പ്ളാസ്റ്റിക് കത്തിക്കുന്നതിനെതിരെ പരിസ്ഥിതിസമിതി സത്യഗ്രഹം

11:59 AM
03/01/2017

കാസര്‍കോട്: പ്ളാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യങ്ങള്‍ കത്തിക്കുന്നതും കുഴിച്ചുമൂടുന്നതും തടയുക, ഇക്കാര്യത്തില്‍ പഞ്ചായത്ത്-നഗരസഭ അധികൃതര്‍ തുടരുന്ന അലംഭാവം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ല പരിസ്ഥിതിസമിതി പ്രതിഷേധപ്രകടനവും സത്യഗ്രഹവും നടത്തി.
പരിസ്ഥിതിപ്രവര്‍ത്തകന്‍ പി.പി.കെ. പൊതുവാള്‍ ഉദ്ഘാടനംചെയ്തു. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് കത്തിക്കുന്നത് അര്‍ബുദംപോലുള്ള മാരകരോഗങ്ങളുടെ വ്യാപനത്തിനും വലിയതോതിലുള്ള അന്തരീക്ഷമലിനീകരണത്തിനും ജലം, മണ്ണ് എന്നിവ വിഷമയമാവുന്നതിനും കാരണമാവുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പുണ്ഡരീകാക്ഷ മുഖ്യപ്രഭാഷണം നടത്തി. പ്ളാസ്റ്റിക് മാലിന്യങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
നാരായണന്‍ പേരിയ, കെ. കുഞ്ഞിരാമന്‍, കെ.വി. കുമാരന്‍, ഉമ്മര്‍ തെരുവത്ത്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, പി. കൃഷ്ണന്‍ പുല്ലൂര്‍, വിജയന്‍ കോടോത്ത്, പി. വിജയന്‍, അഡ്വ. ഗോപി കോട്ടച്ചേരി, ജയന്‍ നീലേശ്വരം, ഗീത ജോണി, ടി.പി. അനുരാജ് എന്നിവര്‍ സംസാരിച്ചു. അഡ്വ. ടി.വി. രാജേന്ദ്രന്‍ സ്വാഗതവും ജിജു പടന്നക്കാട് നന്ദിയും പറഞ്ഞു.

COMMENTS