Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2016 4:24 PM IST Updated On
date_range 13 Jun 2016 4:24 PM ISTവെള്ളൂര്‍കുന്നം ടാങ്കിലേക്കുള്ള പ്രധാന പൈപ്പ് പൊട്ടി: മൂവാറ്റുപുഴയില്‍ കുടിവെള്ളം മുടങ്ങിയിട്ട് രണ്ടുദിവസം
text_fieldsbookmark_border
മൂവാറ്റുപുഴ: വെള്ളൂര്‍കുന്നം ടാങ്കിലേക്ക് വെള്ളമത്തെിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നഗരത്തിലെ പകുതി പ്രദേശങ്ങളിലും രണ്ട് പഞ്ചായത്തിലും കുടിവെള്ളം മുടങ്ങി. ശനിയാഴ്ച രാവിലെയാണ് വെള്ളൂര്‍കുന്നം മലയില്‍ സ്ഥിതി ചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ ടാങ്കിലേക്ക് ശുദ്ധജലം എത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടിയത്. ഇതോടെ ഇവിടേക്കും തിരിച്ചുമുള്ള പൈപ്പുകള്‍ അടച്ച് ജലവിതരണം പൂര്‍ണമായും നിര്‍ത്തിവെച്ചു. പൊട്ടിയ പൈപ്പിന്‍െറ അറ്റകുറ്റപ്പണി നടത്താന്‍ ആളെ കിട്ടാതെ വന്നതോടെ ഞായറാഴ്ചയും ജലവിതരണം പുനരാരംഭിക്കാനായിട്ടില്ല. തിങ്കളാഴ്ച രാവിലെ ആളത്തെി പണി തീര്‍ത്ത് ചൊവ്വാഴ്ചയോടെ മാത്രമെ ശുദ്ധജലവിതരണം പുനരാരംഭിക്കൂ. നോമ്പുകാലം കൂടിയായതിനാല്‍ കുടിവെള്ളം മുട്ടിയത് ജനങ്ങളെ ദുരിതത്തിലാക്കി.നഗരത്തിലെ വെള്ളൂര്‍കുന്നം, ഇ.ഇ.സി, വാഴപ്പിള്ളി, പുളിഞ്ചുവട്, കടാതി, കുര്യന്‍ മല, തര്‍ബ്ബിയത്ത് നഗര്‍, ആസാദ് റോഡ്, ഉറവക്കുഴി, ഈസ്റ്റ് വാഴപ്പിള്ളി തുടങ്ങിയ മേഖലകളിലും പായിപ്ര, വാളകം പഞ്ചായത്തുകളിലുമാണ് ഇവിടെനിന്ന് ജലവിതരണം നടത്തുന്നത്. കോളനികള്‍ അടക്കം വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജലത്തെ ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് മേഖലയിലുള്ളത്. രണ്ടുദിവസമായി കുടിവെള്ളം കിട്ടാതായതോടെ ആളുകള്‍ വെള്ളത്തിന് നെട്ടോട്ടത്തിലാണ്. പലരും പണം മുടക്കി വെള്ളം വാങ്ങുകയാണ്. മൂവാറ്റുപുഴ വാട്ടര്‍ അതോറിറ്റിയുടെ രണ്ട് കുടിവെള്ള സംഭരണികളില്‍ ഒന്നാണ് വെള്ളൂര്‍കുന്നത്തേത്. ഇങ്ങോട്ടുള്ള വിതരണ പൈപ്പ് പൊട്ടി രണ്ടുദിവസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി തീര്‍ത്ത് ജലവിതരണം പുനരാരംഭിക്കാന്‍ കഴിയാത്ത വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ഉയരുകയാണ്. നഗരത്തിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലടക്കം കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ കോടികള്‍ മുടക്കി 2000ലാണ് വെള്ളൂര്‍ക്കുന്നത്ത് ടാങ്ക് സ്ഥാപിച്ചത്. കഴിഞ്ഞവര്‍ഷമുണ്ടായ കാലവര്‍ഷക്കെടുതിയില്‍ ടാങ്ക് സ്ഥിതി ചെയ്യുന്ന വെള്ളൂര്‍കുന്നം മലയിടിഞ്ഞതിനെ തുടര്‍ന്ന് കുടിവെള്ള വിതരണം ദിവസങ്ങളോളം നിര്‍ത്തി വെച്ചിരുന്നു. ശനിയാഴ്ച രാവിലെ ടാങ്കിലേക്കുള്ള പൈപ്പ്ലൈന്‍ പൊട്ടി വെള്ളം താഴേക്ക് ഒഴുകിയത് ഭീതി പരത്തി. കുത്തനെ ഒഴുകിയ വെള്ളം മലയിടിഞ്ഞതിനെ തുടര്‍ന്ന് എന്‍.എസ്.എസ് സ്കൂളിലേക്ക് മാറ്റി പാര്‍പ്പിച്ച കുടുംബങ്ങളുടെ താമസസ്ഥലത്തേക്ക് എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story