ഇന്ധന വിലവർധന: കാഞ്ഞങ്ങാട്​ ഹർത്താൽ പൂർണം

06:02 AM
11/09/2018
കാഞ്ഞങ്ങാട്: ഇന്ധന വിലവർധനക്കെതിരെ യു.ഡി.എഫും ഇടതുപാർട്ടികളും ആഹ്വാനംചെയ്ത 12 മണിക്കൂർ ഹർത്താൽ കാഞ്ഞങ്ങാട് പൂർണം. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവിസ് നടത്തിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങളും ഒാടിയില്ല. സാധാരണ ഹര്‍ത്താല്‍ ദിനങ്ങളെക്കാൾ ജനങ്ങൾ ടൗണിൽ കുറവായിരുന്നു. യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. പുതിയകോട്ടയില്‍നിന്ന് ആരംഭിച്ച് മന്‍സൂര്‍ ആശുപത്രിക്ക് സമീപം വരെയായിരുന്നു പ്രകടനം. ബസ്സ്റ്റാൻഡ് പരിസരത്ത് പൊതുയോഗം ചേര്‍ന്നു. അക്രമസംഭവങ്ങളൊന്നുമുണ്ടായില്ല. ഏതാനും വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞുവെങ്കിലും വിവാഹ പാര്‍ട്ടികളെയും മറ്റും തടഞ്ഞില്ല. യു.ഡി.എഫ് പ്രകടനത്തിന് എം.പി. ജാഫര്‍, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, ടി. റംസാന്‍, അഡ്വ. എന്‍.എ. ഖാലിദ്, എ. ഹമീദ് ഹാജി, കെ. മുഹമ്മദ് കുഞ്ഞി, ഇ.കെ.കെ. പടന്നക്കാട്, ടി. മുഹമ്മദ് കുഞ്ഞി, ഡി.വി. ബാലകൃഷ്ണന്‍, എം. കുഞ്ഞികൃഷ്ണന്‍, പ്രവീണ്‍ തോയമ്മല്‍, പി.പി. പ്രദീപ് കുമാര്‍, പത്മരാജന്‍ ഐങ്ങോത്ത് എന്നിവര്‍ നേതൃത്വം നല്‍കി. എൽ.ഡി.എഫ് പ്രകടനത്തിന് അഡ്വ. പി. അപ്പുക്കുട്ടൻ, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ. ദാമോദരൻ, ജ്യോതിബാസു, എം. കൃഷ്ണൻ, ബാബുരാജ്, കാറ്റാടി കുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി. യോഗത്തിൽ സി.പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ്മോഹൻ സ്വാഗതം പറഞ്ഞു.
Loading...
COMMENTS