Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2016 5:39 PM IST Updated On
date_range 4 Jan 2016 5:39 PM ISTഅവര്‍ വീണ്ടും തോണിയേറുന്നു നെടുവീര്‍പ്പോടെ...
text_fieldsbookmark_border
തൃക്കരിപ്പൂര്‍: നാലു കോടിയോളം ചെലവഴിച്ച് നിര്‍മിച്ച വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ മാടക്കാല്‍ തൂക്കുപാലം തകര്‍ന്നുവീണിട്ട് മൂന്നര വര്‍ഷം. 2013 ഏപ്രില്‍ 29ന് മന്ത്രി അടൂര്‍ പ്രകാശ് തുറന്നുകൊടുത്ത പാലം 60 ദിവസം തികക്കുന്ന ദിവസം കവ്വായിക്കായലില്‍ പതിക്കുകയായിരുന്നു. ഉച്ചനേരം ആയതിനാല്‍ ആളപായം ഉണ്ടായില്ല. പാലം വീണതോടെ നിര്‍മാതാക്കളായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ് (കെല്‍) ജില്ലാ ഭരണകൂടത്തിന്‍െറ സമ്മര്‍ദത്തിന് വഴങ്ങി മടക്കാല്‍ കടവില്‍ സൗജന്യ തോണിയാത്ര പ്രഖ്യാപിച്ചു. രണ്ടുമാസം കഴിഞ്ഞപ്പോള്‍ സൗജന്യ യാത്ര അവസാനിച്ചു. പണം കൊടുക്കാന്‍ ആളില്ലാതായതോടെ അക്കരെയിക്കരെ കടക്കാന്‍ ദ്വീപുവാസികള്‍ പത്തുരൂപ വീതം കടത്തുകൂലി കൊടുക്കുകയാണ്. അതിനിടെ ആക്ഷന്‍ കമ്മിറ്റികള്‍ ഉണ്ടായി. ജനരോഷം പിടിച്ചുനിര്‍ത്തുക എന്നതിലുപരി മറ്റൊരു ദൗത്യവും കമ്മിറ്റിക്ക് ഇല്ലാതെ പോയി. പിന്നീട് ദ്വീപുവാസികള്‍ ഒന്നടങ്കം വില്ളേജ് ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് കഞ്ഞിവെച്ചു. പൊതുവിഷയത്തില്‍ നിന്ന് മാറി രാഷ്ട്രീയം മേല്‍ക്കൈ നേടിയപ്പോള്‍ പ്രദേശവാസികള്‍ പെരുവഴിയിലായി. അതിനിടെ പഞ്ചായത്ത് ഭരണസമിതി കെലിന്‍െറ ആസ്ഥാനത്ത് പോയി ധര്‍ണ നടത്തി. എന്നാല്‍, പിന്നീടൊന്നും ഉണ്ടായില്ല. വിജിലന്‍സ് കേസിന്‍െറ അടിസ്ഥാനത്തില്‍ മന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം തിരുവനന്തപുരം എല്‍.ബി.എസ് സെന്‍റര്‍ വിശദ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പുതിയ തൂക്കുപാലം ആറുമാസത്തിനകം പണിയാമെന്ന് അധികൃതര്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതിനിടെ, പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് ജനറല്‍ മാനേജര്‍ കെ.എച്ച്. ഷാജി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം. സോമന്‍, അസി.മാനേജര്‍ ടി.കെ. മുരളീധരന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യണമെന്ന് വിജിലന്‍സ് ശിപാര്‍ശ ചെയ്തു. ഇവര്‍ക്ക് പുറമെ, വിരമിച്ച ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി.