Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2016 11:17 AM GMT Updated On
date_range 2016-07-09T16:47:04+05:30തൃക്കരിപ്പൂരില്‍ എം.ആര്‍.സി. കൃഷ്ണന്‍െറ പേരില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം
text_fieldsതൃക്കരിപ്പൂര്‍: പഞ്ചായത്തില്‍ ഒരു സ്റ്റേഡിയം എന്ന നിര്‍ദിഷ്ട പദ്ധതിയില്‍ വലിയ കൊവ്വലില്‍ വിവിധോദ്ദേശ്യ ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നു. അന്തരിച്ച ഫുട്ബാളര്‍ എടാട്ടുമ്മലിലെ എം.ആര്‍.സി. കൃഷ്ണന്‍െറ പേരിലാണ് 40 കോടി ചെലവില്‍ സ്റ്റേഡിയം പണിയുക. കബഡി, ഷട്ടില്‍ ബാറ്റ്മിന്‍റന്‍, ഖോഖോ, ടെന്നിസ് തുടങ്ങിയ കളികള്‍ക്കാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സൗകര്യമൊരുക്കുക. സര്‍ക്കാറിന്‍െറ കന്നി ബജറ്റിലാണ് സ്റ്റേഡിയത്തിന് അനുമതി നല്‍കിയത്. നിലവില്‍ പണി പൂര്‍ത്തിയാക്കി കമ്പിവേലി കൊണ്ട് സുരക്ഷിതമാക്കിയ വലിയകൊവ്വല്‍ സിന്തറ്റിക് ഫുട്ബാള്‍ സ്റ്റേഡിയത്തിന്‍െറ പരിസരത്ത് തന്നെയാണ് പരിശീലനവും മത്സരങ്ങളും സംഘടിപ്പിക്കാന്‍ ഉതകുന്ന ആധുനിക സൗകര്യങ്ങള്‍ ഉള്ള സ്റ്റേഡിയം പണിയുകയെന്ന് എം. രാജഗോപാലന്‍ എം.എല്‍.എ അറിയിച്ചു. ഫുട്ബാളിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരു കായിക പ്രതിഭയായ എം.ആര്‍.സി എന്ന ടി.വി. കൃഷ്ണന്‍ ഒരു മരണാനന്തര ബഹുമതിയായാണ് തീരുമാനം. വിവരം അറിഞ്ഞ ഉടനത്തെന്നെ എം.ആര്‍.സി യുടെ എടാട്ടുമ്മലിലുള്ള വീട്ടിലേക്ക് വിളിച്ച് നിരവധി പേര്‍ അഭിനന്ദനം അറിയിച്ചു. കബഡി താരമായി കായിക രംഗത്ത് പ്രവേശിച്ച കൃഷ്ണന്‍ പ്രതിഭ കൊണ്ട് ഫുട്ബാളിലേക്ക് എത്തിപ്പെടുകയായിരുന്നു. എം.ആര്‍.സി വെല്ലിങ്ടണിന്‍െറ ഫോര്‍വേഡായും പ്രതിരോധ കാവല്‍ക്കാരനായും കളിക്കളം നിറഞ്ഞു. പട്ടാള ടീമിലായിരുന്നപ്പോള്‍ അവധിക്ക് നാട്ടില്‍ വന്ന അദ്ദേഹം കൂട്ടുകാരുമായി കബഡി കളിക്കുന്നതിനിടയില്‍ മുട്ടിനു പരിക്കേറ്റ് കളിക്കളം വിടുകയായിരുന്നു. തുടര്‍ന്നാണ് കോച്ചിന്‍െറ കുപ്പായമിട്ടത്. എടാട്ടുമ്മല്‍ സുഭാഷ് സ്പോര്‍ട്സ് ക്ളബിന്‍െറ കളിക്കാരെ പരിശീലിപ്പിച്ച് തുടങ്ങി. പിന്നീട് ജില്ലയിലെ അറിയപ്പെടുന്ന കോച്ചായി മാറി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി നൂറുകണക്കിന് ശിഷ്യര്‍ ഉണ്ട്. കൃഷ്ണന്‍െറ മകന്‍ സുരേഷ് ഈസ്റ്റ് ബംഗാളിന്‍െറ ക്യാപ്ടനായും ഇന്ത്യന്‍ ഫുട്ബാള്‍ ടീമിലും അംഗമായിരുന്നു. രണ്ടാമത്തെ മകന്‍ സുധീഷ് വാസ്കോ ഗോവക്ക് വേണ്ടിയാണ് ഇത്തവണ കരാര്‍ ഒപ്പിട്ടത്. ഭാര്യ: ജാനകി. മകള്‍: സുനില.
Next Story