Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2015 5:46 PM IST Updated On
date_range 11 Sept 2015 5:46 PM ISTബോട്ട് ദുരന്തം: കൊച്ചി കോര്പറേഷന് അനാസ്ഥ കാട്ടിയെന്ന് ന്യൂനപക്ഷ കമീഷന്
text_fieldsbookmark_border
കൊച്ചി: പതിനൊന്ന് പേരുടെ ജീവന് അപഹരിച്ച ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തില്‍ കൊച്ചി നഗരസഭ കടുത്ത അനാസ്ഥയാണ് കാണിച്ചതെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷന് വിലയിരുത്തി. ദുരന്തത്തിനുശേഷം കമീഷനംഗം അഡ്വ. വി.വി. ജോഷി സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. 35 വര്‍ഷം പഴക്കമുള്ള ബോട്ട് ബിസ്കറ്റ് പൊടിയുന്നതുപോലെയാണ് കാണപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ആഴംകൂടിയ കപ്പല്‍ചാലിലൂടെ ഇത്രയും പഴക്കമുള്ള ബോട്ടുകള്‍ സര്‍വിസ് നടത്താന്‍ അനുമതി നല്കിയ കൊച്ചി കോര്പറേഷന് അധികൃതര്‍ കടുത്ത അനാസ്ഥയാണ് കാണിച്ചതെന്നാണ് കമീഷന്‍െറ വിലയിരുത്തല്‍. ദുരന്തം സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കൊച്ചി കോര്പറേഷന് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍, നഗരസഭ സെക്രട്ടറി, ബോട്ട് സര്‍വിസ് കരാറെടുത്ത പനയപ്പിള്ളിയിലെ കൊച്ചിന് സര്‍വിസസ് എന്നിവര്‍ക്ക് അടിയന്തരമായി നോട്ടീസ് അയക്കാന്‍ കമീഷന് തീരുമാനിച്ചു. മേലില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോര്‍പറേഷനും ഡെപ്യൂട്ടി കണ്‍സര്‍വേറ്ററും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇത് ജില്ലാ കലക്ടര്‍ ഏകോപിപ്പിക്കണമെന്നും കമീഷന് നിര്‍ദേശം നല്കി. അപകടത്തില്‍ മരിച്ച ഏറ്റവും സാധുക്കളായവരുടെ ബന്ധുക്കള്‍ക്ക് വീടും തൊഴിലും അനുവദിക്കണമെന്ന് കമീഷന് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. ദുരന്തത്തെ തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചി മേഖലയില്‍ നിര്‍ത്തിവെച്ച ബോട്ട്, ജങ്കാര്‍ സര്‍വിസ് ഉടന്‍ ആരംഭിക്കണമെന്ന് കമീഷന് കൊച്ചി കോര്‍പറേഷനോട് ആവശ്യപ്പെട്ടു. എറണാകുളം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ ചെയര്മാന് എം. വീരാന്‍ കുട്ടി, കമീഷനംഗങ്ങളായ അഡ്വ. വി.വി. ജോഷി, അഡ്വ. കെ.പി. മറിയുമ്മ എന്നിവര്‍ പങ്കെടുത്തു. പശ്ചിമ കൊച്ചി മേഖലയിലെ 80 ശതമാനവും ന്യൂനപക്ഷ വിഭാഗങ്ങളില്‍പെടുന്ന സാധാരണക്കാരാണ്. പാവപ്പെട്ട ഇവരെ കഷ്ടപ്പെടുത്തുന്ന സമീപനമാണ് കോര്‍പറേഷന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നുകാണിച്ച് ചാരിറ്റബ്ള്‍ സംഘടന സണ്‍റൈസ് കൊച്ചി നല്കിയ പരാതി പരിഗണിച്ചാണ് അഡ്വ. എം. വീരാന്‍കുട്ടി ചെയര്‍മാനായ ന്യൂനപക്ഷ കമീഷന് നിര്‍ദേശം നല്‍കിയത്. മത്സ്യബന്ധന ബോട്ടിടിച്ചാണ് അപകടം സംഭവിച്ചതെങ്കിലും ബോട്ടിന്‍െറ കാലപ്പഴക്കമാണ് ദുരന്തത്തിന്‍െറ വ്യാപ്തി കൂട്ടിയതെന്ന് സണ്‍റൈസ് കൊച്ചി പരാതിയില്‍ ചൂണ്ടിക്കാട്ടി. ബോട്ടിന്‍െറ കാലപ്പഴക്കത്തെക്കുറിച്ച് കാലങ്ങളായി ജനങ്ങളും മാധ്യമങ്ങളും നല്കിയ മുന്നറിയിപ്പുകളും ഇക്കാര്യം ഉന്നയിച്ച് നടത്തിയ സമരങ്ങളും അധികൃതര്‍ അവഗണിച്ചതിന്‍െറ ഫലമായിരുന്നു ബോട്ട്ദുരന്തം. മൂന്നു പതിറ്റാണ്ടിലേറെപഴക്കമുള്ള ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയ കൊച്ചിന് പോര്‍ട്ടിലെ ഡെപ്യൂട്ടി കണ്‍സര്‍വേറ്റിവ് ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍, സര്‍വിസ് കോണ്ട്രാക്ടര്, നഗരസഭ അധികൃതര്‍ എന്നിവര്‍ ദുരന്തത്തില്‍ മുഖ്യപ്രതികളാണെന്ന് സണ്‍റൈസ് കൊച്ചി ഡയറക്ടര്‍ എം.എം. മുഹമ്മദ് ഉമര്‍ പരാതിയില്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story