Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപെരുന്നാളിൽ പിറന്നാൾ!...

പെരുന്നാളിൽ പിറന്നാൾ! കാസര്‍കോട് @36

text_fields
bookmark_border
കാസർകോട്: ചെറിയ പെരുന്നാൾ ദിനത്തിൽ വലിയ പിറന്നാൾ ആഘോഷിക്കുകയാണ് കാസർകോട് ജില്ല. 36ൻെറ നിറവിലാണ് ഇന്ന് കാസര്‍കോട്. 1984 മേയ് 24നായിരുന്നു ജില്ലയുടെ പിറവി. എയിംസിനായുള്ള മുറവിളിക്കിടയിലും ആരോഗ്യ മേഖലയില്‍ ലോകത്തിനുതന്നെ മാതൃകയായി മാറിയ കാസര്‍കോടന്‍ മാതൃകയും വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ ജില്ല കൈവരിച്ച നേട്ടങ്ങളിലൂടെയും ഒരു തിരനോട്ടം. വിദ്യാഭ്യാസ നേട്ടങ്ങള്‍ സപ്തഭാഷ സംഗമഭൂമിയില്‍ വിദ്യാഭ്യാസ മേഖലക്ക് കൃത്യമായ ഊന്നല്‍ നൽകിയ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലുടനീളം നടപ്പാക്കുന്നത്. സ്മാര്‍ട്ട് ക്ലാസ്‌റൂമുകളും മികച്ച സൗകര്യങ്ങളും ഇന്ന് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലുണ്ട്. മലയാളം, കന്നഡ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും കേന്ദ്രീയ വിദ്യാലയങ്ങളും പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയവും കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കുമ്പോള്‍ സാക്ഷരത മിഷൻെറ സജീവ പ്രവര്‍ത്തനങ്ങളിലൂടെ മുതിര്‍ന്നവരും അക്ഷരലോകത്തേക്ക് എത്തുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലും ജില്ല അതിവേഗം വളരുകയാണ്. കേന്ദ്ര സര്‍വകലാശാലയും ആയുര്‍വേദ മെഡിക്കല്‍ കോളജും എല്‍.ബി.എസ് എൻജിനീയറിങ് കോളജും കേരളത്തിൻെറ വിദ്യാഭ്യാസ ഭൂപടത്തില്‍ കാസര്‍കോടിന് ഇടം നല്‍കുന്നു. ഉത്തര കേരളത്തിൻെറ വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ അവസരങ്ങള്‍ നൽകുന്ന കേരള കേന്ദ്ര സര്‍വകലാശാലയും ജില്ലയിലാണ്. അഞ്ച് സര്‍ക്കാര്‍ കോളജുകളും മൂന്ന് എയ്ഡഡ് കോളജുകളുമാണുള്ളത്. പ്രഫഷനൽ കോളജുകള്‍ക്കും ജില്ലയില്‍ കുറവില്ല. ഐ.എച്ച്.ആര്‍.ഡി എല്‍.ബി.എസ് എൻജിനീയറിങ് കോളജുകള്‍, സ്വകാര്യ ഫാര്‍മസി കോളജുകള്‍, മൂന്ന് നഴ്‌സിങ് കോളജുകള്‍, രണ്ട് എം.ബി.എ പഠനകേന്ദ്രങ്ങള്‍, നാല് ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകള്‍, സെഞ്ച്വറി ഇൻറര്‍നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൻെറല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സൻെറര്‍, പി.