കാസര്‍കോട്ട് നാശംവിതച്ച്‌ ചുഴലിക്കാറ്റും മഴയും; മൊബൈല്‍ ടവറടക്കം നിലംപൊത്തി, കാറുകള്‍ തകര്‍ന്നു

06:14 AM
06/10/2018
കാസർകോട്: കാസർകോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാഴാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും വൻനാശം. ബസ്സ്റ്റാൻഡിന് സമീപത്തെ മൊബൈൽ ടവർ നിലംപതിച്ചു. റോഡരികിലും മറ്റും നിർത്തിയിട്ട കാറുകൾ തകർന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് നഗരത്തിലും സമീപ പ്രദേശങ്ങളിലും കാറ്റ് സംഹാര താണ്ഡവമാടിയത്. കനത്ത ചുഴലിക്കാറ്റും ഇടിമിന്നലും മഴയും ഒരു മണിക്കൂറോളം നീണ്ടു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് മുന്‍വശത്തെ വ്യാപാരസ്ഥാപനമായ ബിഗ് ബസാറി​െൻറ മേല്‍ക്കൂരയുടെ ടിൻ ഷീറ്റുകൾ കാറ്റിൽ പറന്നുപോയി തൊട്ടടുത്ത ചേരൂർ കോംപ്ലക്സ് കെട്ടിടത്തിൽ പതിച്ചു. ആറുമാസം മുമ്പ് സ്ഥാപിച്ച കൂറ്റൻ ഷീറ്റുകളാണ് കാറ്റിൽ പൂർണമായും തകർന്നത്. ടിൻ ഷീറ്റുകളും ഇരുമ്പ് കമ്പികളും ഇടിച്ചതിനെ തുടർന്ന് കെട്ടിടത്തി​െൻറ മുകളില്‍ സ്ഥാപിച്ച സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവർ പൂര്‍ണമായും തകര്‍ന്നു. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ഐവ സില്‍ക്‌സി​െൻറ കെട്ടിടത്തിനും ഇരുമ്പ് കമ്പിയും ഷീറ്റും വന്നുവീണ് കേടുപാട് സംഭവിച്ചു. ഐവയുടെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. ചേരൂർ കോംപ്ലക്സിന് താഴെ നിർത്തിയിട്ട ഡോ. ഷാനവാസി​െൻറ കാർ ഭാഗികമായി തകർന്നു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം കോട്ടക്കണ്ണി റോഡിൽ മരം വീണതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചുനീക്കി. നഗരത്തിൽ അമെയ് കോളനിയിലെ ഏതാനും വീടുകള്‍ക്ക് കനത്തകാറ്റിൽ കേടുപാടുകൾ സംഭവിച്ചു. മീപ്പുഗിരി പാറക്കട്ടയിൽ ശ്രീമതിയുടെ വീടി​െൻറ മേൽക്കൂര കാറ്റിൽ മരം കടപുഴകിയതിനെ തുടർന്ന് തകർന്നു. അമെയ് റോഡിൽ പ്രഫുല പി. നായ്കി​െൻറ ഉടമസ്ഥതയിലുള്ള ക്വാർേട്ടഴ്സി​െൻറ മേൽക്കൂരയിൽ സ്ഥാപിച്ച ഷീറ്റ് തകർന്നു. നുള്ളിപ്പാടിയിൽ തബ്ലീഗ് സമ്മേളനത്തിനായി ഉയർത്തിയ പന്തലും കാറ്റിൽ പൂർണമായും തകർന്നു. നഗരത്തിൽ ആനബാഗിലു റോഡിലും മരം പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു.
Loading...
COMMENTS