Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2015 11:41 AM GMT Updated On
date_range 2015-09-24T17:11:19+05:30കൊടുവേലിച്ചിറ സംരക്ഷിക്കണമെന്ന് ആവശ്യം
text_fieldsപെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ കൊടുവേലിച്ചിറ സംരക്ഷിക്കണമെന്ന ആവശ്യം ഉയരുന്നു. 18.5 ഏക്കര്‍ വിസ്തൃതിയുണ്ടായിരുന്ന ചിറ ഭൂമി കൈയേറ്റം മൂലം ഇപ്പോള്‍ മൂന്നിലൊന്നായി ചുരുങ്ങിയിരിക്കുകയാണെന്ന് നാട്ടുകാര്‍ അധികൃതര്‍ക്കയച്ച പരാതിയില്‍ പറയുന്നു. കൈയേറ്റം ഒഴിവാക്കി ശുദ്ധീകരിച്ചാല്‍ ജില്ലയിലെ ഏറ്റവും നല്ല ശുദ്ധജല സ്രോതസ്സായി ചിറയെ മാറ്റാം. ചിറ സംരക്ഷണ നടപടികള്‍ക്ക് മാസ്റ്റര്‍പ്ളാന്‍ തയാറാക്കി സ്പെഷല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ വന്‍ ടൂറിസ സാധ്യതയും മത്സ്യസമ്പത്തും ഇവിടെ സൃഷ്ടിച്ചെടുക്കാം. നിലവിലുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് പാര്‍ശ്വഭിത്തി കെട്ടി റിങ് റോഡും ഇടവൂര്‍, കൂടാലപ്പാട്, കൊടുവേലിപ്പടി, ഈസ്റ്റ് ഒക്കല്‍ കരകളില്‍ നിന്നുള്ള പ്രവേശ റോഡും നിര്‍മിച്ചാല്‍ സഞ്ചാരികളുടെ ആകര്‍ഷണമാകും കൊടുവേലിച്ചിറ. ഈസ്റ്റ് ഒക്കല്‍ ഭാഗത്തുനിന്ന് നിലവില്‍ ചിറയിലേക്ക് പ്രവേശ കവാടമുണ്ട്. എന്നാല്‍, ഏക്കര്‍ കണക്കിന് ഭൂമിയുള്ള ചിറയിലേക്കത്തെണമെങ്കില് ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെ ഭൂമിയെ ആശ്രയിക്കേണ്ട ഗതികേടാണ്. ചിറയുടെ ആഴവും ജലനിരപ്പും ക്രമീകരിക്കുക, നിരപ്പുബണ്ട് കെട്ടി ആവശ്യമായ അളവില്‍ ജലം നിലനിര്‍ത്തുക, സമീപവാസികള്‍ക്ക് കുളിക്കാനും അലക്കാനും അനുയോജ്യമായ വിധത്തില്‍ ആവശ്യമായ ഇടങ്ങളില്‍ കുളിക്കടവുകള്‍ നിര്‍മിക്കുക, ബണ്ടു നിര്‍മാണം പൂര്‍ണമായും സുരക്ഷിത കരിങ്കല്‍ കൊണ്ട് നിര്‍മിക്കുക, കുള സസ്യങ്ങളുടെ വളര്‍ച്ച തടയുക, വിവിധ നാടന്‍ മത്സ്യങ്ങള്‍ നിക്ഷേപിച്ച് പരിപാലിക്കുക, നിശ്ചിത ഇടം ആമ്പല്‍ താമര തുടങ്ങിയ ചെടികള്‍ വെച്ച് പിടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള പരാതികള്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നാട്ടുകാര്‍ നല്‍കിയിട്ടുണ്ട്. കൊടുവേലിച്ചിറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളാണ് മുമ്പ് നല്‍കിയിട്ടുള്ളത്. 2013ല്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും പരാതി നല്‍കിയിരുന്നു. അപേക്ഷകളിലും പരാതികളിലും ഒരു നടപടിയും ഉണ്ടായിട്ടില്ളെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ചിറയുടെ സംരക്ഷകരായ ഒക്കല്ഗ്രാമപഞ്ചായത്ത് അധികൃതര്‍ ചിറ റീസര്‍വേ നടത്താനൊ, സ്പെഷല്‍ റീസര്‍വേ സംഘത്തെ അയക്കാനൊ ആവശ്യപ്പെട്ടുകൊണ്ട് താലൂക്കില്‍ ഇതുവരെയും അപേക്ഷ പോലും നല്‍കിയിട്ടില്ളെന്നാണ് ആക്ഷേപം.
Next Story