ഭൂകമ്പ മുന്നറിയിപ്പ് യന്ത്രവുമായി സ്കൂള്‍ വിദ്യാര്‍ഥികള്‍
text_fieldsപെരുമ്പാവൂര്‍: ഭൂമികുലുക്കമുണ്ടായാല്‍ നേരിട്ട് പ്രകമ്പന മുന്നറിയിപ്പ് നല്‍കുന്ന സൈസ്മിക് പ്രഡിക്ടര്‍ ഉപകരണം വികസിപ്പിച്ചെടുത്ത അപൂര്‍വ നേട്ടവുമായി ശ്രദ്ധേയമാകുകയാണ് പുല്ലുവഴി ജയ കേരളം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും ഉത്തര്‍ പ്രദേശിലെ ഗൊരഖ്പുര്‍ സ്വദേശിയുമായ ഹൊസൈന്‍ അന്‍സാരിയും ഇതേ ക്ളാസിലെ എസ്. ഗോകുലും ചേര്‍ന്നാണ് അധ്യാപകന്‍െറ മാര്‍ഗ നിര്‍ദേശപ്രകാരം ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
മികച്ച ഹയര്‍ സെക്കഡറി അധ്യാപകനുള്ള സംസ്ഥാന- ദേശീയ പുരസ്കാരം നേടിയ ജ്യോഗ്രഫി അധ്യാപകനായ ഡോ. വി. സനല്‍കുമാറാണ് വിദ്യാര്‍ഥികളില്‍ പുതിയപുതിയ കണ്ടുപിടിത്തങ്ങള്‍ പരിപോഷിപ്പിക്കുന്നതിന്‍െറ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനവും മാര്‍ഗനിര്‍ദേശവും നല്‍കിയത്.
ഭൂകമ്പമുന്നറിയിപ്പ് നേരിട്ട് നല്‍കാനുള്ള സാങ്കേതിക വിദ്യ ഇതുവരെയും വികസിപ്പിക്കാത്തതുകൊണ്ടാണ് ഓരോ വര്‍ഷവും ആയിരക്കണക്കിനാളുകള്‍ ഭൂകമ്പം മൂലം കെട്ടിടത്തിനടിയില്‍പെട്ട് മരിക്കാനുള്ള സാഹചര്യം ഉണ്ടാകുന്നത്. നിലവിലുള്ള ഉപകരണമായ സീസ്മോഗ്രാഫില്‍ ഭൂകമ്പത്തിന്‍െറ തീവ്രത മാത്രമേ രേഖപ്പെടുത്താറുള്ളു. ഇതില്‍ നിന്നുള്ള സന്ദേശം ഒൗദ്യോഗിക കേന്ദ്രത്തിലത്തെി വിശകലനം നടത്തുമ്പോഴേക്കും ജനങ്ങള്‍ കെട്ടിടത്തിനടിയില്‍പ്പെട്ട് ദുരന്തം സംഭവിച്ചിരിക്കും. ഇവിടെയാണ് സൈസ്മിക് പ്രസിക്ടറിന്‍െറ പ്രവര്‍ത്തനം പ്രസക്തമാകുന്നത്.
ഭൂകമ്പമോ സുനാമിയോ സംഭവിച്ചാല്‍ ഉടനെതന്നെ വീടിന് സമീപമോ മണ്ണിനടിയിലോ സ്ഥാപിച്ചിട്ടുള്ള ഉപകരണത്തില്‍ നിന്നുള്ള ഇലക്ട്രോണിക് സംവിധാനം വഴി മുന്നറിയിപ്പ് ശബ്ദം നല്‍കും. പ്രകമ്പനത്തിന്‍െറ തീവ്രത അനുസരിച്ച് വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങി അപകടസാധ്യത ഒഴിവാക്കാന്‍ സാധിക്കും.
ഭൂമിയില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഇ-വേസ്റ്റില്‍ നിന്നുമാണ് ഉപകരണത്തിന്‍െറ 90 ശതമാനം സാമഗ്രികളും സംഘടിപ്പിച്ചതെന്ന പ്രത്യേകതയുമുണ്ട്. തുടര്‍ച്ചയായി ഭൂകമ്പം അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ വീടുകളില്‍ 15,000 രൂപ മുതല്‍ 25000 രൂപ ചെലവില്‍ വ്യത്യസ്ത ഓപ്ഷനില്‍ ഉപകരണം നിര്‍മിച്ച് നല്‍കാന്‍ കഴിയുമെന്ന് അധ്യാപകന്‍ സനല്‍കുമാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.