Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാജകീയ സ്മരണയില്‍...

രാജകീയ സ്മരണയില്‍ അത്തം ഘോഷയാത്ര

text_fields
bookmark_border
തൃപ്പൂണിത്തുറ: മലയാളികളുടെ ഓണാഘോഷത്തിന് തുടക്കംകുറിച്ച് തൃപ്പൂണിത്തുറ രാജനഗരിയില്‍ അത്തം ഘോഷയാത്ര. രാജസ്മരണയില്‍ നാടും നഗരവും ഒന്നാകുന്ന അത്തംഘോഷയാത്ര വീക്ഷിക്കാന്‍ പൊരിവെയിലത്തും പതിനായിരങ്ങള്‍ ഒഴുകിയത്തെി. അരനൂറ്റാണ്ട് പിന്നിട്ട അത്തം ഘോഷയാത്ര പതിവുപോലെ തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂളിലെ അത്തം നഗറില്‍ ബുധനാഴ്ച രാവിലെ ഒരുമണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. അത്തം നഗറില്‍ ഗവര്‍ണര്‍ പി. സദാശിവം ഓണപ്പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനവും ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. ചെണ്ടമേളം, മയിലാട്ടം, കുതിരകളി, പെരുമ്പറമേളം, ഓട്ടംതുള്ളല്‍, അര്‍ജുന നൃത്തം, നാഗനൃത്തം, കൃഷ്ണനാട്ടം, വേലകളി, മയൂര നൃത്തം, തെയ്യം, പ്രാചീന കലാരൂപം, പൊയ്ക്കാല്‍ നൃത്തം, 20ഓളം വരുന്ന ആട്ടക്കാവടികള്‍, പീലിക്കാവടികള്‍ എന്നിവ ക്രമമായി നീങ്ങി. തൊട്ടുപിന്നിലായി അലങ്കരിച്ച വാഹനങ്ങളില്‍ 22 നിശ്ചല ദൃശ്യവും അണിനിരന്നു. ശബരിമല സന്നിധാനം, ജ്ഞാനപ്പഴം കഥാ സന്ദര്‍ഭം, ഗര്‍ഭഛിദ്രം അകംകാഴ്ച, ബാലി-സുഗ്രീവ യുദ്ധം, മാജിക് വിസ്മയം, ഗാന്ധാരി വിലാപം, ഭാവി ഭാരതത്തിന്‍െറ അവസ്ഥ, ഉരുവില്‍ എത്തുന്ന വാസ്കോഡ ഗാമ, സ്വയം ഭരണ കോളജിനെതിരെയുള്ള സമരകാഴ്ച, വിധിയുടെ ബലിമൃഗങ്ങളായ സര്‍ക്കസ് കലാകാരന്മാര്‍, അത്താണി, വൈദ്യുതി പോസ്റ്റില്‍ ഷോക്കേറ്റ് മരണം, സീതാസ്വയംവരം, സന്താന ഗോപാല മൂര്‍ത്തി, ബാലിവധം, ലഹരി മോഹം മരണത്തിലേക്ക്, കേരളം തെരുവുനായ്ക്കളുടെ പിടിയില്‍, തൊഴിലാളികളുടെ വിജയഗാഥ, കേരളം കീഴടക്കുന്ന ഇതരസംസ്ഥാന നിര്‍മാണ തൊഴിലാളികള്‍, കേരളം ഭീകരന്‍െറ പിടിയില്‍ എന്നിങ്ങനെ ചരിത്രം, പുരാണ, സാമൂഹിക പ്രശ്നങ്ങള്‍ അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങള്‍ കാണികള്‍ക്ക് ഏറെ കൗതുകമായി. നഗരം ചുറ്റിയ അത്തം ഘോഷയാത്ര സ്റ്റാച്യുവിലത്തെിയശേഷം കിഴക്കെ കോട്ട വൈക്കം റോഡ് വഴി അത്തം നഗറില്‍ തിരിച്ചത്തെി മൂന്നോടെ സമാപിച്ചു. സിയോണ്‍ ഓഡിറ്റോറിയത്തില്‍ വൈവിധ്യമാര്‍ന്ന അത്തപ്പൂ മത്സരവും പ്രദര്‍ശനവും ഒട്ടേറെ കാണികളെ ആകര്‍ഷിച്ചു. ലായം മൈതാനിയിലെ വേദിയില്‍ കലാസന്ധ്യയുടെ ഉദ്ഘാടനം വൈകീട്ട് നടന്നു. അത്താഘോഷ പരിപാടികള്‍ ആഗസ്റ്റ് 26ന് സമാപിക്കും.ഓണപ്പതാക ഉയര്‍ന്നതോടെ ഘോഷയാത്രയില്‍ അണിചേരാന്‍ ഒരുങ്ങിനിന്ന വാദ്യമേളങ്ങളെല്ലാം ഒന്നിച്ചുണര്‍ന്നു. ചരിത്രസ്മരണകളെ ഉണര്‍ത്തിക്കൊണ്ട് രാജവീഥികളെ പുളകമണിയിച്ച് വര്‍ണാഭമായ അത്തം ഘോഷയാത്ര ആരംഭിച്ചു.ഘോഷയാത്രയുടെ വരവറിയിച്ച് വിളംബര വാഹനം മുന്നിലും തുടര്‍ന്ന് ബുള്ളറ്റ് ബറ്റാലിയന്‍, നാദസ്വരം, പഞ്ചവാദ്യം, അലങ്കരിച്ച ആനകള്‍, കൊച്ചി മഹാരാജവിന്‍െറ പല്ലക്ക്, മഹാബലി, നഗരസഭ കൗണ്‍സിലര്‍മാര്‍, ബാന്‍ഡ് മേളം, അത്തപ്പതാക, കുടുംബശ്രീ സ്ത്രീകള്‍, അങ്കണവാടി അധ്യാപികമാര്‍, ആശാ വര്‍ക്കര്‍മാര്‍, വിദ്യാര്‍ഥികള്‍, ജി.എം. ഷാജിയുടെ മഹാബലി, പ്രച്ഛന്നവേഷങ്ങള്‍, ശിങ്കാരിമേളം, തൃശൂര്‍ സംഘത്തിന്‍െറ പുലിക്കളി, കോഴിക്കോട് ശ്രീനിവാസന്‍െറ തെയ്യം, തെയ്യം പടയണി, തിരുവനന്തപുരം നരേന്ദ്രന്‍െറ തെയ്യം, കരക്കാട്ടം തെയ്യം, തെയ്യം കരിംകാളി, പുലികളി എന്നിവ ഘോഷയാത്രക്ക് മിഴിവേകി.
Show Full Article
TAGS:
Next Story