Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോധികയെ...

വയോധികയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ ബാലന്‍ അറസ്റ്റില്‍

text_fields
bookmark_border
കയ്പമംഗലം: കയ്പമംഗലത്ത് വയോധിക തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ വിവരം നാട്ടുകാരെ അറിയിച്ച ബന്ധുവും അയല്‍വാസിയുമായ ബാലനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 26നാണ് നാട് ഞെട്ടിയ കൊലപാതകം നടന്നത്. കയ്പമംഗലം പന്ത്രണ്ടിലെ കള്ളുഷാപ്പിന് കിഴക്ക് ചാണാടിക്കല്‍ പരേതനായ ബാഹുലേയന്‍െറ ഭാര്യ സുശീലയാണ് (70) കൊല്ലപ്പെട്ടത്. ഇവരുടെ കൈയിലുണ്ടായിരുന്ന മൂന്നു വളകളും നഷ്ടപ്പെട്ടിരുന്നു. ഇവര്‍ തലക്കടിയേറ്റ് വീടിനകത്തെ കിടപ്പുമുറിയോടു ചേര്‍ന്ന കുളിമുറിയില്‍ വീണു കിടക്കുന്ന വിവരം സമീപത്തെ വീട്ടില്‍ താമസിക്കുന്ന ബന്ധുവായ 16കാരനാണ് നാട്ടുകാരെ അറിയിച്ചത്. കൊല നടന്നതിന്‍െറ അല്‍പം മുമ്പ് തന്നെ അമ്മൂമ്മ റസ്ക് വാങ്ങാന്‍ കടയില്‍ പറഞ്ഞയച്ചതായും പോകുമ്പോള്‍ തമിഴന്‍െറ സാദൃശ്യമുള്ള ഒരാള്‍ മഴുവുമായി വീടിന്‍െറ കാര്‍പോര്‍ച്ചില്‍ ഇരിക്കുന്നത് കണ്ടതായും ഈ ബാലന്‍ പൊലീസിനും മൊഴി നല്‍കി. കുട്ടി കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴന്‍െറ രേഖാചിത്രം തയറാക്കി അതുമായി സാമ്യമുള്ള മതിലകം, വലപ്പാട്, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, അന്തിക്കാട്, കാട്ടൂര്‍ ഭാഗങ്ങളിലെ തമിഴന്മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. രേഖാചിത്രത്തിലെ രൂപസാദൃശ്യമുള്ളവരെ ബാലനെ കാണിച്ചെങ്കിലും ആരെയും തിരിച്ചറിഞ്ഞില്ല. കൊലപാതകം നടന്ന വീടിനു സമീപത്തുള്ളവരെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും അടുത്തുള്ള കുളങ്ങള്‍ വറ്റിച്ച് ആയുധങ്ങള്‍ക്കായി പരിശോധന നടത്തുകയും ചെയ്തെങ്കിലും തുമ്പുണ്ടായില്ല. ഇതോടെ പൊലീസ് അന്വേഷണത്തിന്‍െറ ദിശ മാറ്റി. അപ്രകാരമുള്ള തമിഴനെ നാട്ടുകാരാരും അന്ന് കണ്ടിട്ടില്ളെന്ന് ബോധ്യമായതോടെ സംശയം ബാലനിലേക്ക് തന്നെ നീണ്ടു. കൃത്യം നടന്ന ദിവസം ഈ ബാലന്‍ പോയ സ്ഥലങ്ങള്‍, ചെയ്ത പ്രവൃത്തികള്‍ എന്നിവ വിശകലനം ചെയ്യുകയും കൂട്ടുകാരെ ചോദ്യം ചെയ്യുകയും