Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2016 10:42 AM GMT Updated On
date_range 2016-02-18T16:12:18+05:30കുട്ടനാട്ടിലെ വയലുകള്‍ ഭൂമാഫിയ കൈയടക്കുന്നു
text_fieldsആലപ്പുഴ: തുടര്‍ച്ചയായ കൃഷിനഷ്ടം മൂലം കര്‍ഷകര്‍ കടക്കെണിയില്‍ നട്ടംതിരിയുമ്പോള്‍ കുട്ടനാട്ടിലെ വയലുകള്‍ ഭൂമാഫിയ കൈയടക്കുന്നു. കുട്ടനാടിന്‍െറ ഉള്‍പ്രദേശങ്ങളിലേക്കും റോഡ് സൗകര്യം വര്‍ധിച്ചതോടെ നിലംനികത്തലുകാരുടെ പ്രവര്‍ത്തനം വ്യാപകമാവുകയാണ്. ഇതിനൊക്കെ മുന്നണി ഭേദമില്ലാതെ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും രഹസ്യപിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് നിയമവിരുദ്ധ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. എടത്വ, നീലംപേരൂര്‍, തലവടി, മുട്ടാര്‍, ചമ്പക്കുളം, നെടുമുടി എന്നിവിടങ്ങളില്‍ വലുതും ചെറുതുമായ നികത്തല്‍ നടക്കുന്നുണ്ട്. മുമ്പ് നികത്തുന്ന സ്ഥലങ്ങളില്‍ രാഷ്ട്രീയക്കാരത്തെി കൊടികുത്തുകയും പടികിട്ടുമ്പോള്‍ എടുത്തുമാറ്റുകയും ചെയ്യുന്ന രീതി ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പേരിനുപോലും പ്രതിഷേധം ഉയര്‍ത്തുന്നില്ല. ഇതരജില്ലകളില്‍നിന്ന് എത്തുന്ന ഭൂമാഫിയ ഏക്കറുകണക്കിന് വയല്‍ വാങ്ങി രണ്ടും മൂന്നും വര്‍ഷം കൃഷിചെയ്യാതിട്ടശേഷം ക്രമേണ ഒരറ്റം മുതല്‍ നികത്തിത്തുടങ്ങുകയാണ് രീതി. നികത്തുന്ന ഭൂമി ചെറിയ പ്ളോട്ടുകളാക്കി വില്‍ക്കുകയും ചെയ്യുന്നു. നദികളോടും കായലുകളോടും ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ നികത്തിയ നിലങ്ങള്‍ റിസോര്‍ട്ട് നിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്. വീടുവെക്കാന്‍ നിലം നികത്തുന്നതിന് അനുമതി നേടിയശേഷമാണ് പ്രധാനമായും നികത്തല്‍ നടക്കുന്നത്. വ്യാപകമായി നിലം നികത്തിയെടുക്കാന്‍ സൗകര്യത്തിന് ഉദ്യോഗസ്ഥര്‍ വയലിന്‍െറ മധ്യത്തില്‍ പോലും വീടുവെക്കാന്‍ അനുമതി കൊടുക്കുന്നു. ഇവിടേക്ക് വഴിയും നല്‍കുന്നതോടെ വഴിയോടുചേര്‍ന്ന പ്രദേശങ്ങളും പിന്നീട് നികത്തി കരഭൂമിയാക്കുകയാണ് ചെയ്യുന്നത്. കൈവശരേഖ ഇല്ലാത്തതും കരമൊടുക്കാത്തതുമായ പാടങ്ങളും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരഭൂമിയാക്കി മാറ്റുന്നു. വന്‍കിടക്കാര്‍ നിലം പാട്ടത്തിന് നല്‍കി കൃഷിയില്‍നിന്ന് പിന്മാറുകയും പാട്ടത്തിനെടുക്കുന്നവര്‍ ഉടമയുടെ അനുമതിയോടെ നിലം കരഭൂമിയാക്കി മാറ്റുകയും ചെയ്യുന്നതാണ് മറ്റൊരു രീതി. കുട്ടനാട്ടില്‍ നിലവില്‍ 3052 ഹെക്ടര്‍ തരിശുഭൂമി ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഏറെയും നികത്തല്‍ ലക്ഷ്യമിട്ട് ബോധപൂര്‍വം തരിശിട്ടതാണ്. സര്‍ക്കാറിന്‍െറ ഇടപെടലും സഹായവും ഉണ്ടെങ്കില്‍ ഈ പ്രദേശങ്ങളില്‍ കൃഷി ഇറക്കാവുന്നതാണ്. ഇതുകൂടാതെ നിരവധി പാടശേഖരങ്ങള്‍ പതിവായി രണ്ടുകൃഷി ഇറക്കുന്നതില്‍നിന്ന് പിന്നാക്കംപോവുകയും ചെയ്യുന്നു. രണ്ടും മൂന്നും വര്‍ഷമായി പുഞ്ചകൃഷിയോ രണ്ടാം കൃഷിയോ ഇറക്കാത്ത പാടങ്ങളുമുണ്ട്. കൃഷി വകുപ്പിന്‍െറ ശക്തമായ ഇടപെടല്‍ ഉണ്ടായില്ളെങ്കില്‍ ഈ പാടശേഖരങ്ങളും വൈകാതെ തരിശുഭൂമിയുടെ ലിസ്റ്റിലേക്ക് മാറും. വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന കൃഷിനാശം കൂടാതെ കീടബാധ നിമിത്തം വിളവ് ഗണ്യമായി കുറയുന്നതും പതിവായതാണ് കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുന്നത്. കൃഷിച്ചെലവാകട്ടെ ഗണ്യമായി വര്‍ധിച്ചു. ഇതിന് ആനുപാതികമായി നെല്‍വില വര്‍ധിപ്പിക്കുന്നില്ല. ആവശ്യത്തിന് യന്ത്രം ലഭിക്കാതെ യഥാസമയം കൊയ്ത്തുനടത്താന്‍ കഴിയാതെവരുന്നതാണ് മറ്റൊരു ബുദ്ധിമുട്ട്. നെല്‍വില യഥാസമയം നല്‍കാതെ സപൈ്ളകോയും കര്‍ഷകരെ വട്ടംകറക്കുന്നു. ദേശസാത്കൃത ബാങ്കുകളില്‍നിന്ന് കൃഷി വായ്പ ലഭിക്കാനുളള നിയന്ത്രണങ്ങളും കര്‍ഷകര്‍ക്ക് തിരിച്ചടിയിയി. പാക്കേജിനെക്കുറിച്ച പ്രതീക്ഷ അസ്ഥാനത്തായതാണ് നെല്ലറയുടെ ഭാവിയെക്കുറിച്ചുതന്നെ ആശങ്ക ഉയര്‍ത്തി പ്രതിസന്ധി രൂക്ഷമാകാന്‍ ഇടയാക്കിയത്.
Next Story