Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎറണാകുളം ജനറല്‍...

എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാത്ത്ലാബ് തുറന്നു: സമഗ്ര ആരോഗ്യനയം പ്രഖ്യാപിക്കും –മന്ത്രി ശൈലജ

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യമായും പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവിലും ചികിത്സ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയിലെ കാത്ത്ലാബും അഡ്വാന്‍സ്ഡ് ഇന്‍വേസീവ് കാര്‍ഡിയാക് കെയര്‍ യൂനിറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് സംസ്ഥാനത്തെ എല്ലാ പൗരന്മാരുടെയും ആരോഗ്യപ്രശ്നങ്ങള്‍, പ്രത്യേകതകള്‍ എന്നിവ ഇലക്ട്രോണിക് രീതിയില്‍ രേഖപ്പെടുത്തുന്ന ഇ-ഹെല്‍ത്ത് രജിസ്റ്റര്‍ നടപ്പാക്കും. ഏഴ് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ഇ-ഹെല്‍ത് രജിസ്റ്റര്‍ നടപ്പാക്കുക. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ഫാമിലി ഹെല്‍ത്ത് സെന്‍ററുകളാക്കും. ഭക്ഷണക്രമീകരണം, യോഗ തുടങ്ങിയവയും ചികിത്സയുടെ ഭാഗമായി പ്രോത്സാഹിപ്പിക്കും. നിലവില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളാക്കി ഉയര്‍ത്തിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് പാറ്റേണ്‍ പുതുക്കേണ്ടതുണ്ട്. മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനമുണ്ടെങ്കിലും കേരളത്തിലെ പൊതു, സ്വകാര്യ ആശുപത്രികളില്‍ തിരക്ക് വര്‍ധിക്കുകയാണ്. പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ട മെഡിക്കല്‍ കോളജുകളിലേക്ക് രോഗികളുടെ ഒഴുക്ക് നിയന്ത്രിക്കണമെങ്കില്‍ ജില്ലാ, താലൂക്ക് ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തണം. താലൂക്ക്, ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളാക്കി ഉയര്‍ത്തും. സ്പെഷല്‍ ഡോക്ടര്‍മാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. അത് പരിഹരിക്കാന്‍ പി.ജി പൂര്‍ത്തിയാക്കിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞത് രണ്ടുവര്‍ഷം സര്‍ക്കാര്‍ ജോലി ചെയ്യണമെന്ന് നയം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിന്‍െറ നവീകരണത്തിന് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ച ഡോ. പോള്‍ തോമസ്, ഡോ. വിജോ എന്നിവരെ മന്ത്രി പൊന്നാട അണിയിച്ചു. എം.എല്‍.എമാരായ കെ.ജെ. മാക്സി, എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനില്‍, കലക്ടര്‍ എം.ജി. രാജമാണിക്യം, മുന്‍ എം.പി പി. രാജീവ്, കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍. രമേഷ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍, മുന്‍ എം.എല്‍.എ ലൂഡി ലൂയിസ്, ഡോ. ഹസീന മുഹമ്മദ്, ഡോ. ജുനൈദ് റഹ്മാന്‍, സോജന്‍ ആന്‍റണി, ഡോ. വി. മധു, ഡോ. റോണി മാത്യു കടവില്‍, ഡോ. വി.എസ്. ഡാലിയ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ ആശുപത്രിയില്‍ കാത്ത്ലാബ് സ്ഥാപിക്കുന്നതിന് അഞ്ചുകോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ളാസ്റ്റി, പേസ് മേക്കര്‍ ഘടിപ്പിക്കല്‍, ഡിവൈസ് ക്ളോഷര്‍ തുടങ്ങിയവ നടത്താനുള്ള സൗകര്യങ്ങള്‍ കാത്ത്ലാബിലുണ്ട്. ഹൈബി ഈഡന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ലഭിച്ച 65 ലക്ഷം ഉപയോഗിച്ച് തയാറാക്കിയ അഡ്വാന്‍സ്ഡ് ഇന്‍വേസീവ് കാര്‍ഡിയാക് ലാബില്‍ രോഗനിര്‍ണയ, നിരീക്ഷണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതോടെ ഹൃദയ സംബന്ധമായ രോഗങ്ങളുടെ ചികിത്സക്ക് എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള കേന്ദ്രമായി എറണാകുളം ജനറല്‍ ആശുപത്രി മാറിയിരിക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍, ആശുപത്രി സൂപ്രണ്ട് ഡോ. വി.എസ്. ഡാലിയ എന്നിവര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story