Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറെയില്‍ ഗതാഗത...

റെയില്‍ ഗതാഗത നിയന്ത്രണവും സമരവും; യാത്രക്കാര്‍ വലഞ്ഞു

text_fields
bookmark_border
കൊച്ചി: മെട്രോ നിര്‍മാണത്തിന്‍െറ ഭാഗമായി എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതത്തിന്് നിയന്ത്രണം ഏര്‍പ്പെടുത്തിയത് യാത്രക്കാരെ വലച്ചു. നിയന്ത്രണം സംബന്ധിച്ച് റെയില്‍വേ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചൊവ്വാഴ്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ ഒരു വിഭാഗം പണിമുടക്കിയതോടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇരട്ട പ്രഹരമാവുകയായിരുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഗതാഗത നിയന്ത്രണം സംബന്ധിച്ച് വിവരങ്ങള്‍ നേരത്തേതന്നെ റെയില്‍വേ പൊതുജനങ്ങളെ അറിയിച്ചിരുന്നുവെന്ന് ഏരിയ മാനേജര്‍ രാജേഷ് ചന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. റെയില്‍ പാളത്തിന് അടിയിലൂടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും ഒരു മേല്‍പ്പാലത്തിന്‍െറ പണിയും ആലുവ എറണാകുളം ഭാഗത്ത് നടക്കുന്നതിനാല്‍ നവംബര്‍ മൂന്ന് വരെ ചൊവ്വ, ശനി ദിവസങ്ങളിലാണ് റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകള്‍ ചൊവ്വാഴ്ച എറണാകുളത്തുനിന്ന് സര്‍വിസ് നടത്തിയിരുന്നെങ്കിലും സമരത്തെ തുടര്‍ന്ന് എണ്ണം കുറവായിരുന്നു. എറണാകുളത്തുനിന്ന് കോട്ടയം ഭാഗത്തേക്കും തൃശൂര്‍ ഭാഗത്തേക്കുമുള്ള ജോലിക്കാരടക്കമുള്ള പതിവ് യാത്രക്കാരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. രാത്രി 8.30ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം, വൈകുന്നേരം 7.40നുള്ള എറണാകുളം-ഗുരുവായൂര്‍ എന്നീ പാസഞ്ചര്‍ ട്രെയിനുകളാണ് നിയന്ത്രണത്തിന്‍െറ ഭാഗമായി പൂര്‍ണമായും റദ്ദ് ചെയ്തത്. കണ്ണൂര്‍-എറണാകുളം ഇന്‍റര്‍ സിറ്റി എക്സ്പ്രസ് ആലുവയിലും നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ കളമശ്ശേരിയിലും യാത്ര അവസാനിപ്പിച്ചു. ചെന്നൈ മെയില്‍ അര മണിക്കൂര്‍ വൈകി 3.20നാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. ട്രെയിനുകള്‍ വഴിയില്‍ മിനിറ്റുകളോളം നിര്‍ത്തിയിടേണ്ടിയും വന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story