Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:04 AM IST Updated On
date_range 24 May 2020 5:04 AM ISTനീലേശ്വരത്തെ പ്രാചീന കോട്ടയുടെ തെളിവുകളുമായി ഫ്രഞ്ച് ഗ്രന്ഥം
text_fieldsbookmark_border
നീലേശ്വരം: പുരാതന കാലത്ത് നീലേശ്വരത്ത് വിപുലവും പ്രൗഢവുമായ കോട്ടകൊത്തളങ്ങൾ ഉണ്ടായിരുന്നുവെന്ന പരാമർശങ്ങൾ 1771ൽ പ്രസിദ്ധീകരിച്ച ഫ്രഞ്ച് പുസ്തകത്തിൽ. കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്രാധ്യാപകനും ചരിത്ര ഗവേഷകനുമായ നന്ദകുമാർ കോറോത്താണ് പുസ്തകം കണ്ടെത്തിയത്. നീലേശ്വരത്തിൻെറ ചരിത്രഗ്രന്ഥ നിർമിതിയുടെ ഭാഗമായി നടത്തിയ നിരീക്ഷണങ്ങൾക്കിടെ, 1771ൽ ഫ്രഞ്ചിൽ ആൻക്വിറ്റിൽ ഡുപേറൻ എഴുതിയ സെൻത് അവസ്തയുടെ ആദ്യ യൂറോപ്യൻ പരിഭാഷ ഗ്രന്ഥത്തിലാണ് 13 പേജുകളിലായി നീലേശ്വരം കോട്ടയെക്കുറിച്ചുള്ള വിവരണങ്ങളുള്ളത്. സൊരാഷ്ട്രിയൻ മതവുമായും പേർഷ്യൻ സംസ്കാരവുമായും ബന്ധപ്പെട്ട സെൻത് അവസ്തയുടെ ഗ്രന്ഥത്തിൽ നീലേശ്വരത്തിനെക്കുറിച്ച് 13 പേജുകൾ നീക്കിവെച്ചത് നീലേശ്വരത്തിനുണ്ടായിരുന്ന പ്രാധാന്യത്തെയാണ് കാണിക്കുന്നത്. നെതർലൻഡ്സിലെ ദേശീയ ലൈബ്രറിയിൽ സംരക്ഷിച്ച ഗ്രന്ഥം 2013ൽ ഗൂഗ്ൾ ബുക്സ് ഡിജിറ്റലൈസ് ചെയ്തു. കാനറ, മലബാർ പ്രദേശങ്ങളെ നൂറ്റാണ്ടുകൾക്കുമുമ്പ് വേർതിരിച്ചിരുന്നത് നീലേശ്വരം കോട്ടയാണെന്നും അത് പുരാതന തുറമുഖ നഗരമായിരുന്നു എന്നുമുള്ള അറിവുകൾ വെച്ച് 1757 ഡിസംബർ മൂന്നിനാണ് ഗ്രന്ഥകാരൻ നീലേശ്വരം സന്ദർശിച്ചത്. മലബാറിലെ ഫ്രഞ്ചുകാരുടെ രണ്ടാമത്തെ കേന്ദ്രമായ രാമന്തളിയിൽ ഡിസംബർ രണ്ടിന് എത്തിച്ചേർന്ന അദ്ദേഹം അവിടത്തെ കോട്ടയെക്കുറിച്ചും സർക്കാർ കെട്ടിടത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. കാനറിയൻസിനെതിരെയുള്ള യുദ്ധത്തിൽ സഹായിക്കുന്നതിനായി അഴിത്തലയിൽ കോട്ട കെട്ടാൻ രാജാവ് ഫ്രഞ്ചുകാരെ അനുവദിച്ചതും 1000 സ്വർണ പഗോഡകൾ നൽകാത്തതിനാൽ നീലേശ്വരത്തെ കോട്ടയുടെ പകുതി ഭാഗം ഇക്കേരി നായ്ക്കന്മാർ കൈവശപ്പെടുത്തിയതും തുടർന്ന് നിസ്സഹായനായ കോലത്തിരി, രാമന്തളി കോട്ട ഫ്രഞ്ചുകാരെ ഏൽപിച്ചതും ആൻക്വിറ്റിൽ ഡുപേറൻ വിവരിക്കുന്നുണ്ട്. നീലേശ്വരത്തെ കോട്ട ശൃംഖലയുടെ വടക്കേയറ്റത്ത് എട്ട് നിരീക്ഷണ കേന്ദ്രങ്ങളോട് കൂടിയ മട്ടലായി കോട്ട കാനറീസിൽനിന്ന് 1752 ജനുവരി 23ന് ഫ്രഞ്ച് സൈന്യം പിടിച്ചടക്കി. മട്ടലായി കോട്ടപിടിച്ചാൽ നീലേശ്വരത്തിൻെറ അധികാരികൾ ആകാമെന്ന ചിന്തയിലാണ് ശക്തമായ ഏറ്റുമുട്ടലിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും കോട്ട പിടിച്ചടക്കിയത്. എങ്കിലും 1756 ജൂൺ 22ന് നീലേശ്വരത്തെ മൂന്നാംകൂർ രാജാവിൻെറ അനന്തിരവൻ അടിയോടി ഫ്രഞ്ച് സേനയെ പാലായിയിൽ പരാജയപ്പെടുത്തിയതായും അന്നവിടെ ഉപേക്ഷിച്ച ഫ്രഞ്ച് സൈന്യത്തിൻെറ പീരങ്കി അടിയോടി ഗ്രന്ഥകർത്താവിന് കൈമാറിയതായും ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു. ഏഴിമലയിൽ നിന്ന് മാടായി നദി വരെ നീണ്ടുകിടന്ന എട്ടുവർഷം കൊണ്ട് നിർമിച്ച മലബാർ എട്ടുകൂലോം കടൽക്കൊള്ളക്കാർ ആക്രമിച്ചതും നീലേശ്വരത്തിൻെറ വടക്കുകിഴക്ക് ഭാഗത്ത് ഏലമല ഉള്ള കാര്യവും ഗ്രന്ഥത്തിൽ വിശദമാക്കുന്നുണ്ട്. രാമന്തളിയിൽ നിന്നും പഴയ കപ്പൽ പാതയിലൂടെയാണ് നീലേശ്വരത്തേക്ക് യാത്രതിരിച്ചത്. രാമന്തളിയിൽ നിന്നുള്ള യാത്രയിൽ അഞ്ചാമത്തെ ദ്വീപിൻെറ എതിർ ഭാഗത്ത് മട്ടലായി കോട്ട കണ്ടതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. നീലേശ്വരത്തെ പ്രധാന കോട്ടക്ക് ചുറ്റിലുമായി 15 കോട്ടകൾ കെട്ടി സുരക്ഷ ഒരുക്കിയിരുന്നു. വടക്ക് കൊണ്ടിൻ കടവ്, വടക്കുകിഴക്ക് തിരിക്കുന്ന്, കുറച്ച് കിഴക്ക് ചാത്തോത്ത് മല, വീരമലൈ, നീയക്കുന്ന്, തെക്കുകിഴക്ക് മട്ടലായി, പള്ളിക്കുന്ന് എന്നിവിടങ്ങളിലെല്ലാം സുരക്ഷാകവാടങ്ങൾ ഉണ്ടായിരുന്നു. മലബാറിൻെറ പ്രാചീന അതിർത്തിയെക്കുറിച്ചും തുറമുഖ നഗരങ്ങളെക്കുറിച്ചും നീലേശ്വരത്തിൻെറ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം പുതിയ അറിവുകൾ നൽകുന്നതാണ് ഗ്രന്ഥം. വാണിജ്യ ഭൂപടത്തിലും സമ്പത്തിലും നീലേശ്വരത്തിനുള്ള പ്രാധാന്യമാണ് കോട്ട സമുച്ചയങ്ങൾ സൂചിപ്പിക്കുന്നത്. ഇതുകൊണ്ടാകാം നീലേശ്വരം രാജവംശ സ്ഥാപകൻ ആദ്യം ലഭിച്ച ചെറുകുന്ന് മുക്കാതം നാട് വേണ്ട, പകരം അള്ളടദേശം മതിയെന്ന് അഭിപ്രായപ്പെട്ടത്. പടം.. നന്ദകുമാർ കോറോത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story