Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2015 1:13 PM GMT Updated On
date_range 2015-12-06T18:43:00+05:30കുത്തിവെപ്പ് സംഭവം: രോഗിയുടെ നില ഗുരുതരം, മെഡിക്കല്‍ കോളജില്‍ സംഘര്‍ഷം
text_fieldsകളമശേരി: കുത്തിവെപ്പിനെ തുടര്‍ന്ന് രോഗികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ട സംഭവത്തില്‍ ഒരു രോഗിയുടെ ആരോഗ്യം ഗുരുതരാവസ്ഥയിലായതോടെ കൊച്ചി മെഡിക്കല്‍ കോളജില്‍ സംഘര്‍ഷാവസ്ഥ. ബന്ധുക്കളുടെയും നാട്ടുകാരുടെയും ബഹളത്തെ തുടര്‍ന്ന് രോഗിയെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പനിയും അനുബന്ധ രോഗങ്ങളുമായി ചികിത്സ തേടിയ 10ഓളം രോഗികള്‍ക്ക് വെള്ളിയാഴ്ച നല്‍കിയ കുത്തിവെപ്പിലാണ് വിറയലും ഛര്‍ദിയും ദേഹാസ്വസ്ഥതകളും അനുഭവപ്പെട്ടത്. ചികിത്സ നല്‍കിയെങ്കിലും എടത്തല കുഴിവേലിപ്പടി സ്വദേശിനി ഹൈറുന്നിസക്ക് വൈകുന്നേരത്തോടെ തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധിക്കാന്‍ ഡോക്ടര്‍മാരോ മറ്റ് ഉദ്യോഗസ്ഥരോ എത്താതിരുന്നതോടെ രോഗികളുടെ ബന്ധുക്കളും നാട്ടുകാരും ഐ.സി.യുവിന് മുന്നില്‍ സംഘടിച്ച് ബഹളംവെച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. രാത്രി 11 മണിയോടെ ആശുപത്രി സൂപ്രണ്ട് ഡോ. അനില്‍ കുമാര്‍ സ്ഥലത്തത്തെി രോഗിയെ വിദഗ്ധ ചികിത്സക്കായി അമൃത ആശുപത്രിയിലേക്ക് മാറ്റാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത് . വെള്ളിയാഴ്ച രാവിലെയാണ് മെഡിസിന്‍ വിഭാഗത്തിലെ ഡി വാര്‍ഡില്‍ ചികിത്സയിലിരുന്ന രോഗികളില്‍ ആന്‍ഡി ബയോട്ടിക് ഇഞ്ചക്ഷന്‍ നല്‍കിയത്. ഇഞ്ചക്ഷന്‍ എടുത്തതിന് പിന്നാലെ ഓരോ രോഗികള്‍ക്കും വായില്‍ കയ്പും വിറയലും കൈകള്‍ക്ക് തളര്‍ച്ചയും ഛര്‍ദിയും അനുഭവപ്പെടാന്‍ തുടങ്ങുകയായിരുന്നു. ഹൈറുന്നീസയെ കൂടാതെ എടത്തല സ്വദേശിനി ലത, കൊങ്ങോര്‍പ്പിള്ളി ഷിറിന്‍, തട്ടേക്കാട് റോസക്കുട്ടി, മൂത്തകുന്നം ഗൗരി, എന്‍.എ.ഡിയിലെ ഓമന, നീര്‍ക്കോട് യശോദ, മലയാറ്റൂര്‍ ലില്ലി, പൂത്തോട്ട സ്വദേശിനി അഭിരാമിനി തുടങ്ങിയവര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഇവരില്‍ ചിലര്‍ മറ്റ് ആശുപത്രികളില്‍ ചികിത്സതേടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സംഘത്തെ മെഡിക്കല്‍ കോളജ് അധികൃതര്‍ ചുമതലപ്പെടുത്തിയിരുന്നു. തിങ്കളാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. പി. അനില്‍കുമാര്‍ അറിയിച്ചു. രോഗികളുടെ ബന്ധുക്കളോട് മോശമായി പെരുമാറിയ ജീവനക്കാര്‍ക്കെതിരെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കി.
Next Story