Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2015 12:05 PM GMT Updated On
date_range 2015-08-24T17:35:29+05:30കുമാരപുരം പ്രാഥമികകേന്ദ്രത്തിന് പരാധീനതകള്‍ മാത്രം
text_fieldsപള്ളിക്കര: കോടികള്‍ മുടക്കി കെട്ടിടം നിര്‍മിച്ചെങ്കിലും കുമാരപുരം പ്രാഥമികകേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണന അവസാനിക്കുന്നില്ല. പുതിയ ആശുപത്രിക്കെട്ടിടം ഉണ്ടായിട്ടും ഇവിടെ ഒരുഡോക്ടര്‍ മാത്രമാണുള്ളത്. ഉച്ചവരെ മാത്രമാണ് ഡോക്ടറുടെ സേവനം ലഭിക്കുന്നത്. പിന്നീട് എത്തുന്ന രോഗികള്‍ പലപ്പോഴും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ദിവസവും രാവിലെ മുതല്‍ ഉച്ചവരെ എത്തുന്ന രോഗികളുടെ എണ്ണം ഇരുനൂറിന് മുകളില്‍ വരും. മഴ ആരംഭിച്ചതോടെ പ്രാഥമിക കേന്ദ്രത്തില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. സ്മാര്‍ട്ട്സിറ്റി, ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടം എന്നിവയുടെ നിര്‍മാണ ജോലികള്‍ കൂടാതെ ഇതര സംസ്ഥാന തൊഴിലാളികളുടെ വരവ് എന്നിവയെല്ലാം ആശുപത്രിയില്‍ തിരക്ക് വര്‍ധിപ്പിച്ചതായി ആശുപത്രി ജീവനക്കാരും പറയുന്നു. കുന്നത്തുനാട്, കിഴക്കമ്പലം, വടവുകോട്, പുത്തന്‍കുരിശ് തുടങ്ങിയ വിവിധ പഞ്ചായത്തുകളിലെ അമ്പലമേട്, കരിമുകള്‍, പിണര്‍മുണ്ട, പെരിങ്ങാല, കാടിനാട്, വെമ്പിള്ളി, പഴന്തോട്ടം, പറക്കോട്, പള്ളിക്കര, കാക്കനാട്, കിഴക്കമ്പലം, പട്ടിമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് സാധാരണക്കാരുടെ ആശ്രയമാണ് ഈ ആശുപത്രി. രണ്ടുഡോക്ടറെയെങ്കിലും ഇവിടെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍, ഇതൊന്നും അധികൃതര്‍ അറിഞ്ഞഭാവം നടിക്കുന്നില്ല. ജനപ്രതിനിധികളുടെ പേരില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ ഫണ്ട് ചെലവഴിക്കാന്‍ മാത്രമാണന്നും ആരോപണം ഉണ്ട്. ഇപ്പോള്‍ എം.എല്‍.എ ഫണ്ടില്‍നിന്ന് ഒരുകോടി മുടക്കി നിര്‍മിച്ച കെട്ടിടത്തിന് പുറമെ ഡോക്ടറുടെ ക്വാര്‍ട്ടേഴ്സ്, രണ്ട് കിടത്തിച്ചികിത്സാ വാര്‍ഡുകള്‍, മോര്‍ച്ചറി, മുന്‍ എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പ്രസവവാര്‍ഡ്, ഓപറേഷന്‍ തിയറ്റര്‍, മുന്‍ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം എന്നിവയാണുള്ളത്. പ്രസവ വാര്‍ഡ്, ഓപറേഷന്‍ എന്നിവ പ്രവര്‍ത്തിച്ചിട്ടില്ല. 30 ബെഡുകള്‍ ഉണ്ടായിരുന്ന ഇവിടെ കിടത്തിച്ചികിത്സ വാര്‍ഡുകളിലെ ഇരുമ്പ് കട്ടിലുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. കിടത്തിച്ചികിത്സ ഉണ്ടായിരുന്ന സമയത്തെ ആശുപത്രി ഉപകരണങ്ങളും ബെഡുകളും അധികൃതരുടെ അവഗണനയെ തുടര്‍ന്ന് നശിക്കുകയാണ്. നേരത്തേ ആശുപത്രിവികസന സമിതി യോഗങ്ങളില്‍ വിവിധ രാഷട്രീയ പാര്‍ട്ടിക്കാരെയും പരിസരവാസികളെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചിരുന്നെങ്കിലും നിലവില്‍ ഇത്തരം യോഗങ്ങളില്‍ ബന്ധപ്പെട്ട മുഴുവന്‍ പേരെയും പങ്കെടുപ്പിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്.
Next Story