപരേഖ സമര്‍പ്പിച്ചിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.
Next Story