Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2015 2:41 PM GMT Updated On
date_range 2015-10-17T20:11:42+05:30റെബലുകള് പിന്മാറുമോ? മുന്നണികള്‍ക്ക് ആശങ്കയുടെ മണിക്കൂറുകള്‍
text_fieldsകൊച്ചി: പത്രിക പിന്‍വലിക്കാനുള്ള അവസാന മണിക്കൂറുകള്‍ അടുത്തതോടെ വിമതരെ അനുനയിപ്പിക്കാന്‍ ജില്ലയില്‍ മുന്നണികളുടെയും പാര്‍ട്ടികളുടെയും നെട്ടോട്ടം. സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കി ജില്ലയില്‍ തെരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ വ്യക്തമായതോടെ ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാ പഞ്ചായത്തുകള്‍ വരെയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ വിമതരുടെ സാന്നിധ്യംതന്നെയാണ് മുന്നണികള്‍ക്ക് വെല്ലുവിളി. മൂവാറ്റുപുഴ നഗരസഭയില്‍ സി.പി.എം വിമതനെ പിന്‍വലിപ്പിക്കാന്‍ പാര്‍ട്ടി ആരംഭിച്ച ശ്രമം തുടരുകയാണ്. ഇവിടെ മുസ്ലിം ലീഗിനുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിശ്രമം ലീഗ് നേതൃത്വവും നടത്തിവരുകയാണ്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സൂക്ഷ്മപരിശോധനക്ക് ശേഷം 8870 പത്രികയാണ് അംഗീകരിച്ചിട്ടുള്ളത്. ബ്ളോക് പഞ്ചായത്തുകളില്‍ 943 പത്രികയും ജില്ലാ പഞ്ചായത്തില്‍ 152 പത്രികയും സാധുവായി. കൊച്ചി നഗരസഭയില്‍ 558 പത്രിക അംഗീകരിച്ചു. നഗരസഭകളില്‍ 2089 പത്രികയും അംഗീകരിച്ചു. ആകെ സ്ഥാനാര്‍ഥികളുടെ എണ്ണം 12,603 ആണ്. കൊച്ചി നഗരസഭയില്‍ കോണ്‍ഗ്രസ്, സി.പി.എം ടിക്കറ്റുകളില്‍ മുന്‍ കൗണ്‍സിലര്‍മാരടക്കം റെബലുകളാണ്. വൈറ്റില ജനതയില്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ കോണ്‍ഗ്രസിലെ രത്നമ്മ രാജുവും 14ാം ഡിവിഷനില്‍ സി.പി.എം നേതാവായ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി.കെ. ഷംസുദ്ദീനും റെബലാണ്. ഇവിടെ 16 ഡിവിഷനുകളില്‍ റെബലുകളുടെ സാന്നിധ്യമുണ്ട്. തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ ചെയര്‍മാനുമായ ഷാജി വാഴക്കാല മത്സരിക്കുന്ന പടമുകള്‍ വാര്‍ഡില്‍ ലീഗിലെ എ.എ. ഇബ്രാഹിം കുട്ടിയാണ് റെബല്‍ സ്ഥാനാര്‍ഥി. ലീഗിന്‍െറ മലേപ്പള്ളി ജനറല്‍ വാര്‍ഡിലും ഹൗസിങ് ബോര്‍ഡ് വാര്‍ഡിലും റെബലുണ്ട്. ടി.വി സെന്റര്‍ വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥി എം.എ. നൈനാര്ക്കെതിരെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം എം.എം. നാസറാണ് റെബല്‍ സ്ഥാനാര്‍ഥി. മരട് നഗരസഭയില്‍ നെട്ടൂര്‍ മേഖലയില്‍നിന്ന് മാത്രമായി ആറ് ഡിവിഷനില്‍ റെബല്‍ സ്ഥാനാര്ഥിമാരുണ്ട്. കളമശ്ശേരി നഗരസഭയില്‍ നാല് കോണ്‍ഗ്രസ് റെബലുകളും രണ്ട് സി.പി.എം റെബലുകളും പത്രിക നല്‍കിയിട്ടുണ്ട്. ഏലൂര്‍ നഗരസഭയില്‍ രണ്ട് കോണ്‍ഗ്രസ് റെബലുകളും ഒരു സി.പി.എം റെബലും പത്രിക സമര്‍പ്പിച്ചവരില്‍ ഉണ്ട്. ആലുവ നഗരസഭയില്‍ അഞ്ച് വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് റെബലുണ്ട്. കടത്തുകടവില്‍ നിലവിലെ ചെയര്മാന് എം.ടി. ജേക്കബിനെതിരെ പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി കൂടിയായ മണ്ഡലം സെക്രട്ടറി സാബു പരിയാരത്താണ് പത്രിക സമര്‍പ്പിച്ചത്. അങ്കമാലി നഗരസഭയില്‍ കോണ്‍ഗ്രസില്‍നിന്ന് വിമതരായി മൂന്നുപേരാണ് മത്സരരംഗത്തുള്ളത്. പറവൂര്‍ നഗരസഭയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ നാലുപേര്‍ പത്രിക നല്കി. രണ്ട്, എട്ട്, 10, ഒമ്പത്, 11 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് വിമതന്മാരായി രംഗത്തു വന്നത്. കോതമംഗലം നഗരസഭയില്‍ നിലവിലെ കൗണ്‍സിലര്‍മാരടക്കം റെബലുകളായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് കേരള കോണ്‍ഗ്രസ് നേതാക്കളും ഒരു വനിതാ കോണ്‍ഗ്രസ് നേതാവുമാണ് റെബലുകളില് പ്രധാനികള്‍.
Next Story