എട്ടാം ക്ളാസുകാരി പ്രധാനമന്ത്രിക്കയച്ച കത്തില്‍ നടപടിക്ക് നിര്‍ദേശം

11:59 AM
03/01/2017

മംഗളൂരു: കര്‍ണാടക പുത്തൂരിനെയും കേരളത്തില്‍ പെര്‍ളയെയും ബന്ധിപ്പിക്കുന്ന പാതയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കനിവ് തേടി എട്ടാം ക്ളാസുകാരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് അനന്തരനടപടികള്‍ക്കായി ഗ്രാമത്തിലേക്ക് തിരിച്ചത്തെി. പുത്തൂര്‍ സെന്‍റ് വിക്ടേഴ്സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സി.എസ്. ശ്രവ്യ കഴിഞ്ഞ സെപ്റ്റംബറിലാണ് ഹിന്ദിയില്‍ കത്തയച്ചത്.
പുത്തൂരില്‍നിന്ന് സ്കൂളിലേക്ക് എട്ട് കിലോമീറ്റര്‍ യാത്രചെയ്യണം. എന്നാല്‍, പുത്തൂര്‍ ടൗണും പെര്‍ളയും ബന്ധിപ്പിക്കുന്ന റോഡില്‍ ദേവസ്യ-ചെല്ലട്ക്ക അഞ്ചു കി.മീറ്റര്‍ വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഈ ദൂരം താണ്ടാന്‍ ബസ് അരമണിക്കൂര്‍ സമയമെടുക്കുന്നു. ഇക്കാരണത്താല്‍ തനിക്കും ഈ ബസ് ആശ്രയിക്കുന്ന മറ്റു കുട്ടികള്‍ക്കും ആദ്യ പീരിയഡ് നഷ്ടമാവുന്നുവെന്നാണ് കത്തില്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസ് കത്ത് കര്‍ണാടക ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുത്തു. അവിടെനിന്ന് ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണര്‍ക്ക് കിട്ടി. ഡി.സി ഓഫിസില്‍നിന്ന് ജില്ല പഞ്ചായത്ത് കാര്യാലയത്തില്‍ ലഭിച്ച കത്ത് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന് കൈമാറാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

COMMENTS