Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2016 4:29 PM IST Updated On
date_range 27 April 2016 4:29 PM ISTആദ്യകുര്‍ബാനയുടെ ഒരുക്കം അന്ത്യശുശ്രൂഷക്ക് വഴിമാറി
text_fieldsbookmark_border
കൊച്ചി: ആദ്യകുര്‍ബാനക്ക് അണിയാന്‍ വാശിപിടിച്ച് വാങ്ങിയ തൂവെള്ളവസ്ത്രവും ഷൂസും അണിഞ്ഞ് റിസ്റ്റി ഒരിക്കലും ഉണരാത്ത മയക്കത്തിലാണ്. കുര്‍ബാന ശുശ്രൂഷക്കായി ഒരുങ്ങേണ്ട എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിലെ അള്‍ത്താര റിസ്റ്റിയുടെ അന്ത്യശുശ്രൂഷകള്‍ക്കായുള്ള ഒരുക്കത്തിലും. ആഘോഷ രാവുകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ട വീട്ടുമുറ്റത്തൊരുക്കിയ പന്തലില്‍ മൊബൈല്‍ മോര്‍ച്ചറിയില്‍ വിറങ്ങലിച്ചുകിടക്കുന്ന റിസ്റ്റിയെ നോക്കി മാതാപിതാക്കളായ ജോണും ലിനിയും സഹോദരന്‍ ഏബിളും കണ്ണീരൊഴുക്കുമ്പോള്‍ ഒരുനാട് മുഴുവന്‍ ആ സങ്കടത്തേങ്ങലില്‍ പങ്കുചേര്‍ന്നു. 30നാണ് റിസ്റ്റിയും ഏബിളും ഉള്‍പ്പെടെ 300 കുട്ടികളുടെ ആദ്യകുര്‍ബാന നിശ്ചയിച്ചിരുന്നത്. ഏബിളിന് രണ്ടു വര്‍ഷം മുമ്പ് ആദ്യകുര്‍ബാനക്ക് പ്രായമത്തെിയിരുന്നു. എന്നാല്‍, രണ്ടുമക്കളുടെയും ആദ്യകുര്‍ബാന ഒരുമിച്ചു നടത്തണമെന്നായിരുന്നു ജോണിന്‍െറയും ലിനിയുടെയും ആഗ്രഹം. കഴിഞ്ഞദിവസമാണ് പള്ളിയില്‍നിന്ന് തീയതിയും സമയവും കുറിച്ചുള്ള അറിയിപ്പ് കിട്ടിയത്. അതോടെ ആഘോഷ പ്രതീതിയിലായിരുന്നു ജോണും കുടുംബവും. തിങ്കളാഴ്ചതന്നെ നഗരത്തിലത്തെി കുര്‍ബാനക്ക് വസ്ത്രങ്ങളും ഷൂസും വാങ്ങി. എന്നാല്‍, പുതിയ വാച്ചും വാങ്ങണമെന്നായി റിസ്റ്റി. അനുജനൊപ്പം ആദ്യകുര്‍ബാന സ്വീകരിക്കാനുള്ള സന്തോഷത്തില്‍ ഏബിളും റിസ്റ്റിയെ പിന്തുണച്ചതോടെ മക്കളുടെ പിടിവാശിക്കുമുന്നില്‍ ജോണും ലിനിയും തോറ്റുകൊടുത്തു. എന്നാല്‍, ചിന്തകളെ മദ്യവും മയക്കുമരുന്നും കവര്‍ന്നെടുത്ത അയല്‍വാസിയുടെ കത്തിത്തുമ്പില്‍ റിസ്റ്റി പിടഞ്ഞുവീണപ്പോള്‍ ഇല്ലാതായത് ഒരു കുടുംബത്തിന്‍െറ പ്രതീക്ഷകളാണ്. അനുജന്‍െറ ചേതനയറ്റ മുഖം കണ്ട് ഒന്നും മിണ്ടാനാകാത്ത അവസ്ഥയിലായിരുന്നു ഏബിള്‍. റിസ്റ്റിയെക്കുറിച്ച് പറഞ്ഞപ്പോഴൊക്കെ വാക്കുകള്‍ മുറിഞ്ഞു. ‘പരീക്ഷഫലം അറിയാന്‍ ഇനി തന്‍െറ കൂടെ ആരാണ് വരുക. രാത്രി കിടക്കയില്‍ ആരോടാണ് ഇനി വഴക്കിടുക...’ ഏബിളിന്‍െറ ചോദ്യങ്ങള്‍ കേട്ടിരിക്കുന്നവരുടെ ഹൃദയങ്ങളെക്കൂടി മുറിവേല്‍പിച്ചുകൊണ്ടിരുന്നു. ‘ഏറ്റവും പ്രിയപ്പെട്ട ലെയ്സ് വാങ്ങാന്‍ ഇനി ഞാന്‍ ആര്‍ക്ക് പൈസ കൊടുക്കും. ചേട്ടനുമായി വഴക്കുകൂടാന്‍ ആരുമില്ലാതായല്ളോ... ആര്‍ക്കുവേണ്ടി ഞാനിനി മധ്യസ്ഥത പറയണം’ എന്ന വാക്കുകളില്‍ നീറി അമ്മയുടെ മനം. വഴിയില്‍ വീണുകിടന്ന മകന്‍െറ കഴുത്തില്‍നിന്ന് കുത്തേറ്റ കത്തി വലിച്ചൂരിയ അമ്മയുടെ ധൈര്യമെല്ലാം ചോര്‍ന്നുപോയിരുന്നു. മകന്‍െറ ഓരോ തുള്ളി രക്തവും സ്വന്തം കണ്ണീരിനൊപ്പം ചേര്‍ന്ന് ആ അമ്മയുടെ കുപ്പായമാകെ നനച്ചിരുന്നു. കൈയിലും കാലിലും ഉണങ്ങിയ രക്തപ്പാടുകളുമായി നിശ്ശബ്മായി തേങ്ങുകയായിരുന്നു അച്ഛന്‍ ജോണ്‍. ഏബിളാണ് സാധാരണ രാവിലെ കടയില്‍ പോകാറ്. എബിളിന് പനിയായിരുന്നതിനാലാണ് ചൊവ്വാഴ്ച റിസ്റ്റി പോയത്. കടയില്‍ പോയി കോളനിയിലൂടെയുള്ള വഴിയിലൂടെയാണ് ഏബിളും റിസ്റ്റിയും സാധാരണ തിരിച്ചുവരാറുള്ളത്. എന്നാല്‍, കോളനിയിലെ പട്ടിയെ പേടിച്ചാണ് റിസ്റ്റി ചെറുകരയത്ത് ലെയ്നിലൂടെ വന്നത്. അതുപക്ഷേ അവസാന യാത്രയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അജി മദ്യത്തിനും മയക്കുമരുന്നിനും അടിമയെന്ന് നാട്ടുകാര്‍ കൊച്ചി: അജി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന മാതാപിതാക്കളുടെയും പൊലീസിന്‍െറയും വാദം തള്ളി നാട്ടുകാര്‍. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു അജി. അതേതുടര്‍ന്നുണ്ടായ മാനസിക വിഭ്രാന്തിയായിരുന്നു അജിക്ക്. മദ്യമോ മയക്കുമരുന്നോ ലഭിക്കാതെവരുമ്പോള്‍ അക്രമാസക്തമാകുന്നതായിരുന്നു സ്വഭാവമെന്നും നാട്ടുകാര്‍ പറഞ്ഞു. അജിയുടെ ശല്യം സഹിക്കവയ്യാതെയാണ് മൂത്തസഹോദരന്‍ വീട്ടില്‍നിന്ന് മാറിയത്. സഹോദരിയും വിവാഹിതയായി പോയതോടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞത്. പലപ്പോഴും ഇവരെ ആക്രമിക്കുമായിരുന്നു. ആക്രമണം ഭയന്ന് അമ്മ പെട്രീഷ്യ, കൊല്ലപ്പെട്ട റിസ്റ്റിയുടെ വീട്ടിലാണ് പലപ്പോഴും രാത്രി കിടക്കാറുള്ളത്. പൊലീസിനെ അറിയിക്കുമ്പോള്‍ ഏതെങ്കിലും മനോരോഗ ചികിത്സാകേന്ദ്രത്തിലാക്കും. ഏതാനും ദിവസത്തെ ചികിത്സക്കുശേഷം തിരിച്ചത്തെി പഴയ സ്വഭാവം തുടരും. മദ്യമോ മയക്കുമരുന്നോ ലഭിക്കാതെവരുമ്പോള്‍ അക്രമസ്വഭാവം കാണിക്കും. വഴിയില്‍കൂടി പോകുന്നവരെ കല്ളെറിഞ്ഞതും പെണ്‍കുട്ടികളെ ഉപദ്രവിച്ചതും ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൊലീസ് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ അമ്മയാണ് അജിയെ ഇറക്കിക്കൊണ്ടുവരാറുള്ളത്. മാര്‍ബിള്‍, മൊസൈക് പണികള്‍ കരാറെടുത്ത് ചെയ്യുന്നതായിരുന്നു അജിയുടെ പ്രധാന ജോലി. മയക്കുമരുന്നിന് അടിമയായതിനാലും അക്രമസ്വഭാവും കാരണം പലരും ജോലി നല്‍കാറില്ലായിരുന്നു. ഇതേതുടര്‍ന്ന് സമീപ വീടുകളില്‍നിന്ന് വിലകൂടിയ പാത്രങ്ങളും മറ്റും മോഷ്ടിച്ച് വിറ്റാണ് ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പണം കണ്ടത്തെിയിരുന്നതെന്നും സമീപവാസികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story