ചെയ്തതോടെ സംശയം ബലപ്പെട്ടു. കൊല നടന്ന വീട് പരിശോധിച്ചപ്പോള്‍ ഒരു പാക്കറ്റ് റസ്ക് അവിടെയുള്ളതായി പൊലീസിന്‍െറ ശ്രദ്ധയില്‍പെട്ടു. നിറയെ വീടുകള്‍ ഉള്ള ഒരിടത്ത് പുറത്തുനിന്നൊരാള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ കൊലനടത്തി വളകള്‍ കവര്‍ന്ന് രക്ഷപ്പെടാന്‍ കഴിയില്ളെന്നും പൊലീസ് മനസ്സിലാക്കി. തുടര്‍ന്ന് പൊലീസ് ബാലനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്‍െറ ചുരുള്‍ നിവര്‍ന്നത്. സംഭവദിവസം വയോധികയുടെ വീടിന് മുന്നിലൂടെ സൈക്കിളില്‍ വരുകയായിരുന്ന ബാലനോട് വയോധിക അവരുടെ കാണാതായ 5,000 രൂപ മോഷ്ടിച്ചത് അവനാണെന്ന് പറയുകയും ഇതുസംബന്ധമായി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. തിരിച്ചുപോയ ബാലന്‍ അല്‍പം കഴിഞ്ഞ് വീണ്ടും ഇവരുടെ വീട്ടിലേക്ക് തന്നെ തിരിച്ചത്തെി. അപ്പോള്‍ ഇവര്‍ കുളി കഴിഞ്ഞു നില്‍ക്കുകയായിരുന്നു. വീണ്ടും തര്‍ക്കമുണ്ടായത്തോടെ വയോധിക ബാലനെ തല്ലി. ബാലന്‍ പിടിച്ചുതള്ളിയപ്പോള്‍ നിയന്ത്രണം തെറ്റിയ വയോധിക കുളിമുറിയിലെ അലക്കുകല്ലില്‍ തലയിടിച്ചു വീണു. ഇവര്‍ ശ്വാസം കിട്ടാതെ പിടയുന്നത് കണ്ടപ്പോള്‍ ഇക്കാര്യം ആരോടെങ്കിലും പറയുമെന്ന് ഭയന്ന് കുളിമുറിയിലെ മറ്റൊരു കരിങ്കല്‍ കഷണമെടുത്ത് വയോധികയുടെ തലക്കടിച്ചു. മരിച്ചെന്നുറപ്പായപ്പോള്‍ ഇത് കവര്‍ച്ചക്കായി നടത്തിയ കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വയോധികയുടെ കൈയിലുണ്ടായിരുന്ന വളകള്‍ ഊരിയെടുത്ത് റസ്ക് വാങ്ങാന്‍ പോയി. റസ്ക് വാങ്ങി വന്ന ശേഷം വളകള്‍ സ്വന്തം വീട്ടിലെ വിറകുപുരയില്‍ ഒളിപ്പിച്ചു. പിന്നീട് കൂട്ടുകാരനെ വിളിച്ചുകൊണ്ടു വന്നു അമ്മൂമ്മ മരിച്ചത് കാണിക്കുകയും ആളെ കൂട്ടി കഥ മെനയുകയും ആയിരുന്നു. ഒളിപ്പിച്ച വളകള്‍ പൊലീസ് ശനിയാഴ്ച രാത്രി കണ്ടെടുത്തു. കൊടുങ്ങല്ലൂര്‍ സി.ഐ സലീഷ്, മതിലകം എസ്.ഐ കൈലാസ്നാഥ്, ഇരിങ്ങാലക്കുട സബ് ഡിവിഷന്‍ ക്രൈം സ്ക്വാഡ് എസ്.ഐ മുഹമ്മദ് റാഫി, സി.പി.ഒമാരായ സുനില്‍, ഫ്രാന്‍സിസ്, റാഫി, മുഹമ്മദ് അഷ്റഫ്, ഷഫീര്‍ബാന്‍, സൂരജ് വി. ദേവ്, ലിജു ഇയ്യനി, പ്രദീപ്, ഷാജു, സിജു, ഹണിമോന്‍, രവി, സഞ്ജയന്‍, ഷിബു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story