Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2015 11:38 AM GMT Updated On
date_range 2015-09-16T17:08:16+05:30സീപോര്‍ട്ട്–എയര്‍പോര്‍ട്ട് റോഡില്‍ അടിയന്തര ഗതാഗത പരിഷ്കാരം
text_fieldsകൊച്ചി: അപകടം തുടര്‍കഥയായ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യത്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. കഴിഞ്ഞദിവസം ഇന്‍ഫോപാര്‍ക്കിനു സമീപം രാജഗിരി ജങ്ഷനില്‍ രണ്ടുപേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ പുതിയ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനും തീരുമാനമായി. സിഗ്നല്‍ ലൈറ്റ് ഇന്‍ഫോപാര്‍ക്ക് മുന്‍കൈയെടുത്തു സ്ഥാപിക്കുമെന്ന് സി.ഇ.ഒ ഋഷികേശ് നായര്‍ അറിയിച്ചു. ഇക്കാര്യം റോഡ് സുരക്ഷ അതോറിറ്റിയുടെ അനുമതിക്ക് ശിപാര്‍ശചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു. വിഷയം ഇന്‍ഫോപാര്‍ക്ക് ബോര്‍ഡ് അംഗീകാരത്തിനായി പിന്നീട് സമര്‍പ്പിക്കും. സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാന്‍ 10 ലക്ഷം രൂപയോളം ചെലവുവരും. ഇന്‍ഫോപാര്‍ക്ക് റോഡിന്‍െറ കവാടത്തില്‍ മൂന്നു സ്പീഡ് ബ്രേക്കറുകളും ഹമ്പുകളും സ്ഥാപിക്കാന്‍ നടപടിയായി. ഇവിടം മുതല്‍ കളമശ്ശേരിവരെ റോഡിലെ തകരാറുകള്‍ ഉടന്‍പരിഹരിക്കുമെന്ന് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ പ്രതിനിധി അറിയിച്ചു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ സഞ്ചാരസമയമായ രാവിലെ എട്ടരമുതല്‍ ഒമ്പതര വരെയും വൈകുന്നേരം മൂന്നര മുതല്‍ നാലരവരെയും ഹെവി വാഹനങ്ങള്‍ നിരോധിച്ചു. ഇന്‍ഫോപാര്‍ക്ക് കവാടത്തിനുമുന്നിലെ ബെല്‍മൗത്ത് രണ്ടുവശങ്ങളിലേക്കും 150 മീറ്റര്‍ വര്‍ധിപ്പിക്കും. ട്രാഫിക് വാര്‍ഡന്‍െറ സേവനവും പ്രയോജനപ്പെടുത്തും. ഗതാഗത പ്രശ്നമുണ്ടാക്കുന്ന സാഹചര്യത്തില്‍ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ വാഹനങ്ങളുടെ പരിശോധനക്കു പുതിയ സ്ഥലം കണ്ടത്തെിനല്‍കുന്ന കാര്യം പരിഗണിക്കാമെന്നു തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി അറിയിച്ചു. ഒരുദിവസം 150ഓളം വാഹനങ്ങള്‍ പരിശോധനയ്ക്കായി എത്തുന്നുണ്ടെന്നു ആര്‍.ടി.ഒ കെ.എം. ഷാജി അറിയിച്ചു. പുതിയസ്ഥലം ലഭിച്ചാല്‍ പരിശോധന അങ്ങോട്ടേക്കു മാറ്റാമെന്നു ആര്‍.ടി.ഒയും വ്യക്തമാക്കി. കളമശ്ശേരി ഐ.ടി.ഐക്കു മുന്നില്‍ റോഡില്‍ സീബ്രാലൈന്‍ ഇടാന്‍ പൊതുമരാമത്തു വകുപ്പിന് നിര്‍ദേശം നല്‍കി. കാക്കനാട്-ഇടച്ചിറ ഇന്‍ഫോപാര്‍ക്ക്-സ്മാര്‍ട്ട്സിറ്റി റോഡിന്‍െറ പണി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അനധികൃത പാര്‍ക്കിങ് കര്‍ശനമായി തടയും. ഒലിമുകള്‍ ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള മാര്‍ഗത്തെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിനും പൊലീസിനും നിര്‍ദേശം നല്‍കി. കൊച്ചി നഗരത്തിലെ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ 15 ദിവസത്തിനകം നന്നാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതല്ളെങ്കില്‍ സി.ആര്‍.പി.സി അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. യോഗത്തില്‍ തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, ആര്‍.ടി.ഒ കെ.എം. ഷാജി, അസി. പൊലീസ് കമീഷണര്‍മാരായ ബിജോ അലക്സാണ്ടര്‍, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായര്‍, പൊതുമരാമത്തു വകുപ്പ് (റോഡ്സ്) വിഭാഗം എക്സി. എന്‍ജിനീയര്‍ കെ.എസ്. ജയ്രാജ്, ഇന്‍ഫോപാര്‍ക്ക് ഡെപ്യൂട്ടി മാനേജര്‍ റെജി കെ. തോമസ്, ട്രാഫിക് സി.ഐ പി.എച്ച്. ഇബ്രാഹിം, ഇന്‍ഫോപാര്‍ക്ക് സി.ഐ. സാജന്‍, ആര്‍.ബി.ഡി.സി.കെ ഡി.ജി.എം അബ്ദുല്‍ സലാം, മാനേജര്‍ അമല്‍ പോള്‍, വി.എ. സക്കീര്‍ ഹുസൈന്‍, പി.എം. യൂസഫ്, ടി.എം. അലി തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story