Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരിയാറിലേക്ക്...

പെരിയാറിലേക്ക് രാസവിഷമാലിന്യം; ‘നീറി’യോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

text_fields
bookmark_border
കളമശ്ശേരി: രാസവിഷമാലിന്യം പെരിയാറിലേക്ക് ഒഴുക്കുന്ന കമ്പനികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാഷനല്‍ എന്‍വയണ്‍മെന്‍റ് എന്‍ജിനീയറിങ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിനോട് (നീറി) ദേശീയ ഹരിത ട്രൈബ്യൂണല്‍ ദക്ഷിണ മേഖല ബെഞ്ച് ഉത്തരവിട്ടു. ഫാക്ട്, എച്ച്.ഐ.എല്‍, ഏലൂരിലെ മെര്‍ക്കം, സി.എം.ആര്‍.എല്‍ എന്നീ കമ്പനികളില്‍നിന്ന് സാമ്പ്ള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏലൂര്‍ സ്വദേശി ഷിബു മാനുവല്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് നടപടി. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പഠനത്തിന്‍െറ ചെലവ് നാല് കമ്പനികള്‍ ചേര്‍ന്ന് വഹിക്കണം. പരിശോധനക്കുവേണ്ട സൗകര്യം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയ്ത് കൊടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. സാമ്പ്ള്‍ ശേഖരണം ഹരജിക്കാരന്‍െറയും കേസിലെ മറ്റുകക്ഷികളുടെയും സാന്നിധ്യത്തിലായിരിക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ട്രൈബ്യൂണലിന്‍െറ ആഗസ്റ്റ് 24ലെ ഉത്തരവ് പ്രകാരം പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറി എം.എസ്. മൈഥിലി കേസ് പരിഗണിക്കവെ കോടതിയില്‍ ഹാജരായി. പെരിയാറിലെയും കമ്പനികളിലെയും മലിനീകരണത്തിന്‍െറ ഇപ്പോഴത്തെ അവസ്ഥ കാണിക്കുന്നതിന് പരിശോധന റിപ്പോര്‍ട്ടുകളുള്‍പ്പെടെ സത്യവാങ്മൂലം ഇവര്‍ ട്രൈബ്യൂണലില്‍ സമര്‍പ്പിച്ചെങ്കിലും പല റിപ്പോര്‍ട്ടും 2012 വര്‍ഷത്തെ വിവരങ്ങളുടേതായിരുന്നു. ആ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബോര്‍ഡ് നല്‍കിയിരിക്കുന്ന താരതമ്യ പരിശോധനഫലമനുസരിച്ച് നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ പോലുള്ള വസ്തുക്കളുടെ സാന്നിധ്യം അനുവദനീയ പരിധിക്കുപുറത്തായിരുന്നു. കൂടാതെ, 2015 ജൂണില്‍ പി.സി.ബി പെരിയാറില്‍ നടത്തിയ പരിശോധനഫല പ്രകാരം ഘനലോഹങ്ങള്‍ നിര്‍ദിഷ്ട പരിധിയേക്കാള്‍ കൂടുതലാണ്. ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനം നടപ്പില്‍വരുത്തിക്കൊണ്ടിരിക്കുകയാണെന്ന് മെംബര്‍ സെക്രട്ടറി ബോധിപ്പിച്ചു. എങ്കിലും വെള്ളത്തില്‍ ഘനലോഹത്തിന്‍െറ സാന്നിധ്യത്തിന് കമ്പനികളോട് പരിഹാരനടപടികള്‍ സ്വീകരിക്കാതെ ബോര്‍ഡിന് എന്തു ന്യായീകരണമാണ് ഉള്ളതെന്ന് ട്രൈബ്യൂണല്‍ അതൃപ്തി പ്രകടിപ്പിച്ചു. ഹരിത ട്രൈബ്യൂണലിലേക്ക് കേസ് കൈമാറുന്നതിനുമുമ്പ് കേരള ഹൈകോടതി കേസ് പരിഗണിക്കവെ അഭിഭാഷക കമീഷന്‍െറ സാന്നിധ്യത്തില്‍ പെരിയാറിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ഉപരിജലത്തിന്‍െറയും അവസാനഭാഗത്തിന്‍െറയും സാമ്പ്ളുകള്‍ നീറി ചുമതലപ്പെടുത്തിയ തിരുവനന്തപുരത്തെ സി.എസ്.ഐ.ആര്‍ അംഗീകൃത സ്ഥാപനമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍ ഡിസിപ്ളിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍.ഐ.ഐ.എസ്.ടി) സ്ഥാപനം വഴി പരിശോധിച്ചിരുന്നു. അവരുടെ ആദ്യ പരിശോധന റിപ്പോര്‍ട്ട് പ്രകാരം 64 സാമ്പ്ളില്‍ മൂന്ന് എണ്ണത്തിലൊഴികെ കീടനാശിനിയും ഘനലോഹ സാന്നിധ്യവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ജലം ഉപയോഗ്യമല്ളെന്നും കാണിച്ച് 2012 ഏപ്രില്‍ നാലിന് ഹൈകോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് വാര്‍ത്തയാവുകയും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഏലൂര്‍-എടയാര്‍ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായി. എങ്കിലും എന്‍.ഐ.ഐ.എസ്.ടി തിരുത്ത് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. ആദ്യ റിപ്പോര്‍ട്ടില്‍ തങ്ങള്‍ പരിശോധന ഫലം രേഖപ്പെടുത്തിയ യൂനിറ്റ് പിശകായി മൈക്രോഗ്രാമിന് പകരം മില്ലിഗ്രാമെന്ന് തെറ്റായി രേഖപ്പെടുത്തിയെന്ന് സത്യവാങ്മൂലം നല്‍കി. സി.ഐ.എസ്.ആര്‍ അംഗീകാരമുള്ള ഒരു ലാബിന് ഒരു ഭരണഘടനാ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തെറ്റ് സംഭവിച്ചെന്ന് പറഞ്ഞാല്‍ വിശ്വസനീയമല്ളെന്നും ട്രൈബ്യൂണല്‍ സംശയം പ്രകടിപ്പിച്ചു. എന്‍.ഐ.ഐ.എസ്.ടിയില്‍ അവിശ്വാസം തോന്നിയതിനാലാണ് ഇപ്പോള്‍ പഠനത്തിന് നീറിയുടെ നാഗ്പൂര്‍ ഹെഡ് ക്വാര്‍ട്ടേഴ്സിനെ ചുമതലപ്പെടുത്തിയത്. നീറിയോട് പഠനചുമതല മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറരുതെന്ന് പ്രത്യേകം കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. ഹരജിക്കാരനുവേണ്ടി അഡ്വ. എ.എക്സ്. വര്‍ഗീസും പരിസ്ഥിതിപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഏലൂര്‍ ജന ജാഗ്രത സമിതിക്കുവേണ്ടി അഡ്വ. കെ.കെ. അഷ്കറും ഹാജരായി. കേസ് ഇനി ഈ മാസം 15ന് ജസ്റ്റിസ് പി. ജ്യോതിമണി, പ്രഫ. എം. ഗേന്ദ്രറാവു എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിക്കും.
Show Full Article
TAGS:
Next Story