ടി. നാരായണ പിള്ളക്കെതിരെയും വിജിലന്‍സ് കേസെടുത്തിരുന്നു. കൃത്യവിലോപം കാണിച്ച് 3547632 രൂപ സര്‍ക്കാറിന് നഷ്ടം വരുത്തിയെന്നാണ് വിജിലന്‍സ് കണ്ടത്തെിയത്. തൂക്കുപാലം തകര്‍ച്ചയെ തുടര്‍ന്ന് നിര്‍ദിഷ്ട തെക്കേകാട് പടന്ന കടപ്പുറം തൂക്കുപാലത്തിന്‍െറ നിര്‍മാണം നിര്‍ത്തിവെക്കുകയുണ്ടായി. വിജിലന്‍സ് ഇന്‍സ്പെക്ടര്‍ പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്. കോഴിക്കോട് എന്‍ക്വയറി കമീഷന്‍ ആന്‍ഡ് സ്പെഷല്‍ ജഡ്ജ് കോടതിയില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. 2013 ജൂണ്‍ 27നാണ് പാലം തകര്‍ന്നത്. ഒൗദ്യോഗിക കൈമാറ്റത്തിനും അവസാന ബില്ല് മാറുന്നതിനും മുമ്പായിരുന്നു പതനം. റവന്യൂ ദുരന്ത നിവാരണ വകുപ്പിന് കീഴിലായിരുന്നു നിര്‍മാണം. 3.93 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. സംസ്ഥാനത്ത് ബോട്ടപകടങ്ങളില്‍പെട്ട് ഒട്ടേറെ സ്കൂള്‍ കുട്ടികള്‍ മരിക്കാനിടയായതിനെ തുടര്‍ന്ന് സ്കൂള്‍ കുട്ടികള്‍ കൂടുതല്‍ ആശ്രയിക്കുന്ന കടവുകളില്‍ തൂക്കുപാലം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതിനാലാണ് ഇവിടെ തൂക്കുപാലം സ്ഥാപിച്ചത്. ഒന്നര മീറ്റര്‍ വീതിയില്‍ 310 മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പാലം പണിതത്. വലിയപറമ്പ പഞ്ചായത്തിലെ തൃക്കരിപ്പൂര്‍ കടപ്പുറം, കന്നുവീട് കടപ്പുറം, ഉദിനൂര്‍ കടപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുടെ നിത്യജീവിതത്തിന്‍െറ പ്രാധാന ഭാഗമായി പാലം മാറി. തെക്കു ഭാഗം ഏഴിമല നാവിക അക്കാദമി അടക്കമുള്ള പ്രദേശവും വടക്ക് കവ്വായിക്കായലിന്‍െറ കാഴ്ചയും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഘടകങ്ങളായിരുന്നു. തൂക്കുപാലം രൂപകല്‍പന ചെയ്യുന്നതില്‍ വിദഗ്ധനായ കര്‍ണാടകയിലെ ഗിരീഷ് ഭരദ്വാജിന്‍െറ മാതൃകയാണ് പാലത്തിനായി അവലംബിച്ചത്. രൂപരേഖയില്‍ നിന്ന് ഒട്ടനവധി മാറ്റങ്ങളോടെയായിരുന്നു നിര്‍മാണം. തൂക്കുപാലം തകര്‍ന്നുവീണതിന് പകരമായി നടപ്പാലം നിര്‍മിക്കുന്നതിന് കെല്‍ അധികൃതര്‍ സന്നദ്ധത അറിയിച്ച് ജില്ലാ കലക്ടര്‍ക്ക് രൂപരേഖ കൈമാറിയിരുന്നു. മാടക്കാലില്‍ ഇനിയുമൊരു തൂക്കുപാലം ഉണ്ടാക്കുന്നതിനോട് പൊതുവേയുള്ള വിമുഖത കണക്കിലെടുത്താണ് ‘ലാറ്റിസ്’ മാതൃകയില്‍ നടപ്പാലം പണിയാമെന്ന് അറിയിച്ചിട്ടുള്ളതെന്ന് കെല്‍ മാനേജ്മെന്‍റ് പ്രതിനിധി ‘മാധ്യമ’ത്തോട് പറഞ്ഞു. ഒന്നര മീറ്റര്‍ വീതിയിലുള്ള നടപ്പാലമാണ് ആലോചനയിലുള്ളത്. ഏതാണ്ട് അഞ്ചുകോടി രൂപയാണ് ഇതിന്‍െറ ചെലവ് പ്രതീക്ഷിക്കുന്നത്. 2015 മേയ് പത്തിന് നല്‍കിയ രൂപരേഖ സംബന്ധിച്ച് പിന്നൊന്നും കേട്ടില്ല. ജനുവരി നാലിന് വീണ്ടും യോഗം ചേരുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story