ആയിഷ ഉമ്മയെ ഉദ്യോഗസ്ഥയാക്കി; ബി.പി.എല്‍ പട്ടികക്ക് പുറത്തുമായി

11:59 AM
03/01/2017

ബദിയടുക്ക: സ്കൂളില്‍ പോകാത്ത ആയിഷ ഉമ്മയെ സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് വിരമിച്ച സര്‍വിസ് പെന്‍ഷകാരിയാക്കിയപ്പോള്‍ ബി.പി.എല്‍ പട്ടികക്ക് പുറത്ത്. പുത്തിഗെ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പെടുന്ന അരിയപ്പാടി പൊയ്യക്കണ്ടത്തെ ആയിഷ (53)യെയാണ് സമ്പന്നരുടെ പട്ടികയിലേക്ക് തള്ളിയത്. പുതിയ റേഷന്‍ കാര്‍ഡിന്‍െറ അപേക്ഷയില്‍ മുന്‍ഗണനാ പട്ടിക വന്നതോടെ ആയിഷ പരിഗണനയില്‍ വന്നില്ല. മുന്‍ഗണനാ പട്ടികയുടെ എല്ലാ മാനദണ്ഡങ്ങളനുസരിച്ചും അര്‍ഹതയുള്ള ആയിഷ പഞ്ചായത്ത്തലത്തില്‍ നടന്ന പരിശോധനയില്‍ അപ്പീല്‍ അപേക്ഷയുമായി എത്തിയപ്പോഴാണ് സര്‍വിസ് പെന്‍ഷന്‍ എന്ന പേരില്‍ തിരസ്കരിച്ചത്. എന്നാല്‍, ഈ പരാതിയുമായി ആയിഷ കലക്ടറേറ്റിലും മഞ്ചേശ്വരം സപൈ്ള ഓഫിസിലും കയറിയിറങ്ങിയെങ്കിലും പരാതികള്‍ കേള്‍ക്കാന്‍പോലും ബന്ധപ്പെട്ട അധികൃതര്‍ തയാറായില്ല.
ഈ നിര്‍ധന കുടുംബത്തിന് ദുരിതകഥകള്‍ പറയാന്‍ ഏറെയുള്ളപ്പോഴാണ് ബി.പി.എല്ലില്‍നിന്നും പുറത്തായ ദുരിതം വന്നുചേര്‍ന്നത്. ഒരു മകള്‍ മാത്രമാണ് ആയിഷക്കുള്ളത്. ആയിഷ ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് നാടുവിട്ടു. പിന്നീട് അദ്ദേഹം മരിച്ച വിവരമാണ് അറിയുന്നത്. തുടര്‍ന്നുള്ള കാലം സഹായിക്കാന്‍ ആരുമില്ലാതെ കൂലിപ്പണിയെടുത്ത് മകളെ വളര്‍ത്തി. പ്രായവും അസുഖവും ഒന്നിച്ചത്തെിയതോടെ ഈ വൃദ്ധമാതാവിന് ജോലിക്ക് പോകാന്‍ പറ്റാത്ത സ്ഥിതി വന്നു. സര്‍ക്കാര്‍ നല്‍കുന്ന വിധവ പെന്‍ഷന്‍കൊണ്ട് ഉമ്മയും തുണയായ മകളും ജീവിതത്തിന്‍െറ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ പ്രയാസപ്പെടുമ്പോഴാണ് ഇല്ലാത്ത സര്‍വിസ് പെന്‍ഷന്‍ റേഷന്‍ കാര്‍ഡില്‍ വന്നുചേരുന്നത്. 17 സെന്‍റ് സ്ഥലത്ത് പഞ്ചായത്ത് നല്‍കിയ വീട്ടിലാണ് താമസം. സ്വന്തമായി കുടിവെള്ള സൗകര്യമോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഇവര്‍ക്കില്ല. 2013ല്‍ ഇവരുടെ റേഷന്‍ കാര്‍ഡ് പഞ്ചായത്ത് താല്‍ക്കാലിക മുന്‍ഗണനാ വിഭാഗത്തില്‍പെട്ടിരുന്നു. പുതിയ കാര്‍ഡിന്‍െറ അപേക്ഷയിലുള്ള മുന്‍ഗണനാ വിഭാഗത്തില്‍പെട്ടവര്‍ക്ക് സൗജന്യമായി റേഷന്‍ ലഭിച്ചതോടെ ആയിഷയുടെ ഏക ആശ്വാസവും ഇല്ലാതാവുകയാണ്. പിഴവ് തിരുത്താന്‍ ഏത് വാതിലാണ് മുട്ടേണ്ടതെന്ന ചോദ്യമാണ് ഇവരുടെ മുന്നിലുള്ളത്. സമയപരിധിക്കുള്ളില്‍ ശരിയാകുമോ എന്ന പ്രതീക്ഷയില്‍ കൊച്ചുവീട്ടില്‍ ഉമ്മയും മകളും പൊതുപ്രവര്‍ത്തകരുടെ സഹായം തേടുകയാണ്.

COMMENTS