നീലേശ്വരം/തൃക്കരിപ്പൂർ: ശക്തമായ കാറ്റിലും മഴയിലും കാസർകോട് രണ്ടു വീടുകൾ തകർന്നുവീണു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ സജിയുടെ വീടാണ് തകർന്നത്. ബുധനാഴ്ച ഉച്ച 12 മണിക്കാണ് സംഭവം. സജിയും ഭാര്യ വിജിയും അപകട സമയത്ത് വീടുപൂട്ടി പുറത്തേക്ക് പോയതിനാൽ അപകടം ഒഴിവായി. പഞ്ചായത്ത്, വില്ലേജ് അധികൃതർ തകർന്ന വീട് സന്ദർശിച്ചു. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇടയിലെക്കാട് കൈപ്പാടിലെ കുന്നരുവത്ത് ശാന്തയുടെ ഓടുമേഞ്ഞ വീടും കഴിഞ്ഞദിവസം രാത്രി തകർന്നുവീണു. ശാന്തയും ഭർത്താവ് വി.കെ. ഗംഗാധരനും മകളുടെ വീട്ടിലായിരുന്നതിനാൽ അപകടം ഒഴിവായി.
ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് മെംബർ വി.കെ. കരുണാകരൻ, വില്ലേജ് ഓഫിസർ ടി.വി. സന്തോഷ് കുമാർ എന്നിവർ സന്ദർശിച്ചു.