Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2015 9:47 AM GMT Updated On
date_range 2015-09-27T15:17:28+05:30‘അശ്വമേധം’ ബസ് വിവാദം: കുടുംബശ്രീയെ വെട്ടിലാക്കിയെന്ന്
text_fieldsമരട്: മരട് പഞ്ചായത്ത് കുടുംബശ്രീയുടെ ‘അശ്വമേധം’ ബസ് വിവാദം നഗരസഭയിലെ കുടുംബശ്രീയെ വെട്ടിലാക്കിയതായി സി.ഡി.എസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുടുംബശ്രീയിലെ വനിതകളുടെ ഓട്ടോറിക്ഷകളോടൊപ്പംതന്നെ വനിതകള്‍ മാത്രം കൈകാര്യം ചെയ്ത് സര്‍വിസ് നടത്താന്‍ 2008ല്‍ ഒരു ബസ് വാങ്ങി നല്‍കിയിരുന്നു. കേരളത്തില്‍ ആദ്യമായി ഡ്രൈവര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും വനിതകളായി അശ്വമേധം എന്ന പേരില്‍ ബസ് സര്‍വിസും ആരംഭിച്ചു. എന്നാല്‍, ഏറെ താമസിയാതെ ബസിന് കേടുപാടുകള്‍ നിത്യസംഭവമായി. പഞ്ചായത്ത് ഭരണം അവസാനിച്ച് നഗരസഭ യു.ഡി.എഫ് ഭരണത്തിലായതോടെ അശ്വമേധം ബസ് സര്‍വിസ് വന്‍ നഷ്ടത്തിലായി. ഇതോടെ കുടുംബശ്രീയുടെ കീഴില്‍നിന്ന് ബസിന്‍െറ ചുമതല ചില സ്വകാര്യവ്യക്തികളെ ഏല്‍പിച്ച് നഗരസഭ പിന്മാറുകയായിരുന്നു. വനിതകള്‍ക്കായി നടത്തിയ ബസ് പുരുഷന്മാരെ ഏല്‍പിച്ചതോടെ ജോലി നഷ്ടപ്പെട്ട സ്ത്രീകള്‍ 2008ല്‍ അടച്ച 10 പേരുടെ ഓഹരിയായ ഒരു ലക്ഷം രൂപ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. ദേവസി നഗരസഭക്ക് നോട്ടീസ് നല്‍കി. ഫണ്ട് തിരിച്ചുനല്‍കിയില്ളെങ്കില്‍ നഗരസഭക്ക് മുന്നില്‍ 28 മുതല്‍ സത്യഗ്രഹം നടത്തുമെന്നും കെ.എ. ദേവസി അറിയിച്ചു. എന്നാല്‍, 2008ല്‍ വനിതകളുടെ ഷെയറായി സ്വരൂപിച്ച ഒരു ലക്ഷം രൂപ അന്നത്തെ പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം സി.ഡി.എസ് അക്കൗണ്ടില്‍ ബാങ്കില്‍ നിക്ഷേപിച്ചതായാണ് പഞ്ചായത്ത് രേഖ. അതേസമയം, സി.ഡി.എസ് ബാങ്ക് അക്കൗണ്ടില്‍ തുക എത്തിയതായി കാണുന്നില്ല. ഇതാണ് സി.ഡി.എസിനെ വെട്ടിലാക്കിയിരിക്കുന്നത്. അന്നത്തെ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഒരു ലക്ഷം രൂപ പിരിച്ചെടുത്ത് പഞ്ചായത്ത് അക്കൗണ്ടില്‍ നിക്ഷേപിച്ചതായാണ് അന്ന് സി.ഡി.എസ് യോഗത്തില്‍ അറിയിച്ചത്. എന്നാല്‍, പഞ്ചായത്ത് അക്കൗണ്ട് പരിശോധിക്കാന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ തയാറാകണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ യമുന ബോബന്‍, സാമൂഹിക വികസന കമീഷണര്‍ മിനി സുനില്‍, വൈസ് ചെയര്‍പേഴ്സണ്‍ അംബിക രമേശന്‍, സി.ഒ. സ്വര്‍ണകുമാരി രമേഷ് എന്നിവര്‍ പങ്കെടുത്തു.
Next Story