എന്‍. പണിക്കര്‍ ആയുര്‍വേദ കോളജ് എന്നിങ്ങനെ പോകുന്നു ജില്ലയിലെ ഉന്നത വിദ്യാഭ്യാസത്തിൻെറ സാധ്യതകള്‍. കാസര്‍കോട്ടുകാരുടെ മെഡിക്കല്‍ പഠന സ്വപ്‌നങ്ങള്‍ക്ക് ചിറകുവിരിക്കുന്നതാണ് കാസര്‍കോട് മെഡിക്കല്‍ കോളജ്. ഇപ്പോള്‍ കോവിഡ് ചികിത്സയില്‍ താരമായ മെഡിക്കല്‍ കോളജ് പൂര്‍ണ സജ്ജമാകുന്നതോടെ ഗവ. മെഡിക്കല്‍ മേഖലയിലെ വിദ്യാഭ്യാസവും സ്വന്തം മണ്ണില്‍ ലഭിക്കും. ഓരോ തുള്ളിയും ചേര്‍ത്ത് കാസര്‍കോട്; വരാനിരിക്കുന്നത് ജലസമൃദ്ധിയുടെ നാളുകള്‍ കുടിവെള്ളക്ഷാമത്തെ ഓര്‍മകളിലേക്ക് തള്ളിവിടാനുള്ള ത്വരിത പരിപാടികളാണ് ജില്ലയില്‍ നടക്കുന്നത്. കേരളത്തില്‍ ഏറ്റവും അധികം നദികള്‍ ഒഴുകുന്ന കാസര്‍കോടിന് വേനല്‍ക്കാലത്തെ അഭിമുഖീകരിക്കുക എന്നത് വലിയ കടമ്പയായിരുന്നു. ശാസ്ത്രീയമായ ഇടപെടലുകളിലൂടെ ജില്ലയുടെ ഭൂഗര്‍ഭ ജല നിരക്ക് ഉയരുന്ന പ്രവര്‍ത്തനങ്ങളാണ് നാളിതുവരെയും കണ്ടത്. സംസ്ഥാന സര്‍ക്കാറിൻെറ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പുഴകളെ പുനരുജ്ജീവിപ്പിക്കാൻ 'ഇനി ഞാന്‍ ഒഴുകട്ടെ' എന്ന കാമ്പയിൻ നടത്തി. തെക്കേ ഇന്ത്യയില്‍ ഊട്ടിയില്‍ മാത്രം നിലവിലുള്ള റബര്‍ ചെക്ഡാം എന്ന ആശയവും കാസര്‍കോടിന് സ്വന്തം. ഫെബ്രുവരി രണ്ടാംവാരം മുതല്‍ കുടിവെള്ള ദൗര്‍ലഭ്യം അനുഭവിക്കുന്ന കാസര്‍കോടിന് ഏറെ ആശ്വാസമായിരുന്നു ഈ വര്‍ഷം. ആരോഗ്യ മേഖലക്ക് പുത്തനുണര്‍വ് കോവിഡ്, തുടക്കത്തിലേ സ്ഥിരീകരിച്ച ജില്ലകളിലൊന്നാണിവിടം‍. എല്ലാവരെയും ആശങ്കയിലാഴ്ത്തി നാള്‍ക്കുനാള്‍ വര്‍ധിച്ചു വന്ന കോവിഡ് രോഗികളുടെ എണ്ണം പൂജ്യംവരെയെത്തിച്ച് ലോകത്തിന് പ്രതീക്ഷയേകുന്ന കാസര്‍കോടന്‍ മാതൃകയായിരുന്നു മറുപടി! 2020 കാസര്‍കോട് ജില്ലയുടെ ആരോഗ്യ ഭൂപടത്തില്‍ വരുത്തിയ മാറ്റം വളരെ വലുതാണ്. തറക്കല്ലിട്ട് കാലങ്ങളോളം കിടന്ന കാസര്‍കോട് മെഡിക്കല്‍ കോളജ് യാഥാർഥ്യമായത് ഈ കോവിഡ് കാലത്ത്. എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളോട് ചേര്‍ന്നുകിടക്കുന്ന മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനമാരംഭിച്ചു. ആദ്യനാളുകളില്‍ കാഞ്ഞങ്ങാടും കാസർകോടും പ്രവര്‍ത്തിച്ചുവന്നിരുന്ന താലൂക്ക് ആശുപത്രികളിലും ചുരുക്കം ചില പഞ്ചായത്തുകളില്‍ മാത്രം ഉണ്ടായിരുന്ന ആരോഗ്യ കേന്ദ്രങ്ങളിലും ഒതുങ്ങിനിന്നിരുന്ന കാസര്‍കോടിൻെറ പൊതുജനാരോഗ്യ സംവിധാനം ഇന്ന് കുടുംബക്ഷേമ കേന്ദ്രതലം തൊട്ട് മെഡിക്കല്‍ കോളജ് വരെയുള്ള ശക്തമായ പൊതുജനാരോഗ്യ സംവിധാനമായി. 53ഓളം ആരോഗ്യ സ്ഥാപനങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നു. 2019ല്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രിക്ക് പ്രവര്‍ത്തന മികവിന് കായകല്‍പം അവാര്‍ഡ് ലഭിച്ചു. സംസ്ഥാനത്ത് ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ജില്ല ആശുപത്രിയാണ് കാസര്‍കോട്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻെറ നിയന്ത്രണത്തിലുള്ള പെരിയ സി.