Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2016 10:57 AM GMT Updated On
date_range 2016-04-06T16:27:19+05:30ഉദുമ ഇനി സംസ്ഥാന ശ്രദ്ധയില്‍
text_fieldsകാസര്‍കോട്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയപ്പോള്‍ സംസ്ഥാന ശ്രദ്ധനേടിയ മണ്ഡലം കാസര്‍കോട് ജില്ലയിലെ ഉദുമയായി. നിയമസഭ തെരഞ്ഞെടുപ്പില്‍ 1977ല്‍ കെ.ജി. മാരാര്‍ക്ക് സി.പി.എം പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ ഉദുമ പിന്നീട് ഒരിക്കലും തെരഞ്ഞെടുപ്പ് ഗോദയില്‍ ശ്രദ്ധ നേടിയിട്ടില്ല. മാരാറുടെ ആര്‍.എസ്.എസ് ബന്ധം കാരണം സി.പി.എമ്മിനെ ഇന്നും വേട്ടയാടുന്നതാണ് ആ പോരാട്ടം. ഇടതുമുന്നണിയില്‍ സമാനതകളില്ലാത്ത സവിശേഷ വ്യക്തിത്വത്തിനുടമയായ കെ. കുഞ്ഞിരാമനെതിരെ ഇത്തവണ വന്നത് കോണ്‍ഗ്രസിന്‍െറ പടക്കുതിരയായ കെ. സുധാകരനാണ്. ഇതോടെ നിശ്ശബ്ദമായി ജയിച്ചുകയറാമെന്ന കണക്കുകൂട്ടലുകള്‍ മാറ്റിവെച്ച് ഉദുമയിലേക്ക് പുതിയ പദ്ധതികള്‍ മാറ്റിപണിയേണ്ട അവസ്ഥയിലാണ് ഇടതുമുന്നണി. മുന്‍മന്ത്രി, പാര്‍ലമെന്‍റ് അംഗം, കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി, എല്ലാറ്റിനും പുറമെ കണ്ണൂര്‍ രാഷ്ട്രീയത്തിലെ യു.ഡി.എഫിന്‍െറ ഏക ഛത്രാധിപതി, താരമൂല്യമുള്ള അപൂര്‍വം കോണ്‍ഗ്രസ് നേതാക്കളിലൊരാള്‍... എന്നിങ്ങനെ സുധാകരന് വിശേഷണങ്ങള്‍ ഏറെ. 1977 മുതല്‍ 1987 വരെ എല്‍.ഡി.എഫ്, യു.ഡി.എഫ് കക്ഷികള്‍ക്കുവേണ്ടി മാറിമറിഞ്ഞ മണ്ഡലം സി.പി.എമ്മിന്‍െറ അധ്വാനഫലമായി 1991 മുതല്‍ കുത്തകയാക്കിമാറ്റി. അഞ്ച് തെരഞ്ഞെടുപ്പുകളിലും ഇടതുജയം ഉറപ്പാക്കിയതോടെ യു.ഡി.എഫ്് പൊരുതാന്‍ പറ്റിയ നേതാക്കളെ ഇറക്കാത്ത മണ്ഡലമായി ഉദുമ മാറി. ഇടതുമുന്നണിക്ക് വ്യക്തമായ രാഷ്ട്രീയ മേധാവിത്വമില്ളെന്ന് അവര്‍തന്നെ സമ്മതിക്കുന്ന മണ്ഡലം തെരഞ്ഞെടുപ്പുകാലത്തെ ചിട്ടയായ പ്രവര്‍ത്തനംകൊണ്ട് കൈപിടിയിലൊതുക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ടി. സിദ്ദീഖിന് സി.പി.എമ്മിലെ പി. കരുണാകരനേക്കാള്‍ 835 വോട്ട് കൂടുതല്‍ ലഭിച്ചതോടെ മികച്ച സ്ഥാനാര്‍ഥിയും ചിട്ടയായ പ്രവര്‍ത്തനവുമുണ്ടായാല്‍ ഉദുമ പിടിക്കാമെന്ന് യു.ഡി.എഫ് തിരിച്ചറിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ പി.കെ. ശ്രീമതിയോട് കണ്ണൂരില്‍ പരാജയപ്പെട്ട കെ. സുധാകരന് പാര്‍ട്ടിയില്‍ നേതൃപദവിയൊന്നുമുണ്ടായില്ല. പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലം ലക്ഷ്യമാക്കിയ സുധാകരന് രണ്ടുതവണ മത്സരിച്ചവരെ മാറ്റാനാവില്ളെന്ന കെ.പി.സി.സി തീരുമാനവും വിനയായി. ഈ സാഹചര്യത്തില്‍, ഉദുമയില്‍ എന്തുവില കൊടുത്തും ജയിക്കാനുള്ള മണ്ണൊരുക്കുകയായിരിക്കും സുധാകരന്‍ ചെയ്യുക. മറുവശത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ തരംഗവും കെ. കുഞ്ഞിരാമന്‍െറ ക്ളീന്‍ ഇമേജും സി.പി.എമ്മിന് ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍, കാടിളക്കിയുള്ള സുധാകരന്‍െറ വരവ് നേരിടാന്‍ നേരത്തേയൊരുക്കിയ പടച്ചട്ട പോരെന്ന് സി.പി.എം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനുള്ള ഒരുക്കം അവരും ആരംഭിച്ചതോടെ ഉദുമ കേരളം ഉറ്റുനോക്കുന്ന പോരാട്ടത്തിന് ഗോദയാവുകയാണ്.
Next Story