എച്ച്.സിക്കും കായകല്‍പം അവാര്‍ഡ് ലഭിച്ചിരുന്നു. സര്‍ക്കാറിൻെറ ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ മേഖലക്കാകെ പുതുജീവന്‍ ലഭിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കായുള്ള ദേശീയ ഗുണനിലവാര പരിശോധനയില്‍ 2019ല്‍ മൂന്നു സ്ഥാനങ്ങള്‍ നേടിയത് കാസര്‍കോട് ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആയിരുന്നു. കയ്യൂര്‍, കരിന്തളം, വലിയപറമ്പ് കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ഈ സ്ഥാപനങ്ങള്‍. കാസര്‍കോട് മെഡിക്കല്‍ കോളജ്: ഒരു ദേശത്തിൻെറ സ്വപ്‌നം കാസര്‍കോട് ജില്ല രൂപവത്കരിച്ച് 36 വര്‍ഷം തികയുമ്പോള്‍ കാലങ്ങളായി ഉന്നയിച്ചു വന്നിരുന്ന ഒരു ദേശത്തിൻെറ സ്വപ്‌നമാണ് അതിൻെറ പ്രവര്‍ത്തനപഥത്തിലേക്ക് കാലെടുത്തുെവച്ചിരിക്കുന്നത്. വിദഗ്ധ ചികിത്സക്ക് മംഗളൂരുവിെനയും മറ്റു സ്വകാര്യ ആശുപത്രികളെയും സമീപിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും പിന്നീട് അത് ശീലമാവുകയും ചെയ്ത കാസര്‍കോട്ടുകാര്‍ക്ക് ജില്ലയില്‍ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്നത് വിദൂരസ്വപ്‌നം മാത്രമായിരുന്നു. 2012 മാര്‍ച്ചില്‍ ഭരണാനുമതി ലഭിച്ച മെഡിക്കല്‍ കോളജിന് 2013 നവംബര്‍ 30നാണ് തറക്കല്ലിട്ടത്. പിന്നീട് വിവിധ കാരണങ്ങളാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോവുകയായിരുന്നു. നാല് നിലകളുള്ള അക്കാദമിക് ബ്ലോക്കിൻെറ നിര്‍മാണം കഴിഞ്ഞ ജനുവരിയിലാണ് പൂര്‍ത്തിയാക്കിയത്. ഇതിനായി കാസര്‍കോട് വികസന പാക്കേജില്‍ നിന്നും 30 കോടി രൂപ ചെലവഴിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ മിക്കതും പൂർത്തിയായി വരുന്നതിനിടയിലാണ് കോവിഡ് എത്തിയത്. ഉദ്ഘാടനമില്ല, നേരിട്ട് പ്രവര്‍ത്തനത്തിലേക്ക് കോവിഡ് പ്രതിസന്ധിക്കുമുമ്പ് മാര്‍ച്ച് 14ന് തന്നെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്യുന്നതിനായി ക്രമീകരണം നടത്തിയിരുന്നു. അതിനിടെ സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിക്കുകയും ഉദ്ഘാടന ചടങ്ങ് മാറ്റിവെക്കുകയുമായിരുന്നു. പിന്നീട് ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയൻെറ പ്രത്യേക നിര്‍ദേശ പ്രകാരം നാലു ദിവസത്തിനകം യുദ്ധകാലാടിസ്ഥാനത്തില്‍ കോവിഡ് ആശുപത്രിയായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു. ഔപചാരിക ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെ, നാടനുഭവിക്കുന്ന പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ നേരിട്ട് പ്രവര്‍ത്തന പഥത്തിലേക്കിറങ്ങുന്ന അപൂര്‍വതയുമായാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിച്ചത്. പുരോഗമിക്കുന്ന ആശുപത്രി ബ്ലോക്കിൻെറ ആദ്യഘട്ടം സെപ്റ്റംബറോടെ പൂര്‍ത്തിയാകുമെന്ന് ദേശീയ ആരോഗ്യ പദ്ധതി ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി ഘട്ടം കഴിഞ്ഞാല്‍ ജനറല്‍ ഒ.പി, പ്രത്യേക ഒ.പികള്‍ തുടങ്ങിയവ ആരംഭിക്കും. പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞാല്‍ മെഡിക്കല്‍ കോളജില്‍ വിദ്യാർഥി പ്രവേശനം നടത്താന്‍ സാധിക്കും. ഇതുവരെ 45 കോവിഡ് ബാധിതരെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതെന്നും നിലവില്‍ 20 പേര്‍ ചികിത്സ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍: കണ്ണീരൊപ്പാന്‍ 283 കോടിയിലധികം ചെലവഴിച്ചു ജില്ലയുടെ നാള്‍വഴികളില്‍ കശുവണ്ടിത്തോട്ടങ്ങളില്‍ പ്രയോഗിച്ചിരുന്ന ഒരു കീടനാശിനി ദുരന്തഓര്‍മയുടെ പ്രതീകമായത് കാസര്‍കോടിൻെറ ചരിത്രത്താളുകളിലെ ഹൃദയവേദനയായാണ് പരിണമിച്ചത്. അശാസ്ത്രീയമായി പ്രയോഗിച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനി വലിയൊരു വിഭാഗം ജനത്തെയാണ് ദുരിതത്തിലാക്കിയത്. പ്രതിസന്ധിയിലായ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞ ഫെബ്രുവരി വരെ സര്‍ക്കാര്‍ 281.36 കോടി രൂപയാണ് ചെലവഴിച്ചത്. നിലവില്‍ 6728 ദുരിതബാധിതരാണ് എന്‍ഡോസള്‍ഫാന്‍ പട്ടികയിലുള്ളത്. കിടപ്പുരോഗികള്‍ 371, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ 1499, ഭിന്നശേഷിക്കാര്‍ 1189, അര്‍ബുദരോഗികള്‍ 699, മറ്റുള്ളവര്‍ 2970 പേര്‍ എന്നിങ്ങനെ ഗ്രൂപ്പുകളായാണ് തരംതിരിച്ചിട്ടുള്ളത്. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രഭാകരന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ഒാരോന്നായി കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി കടലാസില്‍ മാത്രം ഒതുങ്ങിയിരുന്ന ദേശീയപാത വികസനം യാഥാര്‍ഥ്യമാകാന്‍ പോകുന്നു. ജൂണില്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകുന്നതോടെ തലപ്പാടി മുതല്‍ ചെങ്കള വരെയും പണി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ചെങ്കള നീലേശ്വരം റീച്ചില്‍ ദേശീയപാത വികസനത്തിനും അനുമതിയായിട്ടുണ്ട്. കോവിഡ് ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും കുറെ നല്ല പ്രതീക്ഷകളുമായാണ് ജില്ല 36ല്‍ നില്‍ക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story